ന്യായാ. 9

9
അബീമേലെക്ക്
1അനന്തരം യെരുബ്ബാലിന്‍റെ മകനായ അബീമേലെക്ക് ശെഖേമിൽ തന്‍റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരോടും തന്‍റെ അമ്മയുടെ പിതൃഭവനമായ സർവ്വകുടുംബത്തോടും പറഞ്ഞത്: 2“യെരുബ്ബാലിന്‍റെ എഴുപത് പുത്രന്മാർ എല്ലാവരും ചേർന്നോ ഒരുത്തൻ തന്നെയോ നിങ്ങളെ ഭരിക്കുന്നത്, ഏതാകുന്നു നിങ്ങൾക്ക് നല്ലത്? ഞാൻ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്ന് ഓർത്തുകൊൾവിൻ എന്നു ശെഖേമിലെ സകലപൌരന്മാരോടും പറവിൻ.”
3അങ്ങനെ അവന്‍റെ അമ്മയുടെ സഹോദരന്മാർ ശെഖേമിലെ സകലപൌരന്മാരോടും ഈ വാക്കുകളൊക്കെയും അവനുവേണ്ടി സംസാരിച്ചപ്പോൾ, അവരുടെ ഹൃദയം അബീമേലെക്കിന് അനുകൂലമായി തിരിഞ്ഞു: “അവൻ നമ്മുടെ സഹോദരനല്ലോ” എന്നു അവർ പറഞ്ഞു. 4പിന്നെ അവർ ബാൽബെരീത്തിന്‍റെ ക്ഷേത്രത്തിൽനിന്ന് എഴുപത് വെള്ളിക്കാശ്#9:4 എഴുപത് വെള്ളിക്കാശ് 800 ഗ്രാം എടുത്ത് അവന് കൊടുത്തു; അതുകൊണ്ട് അബീമേലെക്ക് കലഹക്കാരും ബുദ്ധിശൂന്യരുമായ ആളുകളെ കൂലിക്ക് വാങ്ങി അവർക്ക് നായകനായ്തീർന്നു. 5പിന്നെ അവൻ ഒഫ്രയിൽ തന്‍റെ അപ്പന്‍റെ വീട്ടിൽ ചെന്നു യെരുബ്ബാലിന്‍റെ പുത്രന്മാരായി തന്‍റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേൽവെച്ച് കൊന്നു; എന്നാൽ യെരുബ്ബാലിന്‍റെ ഇളയമകനായ യോഥാം ഒളിവിൽ പോയതുകൊണ്ട് അവൻ മാത്രം ശേഷിച്ചു.
6അതിന്‍റെശേഷം ശെഖേമിലെയും ബേത് മില്ലോവിലേയും സകലപൌരന്മാരും ഒരുമിച്ചുകൂടി ശെഖേമിലെ തൂണിന്നരികെ, കരുവേലകത്തിനടുത്തുവച്ച് അബീമേലെക്കിനെ രാജാവാക്കി. 7ഇതിനെക്കുറിച്ച് യോഥാം അറിഞ്ഞപ്പോൾ, അവൻ ഗെരിസീംമലമുകളിൽ ചെന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞതെന്തെന്നാൽ: “ശെഖേംപൌരന്മാരേ, ദൈവം നിങ്ങൾക്ക് ചെവി തരേണ്ടതിന് നിങ്ങൾ എന്‍റെ വാക്ക് ശ്രദ്ധിപ്പിൻ 8ഒരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്ക് ഒരു രാജാവിനെ അഭിഷേകം ചെയ്‌വാൻ പോയി; അവ ഒലിവുവൃക്ഷത്തോട്: 'നീ ഞങ്ങൾക്ക് രാജാവായിരിക്ക' എന്നു പറഞ്ഞു.
9അതിന് ഒലിവുവൃക്ഷം: 'ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്‍റെ തൈലം ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ' എന്നു പറഞ്ഞു.
10പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോട്: 'നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക' എന്നു പറഞ്ഞു.
11അതിന് അത്തിവൃക്ഷം: 'എന്‍റെ മധുരമുള്ള വിശേഷപ്പെട്ട പഴവും ഉപേക്ഷിച്ച് വൃക്ഷങ്ങളുടെമേൽ ആടുവാൻ ഞാൻ പോകുമോ?' എന്നു പറഞ്ഞു.
12പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോട്: 'നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക' എന്നു പറഞ്ഞു.
13മുന്തിരിവള്ളി അവയോട്: 'ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്‍റെ മുന്തിരിരസം ഞാൻ ഉപേക്ഷിച്ച് വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ?' എന്നു പറഞ്ഞു.
14പിന്നെ വൃക്ഷങ്ങളെല്ലാം കൂടെ മുൾപടർപ്പിനോട്: 'നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക' എന്നു പറഞ്ഞു.
15മുൾപടർപ്പ് വൃക്ഷങ്ങളോട്: 'നിങ്ങൾ യഥാർത്ഥമായി എന്നെ നിങ്ങൾക്ക് രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്ന് എന്‍റെ നിഴലിൽ ആശ്രയിപ്പിൻ; അല്ലെങ്കിൽ മുൾപടർപ്പിൽനിന്ന് തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ' എന്നു പറഞ്ഞു.
16“നിങ്ങൾ ഇപ്പോൾ അബീമേലെക്കിനെ രാജാവാക്കിയത് വിശ്വസ്തമായും പരമാർത്ഥമായും ആയിരുന്നോ? നിങ്ങൾ യെരുബ്ബാലിനോടും അവന്‍റെ കുടുംബത്തോടും നന്മയാണോ ചെയ്തത്? അവൻ അർഹിക്കുന്നതിന് തക്കവണ്ണമോ നിങ്ങൾ അവനോട് പ്രവർത്തിച്ചിട്ടുള്ളത്? 17എന്‍റെ അപ്പൻ തന്‍റെ ജീവനെ ഗണ്യമാക്കാതെ നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്തു മിദ്യാന്‍റെ കയ്യിൽനിന്ന് നിങ്ങളെ രക്ഷിച്ചിരിക്കെ 18നിങ്ങൾ ഇന്ന് എന്‍റെ അപ്പന്‍റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റ് അവന്‍റെ പുത്രന്മാരായ എഴുപത് പേരെയും ഒരു കല്ലിന്മേൽവെച്ച് കൊല്ലുകയും അവന്‍റെ ദാസിയുടെ മകനായ അബീമേലെക്ക് നിങ്ങളുടെ സഹോദരൻ ആയിരിക്കകൊണ്ട് അവനെ ശെഖേംപൌരന്മാർക്ക് രാജാവാക്കുകയും ചെയ്തുവല്ലോ. 19ഇങ്ങനെ നിങ്ങൾ ഇന്ന് യെരുബ്ബാലിനോടും അവന്‍റെ കുടുംബത്തോടും ചെയ്തത് വിശ്വസ്തതയും പരമാർത്ഥതയും ആണെങ്കിൽ നിങ്ങൾ അബീമേലെക്കിലും അവൻ നിങ്ങളിലും സന്തോഷിക്കട്ടെ. 20അല്ലെങ്കിൽ അബീമേലെക്കിൽനിന്ന് തീ പുറപ്പെട്ടു ശെഖേമിലേയും ബേത് മില്ലൊവിലേയും പൗരന്മാരെയും, നിങ്ങളിൽനിന്ന് തീ പുറപ്പെട്ടു അവനെയും ദഹിപ്പിക്കട്ടെ.”
21ഇങ്ങനെ പറഞ്ഞിട്ട് യോഥാം ഓടിപ്പോയി ബേരിലേക്ക് ചെന്നു തന്‍റെ സഹോദരനായ അബീമേലെക്കിനെ പേടിച്ച് അവിടെ പാർത്തു.
