യിരെ. 22
22
ദുഷ്ടരാജാക്കന്മാർക്കുള്ള ശിക്ഷ
1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെഹൂദാരാജാവിന്‍റെ അരമനയിൽ ചെന്നു, അവിടെ ഈ വചനം പ്രസ്താവിക്കുക: 2“ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും, നിന്‍റെ ഭൃത്യന്മാരും, ഈ വാതിലുകളിൽകൂടി കടക്കുന്ന നിന്‍റെ ജനവും യഹോവയുടെ വചനം കേട്ടുകൊള്ളുവിൻ! 3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ നീതിയും ന്യായവും നടത്തി, കവർച്ചയ്ക്ക് ഇരയായവനെ പീഡകന്‍റെ കൈയിൽനിന്ന് വിടുവിക്കുവിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാല്‍ക്കാരവും ചെയ്യരുത്; ഈ സ്ഥലത്ത് കുറ്റമില്ലാത്ത രക്തം ചൊരിയുകയുമരുത്. 4നിങ്ങൾ ഈ വചനം അനുഷ്ഠിച്ചാൽ ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽകൂടി കടക്കും. 5ഈ വചനം കേട്ടനുസരിക്കുകയില്ലെങ്കിലോ, ഈ അരമന ശൂന്യമായിപ്പോകുമെന്ന് ഞാൻ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു” എന്നു യഹോവയുടെ അരുളപ്പാടു. 6യെഹൂദാരാജാവിന്‍റെ അരമനയോട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നീ എനിക്കു ഗിലെയാദിനെപ്പോലെയും
ലെബാനോന്‍റെ ശിഖരംപോലെയും ആകുന്നു;
എങ്കിലും ഞാൻ നിന്നെ ഒരു മരുഭൂമിയും
നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.
7ഞാൻ ആയുധപാണികളായ സംഹാരകന്മാരെ
നിന്‍റെനേരെ ഒരുക്കും;
അവർ നിന്‍റെ വിശിഷ്ടദേവദാരുക്കളെ
വെട്ടി തീയിൽ ഇട്ടുകളയും.
8അനേകം ജനതകളും ഈ നഗരംവഴി കടന്നുപോകുമ്പോൾ ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോട്: ‘ഈ മഹാനഗരത്തോട് യഹോവ ഇങ്ങനെ ചെയ്തതെന്ത്’ എന്നു ചോദിക്കുകയും 9‘അവർ അവരുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ച് അന്യദേവന്മാരെ നമസ്കരിച്ച് സേവിച്ചതുകൊണ്ടു തന്നെ’ എന്നുത്തരം പറയുകയും ചെയ്യും.
10മരിച്ചവനെക്കുറിച്ചു കരയണ്ടാ,
അവനെക്കുറിച്ചു വിലപിക്കുകയും വേണ്ടാ;
നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നെ കരയുവിൻ;
അവൻ മടങ്ങിവരുകയില്ല;
ജന്മദേശം ഇനി കാണുകയുമില്ല.
11തന്‍റെ അപ്പനായ യോശീയാവിനു പകരം വാണശേഷം ഈ സ്ഥലം വിട്ടുപോയവനായ യോശീയാവിന്‍റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഇവിടേക്ക് മടങ്ങിവരുകയില്ല. 12അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തുവച്ചു തന്നെ അവൻ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയുമില്ല.
യെഹോയാക്കീമിനെക്കുറിച്ചുള്ള സന്ദേശം
13നീതികേടുകൊണ്ട് അരമനയും
അന്യായം കൊണ്ടു മാളികയും പണിത്,
കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ച്
കൂലി കൊടുക്കാതിരിക്കുകയും
14‘ഞാൻ വിസ്താരമുള്ള അരമനയും
വിശാലമായ മാളികയും പണിയും’ എന്നു പറഞ്ഞ്
കിളിവാതിലുകൾ വീതിയിൽ തീർക്കുകയും
ദേവദാരുകൊണ്ടു തട്ടിടുകയും
ചുവപ്പുചായംകൊണ്ടു മോടി പിടിപ്പിക്കുകയും
ചെയ്യുന്നവന് അയ്യോ കഷ്ടം!
15ദേവദാരുകൊണ്ടു മികച്ചവൻ ആകുവാൻ ശ്രമിക്കുന്നതുകൊണ്ട്
നീ രാജാവായിത്തീരുമോ?
നിന്‍റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ച്
നീതിയും ന്യായവും നടത്തിയിരുന്നില്ലയോ?
അത് അവന് നന്മയായിത്തീർന്നു.
16അവൻ എളിയവനും ദരിദ്രനും ന്യായം പാലിച്ചുകൊടുത്തു;
അതിനാൽ അവന് നന്മ ഭവിച്ചു;
ഇതല്ലയോ എന്നെ അറിയുക എന്നുള്ളത്?”
എന്നു യഹോവയുടെ അരുളപ്പാടു.