22അബിമേലെക്ക് യിസ്രായേലിനെ മൂന്നു വർഷം ഭരിച്ചശേഷം 23ദൈവം അബീമേലെക്കിനും ശെഖേംപൌരന്മാർക്കും തമ്മിൽ ഭിന്നത വരുത്തി; ശെഖേംപൌരന്മാർ അബീമേലെക്കിനോട് വിശ്വാസവഞ്ചന കാണിക്കാൻ തുടങ്ങി. 24അങ്ങനെ യെരുബ്ബാലിന്റെ എഴുപത് പുത്രന്മാരോടും ചെയ്ത കുറ്റത്തിന് പ്രതികാരം വരികയും, അതിന്‍റെ ഫലം അവരെ കൊന്നവനായ അവരുടെ സഹോദരൻ അബീമേലെക്കും, അതിന് അവനെ സഹായിച്ച ശെഖേം പൌരന്മാരും അനുഭവിക്കുകയും ചെയ്തു. 25ശെഖേംപൌരന്മാർ മലമുകളിൽ അവന് വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവർ തങ്ങളുടെ സമീപത്തുകൂടി വഴിപോകുന്ന എല്ലാവരേയും കവർച്ച ചെയ്തു; ഇതിനെക്കുറിച്ച് അബീമേലെക്കിന് അറിവുകിട്ടി.
26അപ്പോൾ ഏബേദിന്‍റെ മകനായ ഗാലും അവന്‍റെ സഹോദരന്മാരും ശെഖേമിലേക്ക് വന്നു; ശെഖേംപൌരന്മാർ അവനെ വിശ്വസിച്ചു. 27അവർ വയലിൽ ചെന്നു തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ മുന്തിരിക്കുലകൾ അറുത്ത് ആഘോഷിച്ചു; തങ്ങളുടെ ദേവന്‍റെ ക്ഷേത്രത്തിൽ ചെന്നു, തിന്നുകുടിച്ച് അബീമേലെക്കിനെ ശപിച്ചു
28ഏബേദിന്‍റെ മകനായ ഗാല്‍ പറഞ്ഞത്: “അബീമേലെക്കിനെ നാം സേവിക്കേണ്ടതിന് അവൻ ആര്‍? ശെഖേം ആര്‍? അവൻ യെരുബ്ബാലിന്‍റെ മകനും സെബൂൽ അവന്‍റെ കാര്യസ്ഥനും അല്ലയോ? നാം അവനെ സേവിക്കുന്നത് എന്തിന്? ശെഖേമിന്‍റെ അപ്പനായ ഹാമോരിന്‍റെ ആളുകളെ സേവിക്കാം 29ഈ ജനം എന്‍റെ കൈക്കീഴായിരുന്നെങ്കിൽ ഞാൻ അബീമേലെക്കിനെ നീക്കിക്കളകയുമായിരുന്നു. പിന്നെ ഞാൻ അബീമേലെക്കിനോട്: നിന്‍റെ സൈന്യത്തെ വർദ്ധിപ്പിച്ച് പുറപ്പെട്ടു വരിക എന്നു പറകയും ചെയ്യുമായിരുന്നു.”
30ഏബേദിന്‍റെ മകനായ ഗാലിന്‍റെ വാക്കുകൾ നഗരാധിപനായ സെബൂൽ കേട്ടപ്പോൾ അവന്‍റെ കോപം ജ്വലിച്ചു. 31അവൻ രഹസ്യമായി അബീമേലെക്കിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ച്: “ഇതാ, ഏബേദിന്‍റെ മകനായ ഗാലും അവന്‍റെ സഹോദരന്മാരും ശെഖേമിൽ വന്നിരിക്കുന്നു; അവർ പട്ടണത്തെ നിനക്കെതിരായി ബലപ്പെടുത്തുന്നു. 32ആകയാൽ നീയും നിന്നോടുകൂടെയുള്ള ജനവും രാത്രിയിൽ പുറപ്പെട്ടു വയലിൽ പതിയിരിപ്പിൻ. 33രാവിലെ സൂര്യൻ ഉദിക്കുമ്പോൾ എഴുന്നേറ്റ് പട്ടണത്തെ ആക്രമിക്കുക; എന്നാൽ അവനും കൂടെയുള്ള ജനവും നിന്‍റെ നേരെ പുറപ്പെടുമ്പോൾ, തക്കം പോലെ അവരോടു പ്രവർത്തിക്കാം” എന്നു പറയിച്ചു.
34അങ്ങനെ അബീമേലെക്കും കൂടെയുള്ള ജനമൊക്കെയും രാത്രിയിൽ പുറപ്പെട്ടു ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു. 35ഏബേദിന്‍റെ മകൻ ഗാല്‍ പുറപ്പെട്ടു പട്ടണവാതിൽക്കൽ നിന്നപ്പോൾ അബീമേലെക്കും കൂടെ ഉള്ള ജനവും പതിയിരിപ്പിൽ നിന്ന് എഴുന്നേറ്റു. 36ഗാല്‍ ജനത്തെ കണ്ടപ്പോൾ: “അതാ, പർവ്വതങ്ങളുടെ മുകളിൽനിന്ന് ജനങ്ങൾ ഇറങ്ങിവരുന്നു” എന്നു സെബൂലിനോടു പറഞ്ഞു.
സെബൂൽ അവനോട്: “പർവ്വതങ്ങളുടെ നിഴൽ കണ്ടിട്ട് മനുഷ്യരെന്ന് നിനക്ക് തോന്നുന്നതാകുന്നു” എന്നു പറഞ്ഞു.
37ഗാല്‍ പിന്നെയും: “അതാ, ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരുകൂട്ടം ലക്ഷണവിദ്യക്കാരുടെ#9:37 ലക്ഷണവിദ്യക്കാരുടെ മെയോനെനിം കരുവേലകത്തിന്‍റെ സമീപത്തുകൂടി വരുന്നു” എന്നു പറഞ്ഞു.
38സെബൂൽ അവനോട്: “നാം അബീമേലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്ന് പറഞ്ഞ നിന്‍റെ വായ് ഇപ്പോൾ എവിടെ? ഇത് നീ പുച്ഛിച്ച ജനം അല്ലയോ? ഇപ്പോൾ പുറപ്പെട്ടു അവരോട് പൊരുതുക” എന്നു പറഞ്ഞു.
39അങ്ങനെ ഗാല്‍ ശെഖേം#9:39 ഗാല്‍ ശെഖേം ശെഖേം നേതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ അവന്‍ പുറത്തു വന്നു പൌരന്മാരെ നയിച്ച് അബീമേലെക്കിനോട് പടവെട്ടി. 40അബീമേലെക്കിന്‍റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു; പടിവാതിൽ വരെ അനേകർ മുറിവേറ്റ് വീണു. 41അബീമേലെക്ക് അരൂമയിൽ#9:41 അരൂമയിൽ ശെഖേമില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ ഉള്ള ഒരു പട്ടണം താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാർപ്പാൻ അനുവദിക്കാതെ അവരെ നീക്കിക്കളഞ്ഞു. 42പിറ്റെന്നാൾ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന് അതിനെക്കുറിച്ച് അറിവുകിട്ടിയപ്പോൾ, 43അവൻ തന്‍റെ ജനത്തെ കൂട്ടി മൂന്നായി ഭാഗിച്ചു വയലിൽ പതിയിരുന്നു. പട്ടണത്തിൽനിന്ന് ജനം പുറപ്പെട്ടുവരുന്നത് കണ്ടു അവരുടെ നേരെ ചെന്നു അവരെ ആക്രമിച്ചു. 44പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്ന് പട്ടണവാതിൽക്കൽ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്‍റെയും നേരെ പാഞ്ഞുചെന്ന് അവരെ സംഹരിച്ചു. 45അബീമേലെക്ക് ആ ദിവസം മുഴുവനും പട്ടണത്തോട് പടവെട്ടി, പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു, അതിൽ ഉപ്പ് വിതറി.