17“എന്നാൽ നിന്‍റെ കണ്ണും മനസ്സും,
അത്യാഗ്രഹത്തിനും, കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും,
പീഡനവും സാഹസവും ചെയ്യുന്നതിനും
അല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല.
18അതുകൊണ്ട് യഹോവ യോശീയാവിന്‍റെ മകനായി യെഹൂദാ രാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു:
അവനെക്കുറിച്ച് അവർ: “അയ്യോ സഹോദരാ, അയ്യോ സഹോദരീ” എന്നു ചൊല്ലി വിലപിക്കുകയില്ല;
അവനെക്കുറിച്ച്: “അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ” എന്നു ചൊല്ലി വിലപിക്കുകയുമില്ല.
19യെരൂശലേമിന്‍റെ പടിവാതിലുകൾക്കു പുറത്ത് അവനെ വലിച്ചെറിഞ്ഞ്
ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.
20ലെബാനോനിൽ കയറിച്ചെന്നു നിലവിളിക്കുക;
ബാശാനിൽനിന്നു നിന്‍റെ ശബ്ദം ഉയർത്തുക;
അബാരീമിൽനിന്നു നിലവിളിക്കുക;
നിന്‍റെ സകലസ്നേഹിതന്മാരും തകർന്നുകിടക്കുന്നുവല്ലോ.
21നിന്‍റെ ശുഭകാലത്തു ഞാൻ നിന്നോട് സംസാരിച്ചു;
നീയോ: ‘ഞാൻ കേൾക്കുകയില്ല’ എന്നു പറഞ്ഞു;
എന്‍റെ വാക്ക് അനുസരിക്കാതിരിക്കുന്നതായിരുന്നു
ബാല്യംമുതൽ നിനക്കുള്ള ശീലം.
22നിന്നെ മേയിക്കുന്നവരെ എല്ലാം കൊടുങ്കാറ്റു പറപ്പിക്കും;
നിന്‍റെ സ്നേഹിതന്മാർ പ്രവാസത്തിലേക്കു പോകും.
അപ്പോൾ നീ നിന്‍റെ സകലദുഷ്ടതയും നിമിത്തം
ലജ്ജിച്ച് അമ്പരന്നുപോകും.
23ദേവദാരുക്കളിൽ കൂടുവച്ച് ലെബാനോനിൽ വസിക്കുന്നവളേ,
നിനക്കു വ്യസനവും, പ്രസവവേദന കിട്ടിയവളെപ്പോലെ
വേദനയും ഉണ്ടാകുമ്പോൾ നീ എത്ര ഞരങ്ങും!
24എന്നാണ, യെഹോയാക്കീമിന്‍റെ മകനായി യെഹൂദാ രാജാവായ കൊന്യാവ് എന്‍റെ വലങ്കൈക്ക് ഒരു മുദ്രമോതിരം ആയിരുന്നാലും ഞാൻ നിന്നെ ഊരിയെറിഞ്ഞുകളയും” എന്നു യഹോവയുടെ അരുളപ്പാടു. 25നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും നീ ഭയപ്പെടുന്നവരുടെ കൈയിലും ഞാൻ നിന്നെ ഏല്പിക്കും; ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും കൽദയരുടെ കൈയിലും തന്നെ. 26നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങൾ ജനിച്ചതല്ലാത്ത അന്യദേശത്തേക്കു ഞാൻ തള്ളിക്കളയും; അവിടെവച്ചു നിങ്ങൾ മരിക്കും. 27അവർ മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന ദേശത്തേക്ക് അവർ മടങ്ങിവരുകയില്ല.
28കൊന്യാവ് എന്ന ഈ ആൾ, ‘സാരമില്ല’ എന്നുവച്ച് ഉടച്ചുകളഞ്ഞ ഒരു കലമോ?
ആർക്കും ഇഷ്ടമില്ലാത്ത പാത്രമോ?
അവനെയും അവന്‍റെ സന്തതിയെയും ത്യജിച്ച്,
അവർ അറിയാത്ത ദേശത്തേക്ക് തള്ളിക്കളയുവാൻ കാരണം എന്ത്?
29ദേശമേ, ദേശമേ, ദേശമേ,
യഹോവയുടെ വചനം കേൾക്കുക!
30“ഈ ആളിനെ ‘മക്കളില്ലാത്തവൻ’ എന്നും
‘ആയുഷ്കാലത്ത് ഒരിക്കലും ശുഭംവരാത്തവൻ’ എന്നും എഴുതുവിൻ;
അവന്‍റെ സന്തതിയിൽ യാതൊരുത്തനും
ഇനി ദാവീദിന്‍റെ സിംഹാസനത്തിൽ ഇരുന്ന്,
യെഹൂദായിൽ വാഴുവാൻ ഐശ്വര്യം പ്രാപിക്കുകയില്ല”
എന്നു യഹോവ അരുളിച്ചെയ്യുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യിരെ. 22: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.