46ശെഖേംഗോപുരവാസികൾ എല്ലാവരും ഇത് കേട്ടപ്പോൾ ഏൽബെരീത്തിന്‍റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു. 47ശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന് അബീമേലെക്കിന് അറിവുകിട്ടി. 48അബീമേലെക്കും കൂടെയുള്ള ജനമൊക്കെയും സല്മോൻമലയിൽ കയറി; അബീമേലെക്ക് കോടാലി എടുത്ത് ഒരു മരക്കൊമ്പ് വെട്ടി ചുമലിൽ വെച്ചു, തന്‍റെ ജനത്തോട്: “ഞാൻ ചെയ്തത് നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‌വിൻ” എന്നു പറഞ്ഞു. 49ജനമെല്ലാം അതുപോലെ ഓരോരുത്തൻ ഓരോ കൊമ്പ് വെട്ടി അബീമേലെക്കിന്‍റെ പിന്നാലെ ചെന്നു മണ്ഡപത്തിന്നരികെ ഇട്ടു തീ കൊടുത്തു, മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരംപേർ മരിച്ചുപോയി.
50അനന്തരം അബീമേലെക്ക് തേബെസിലേക്ക് ചെന്നു തേബെസിന് വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു. 51പട്ടണത്തിന്നകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്ക് സകലപുരുഷന്മാരും സ്ത്രീകളും, പട്ടണത്തിലുള്ളവർ ഒക്കെയും ഓടിക്കടന്ന് വാതിൽ അടെച്ച് ഗോപുരത്തിന്‍റെ മുകളിൽ കയറി. 52അബീമേലെക്ക് ഗോപുരത്തിന്നരികെ എത്തി അതിനെ ആക്രമിച്ചു; അതിന് തീ കൊടുത്ത് ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിന്നടുത്ത് ചെന്നു. 53അപ്പോൾ ഒരു സ്ത്രീ തിരികല്ലിന്‍റെ പിള്ള അബീമേലെക്കിന്‍റെ തലയിൽ ഇട്ടു അവന്‍റെ തലയോട് തകർത്തുകളഞ്ഞു.
54ഉടനെ അവൻ തന്‍റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ച്: “ഒരു സ്ത്രീ എന്നെ കൊന്നു എന്ന് പറയാതിരിക്കേണ്ടതിന് നിന്‍റെ വാൾ ഊരി എന്നെ കൊല്ലുക” എന്നു അവനോട് പറഞ്ഞു. അവന്‍റെ ബാല്യക്കാരൻ അവനെ കുത്തി, അങ്ങനെ അവൻ മരിച്ചു. 55അബീമേലെക്ക് മരിച്ചുപോയി എന്ന് കണ്ടപ്പോൾ യിസ്രായേല്യർ താന്താങ്ങളുടെ സ്ഥലത്തേയ്ക്ക് മടങ്ങിപ്പോയി.
56അബീമേലെക്ക് തന്‍റെ എഴുപത് സഹോദരന്മാരെ കൊന്നതിനാൽ തന്‍റെ അപ്പനോട് ചെയ്ത ദുഷ്ടതയ്ക്ക് ദൈവം ഇങ്ങനെ പകരം നൽകി. 57ശെഖേംനിവാസികളുടെ സകല ദുഷ്ടതകൾക്കുമുള്ള അനുഭവം ദൈവം അവർക്ക് തിരികെ നൽകി. അങ്ങനെ യെരുബ്ബാലിന്‍റെ മകനായ യോഥാമിന്‍റെ ശാപം അവരുടെ മേൽ വന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ന്യായാ. 9: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക