യിരെ. 29
29
പ്രവാസിക്കുള്ള യിരെമ്യാവിൻ്റെ കത്ത്
1യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദായിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടുപോയ ശേഷം, 2പ്രവാസികളിൽ ശേഷിപ്പുള്ള മൂപ്പന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയിരുന്ന സകലജനത്തിനും 3യെഹൂദാ രാജാവായ സിദെക്കീയാവ് ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ അടുക്കൽ ബാബേലിലേക്ക് അയച്ച ശാഫാന്‍റെ മകനായ എലാസയുടെയും ഹില്ക്കീയാവിന്‍റെ മകനായ ഗെമര്യാവിൻ്റെയും കൈവശം യിരെമ്യാപ്രവാചകൻ യെരൂശലേമിൽനിന്ന് കൊടുത്തയച്ച ലേഖനത്തിലെ വിവരം എന്തെന്നാൽ:
4യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താൻ യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലപ്രവാസികളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: 5നിങ്ങൾ വീടുകൾ പണിതു പാർക്കുവിൻ; തോട്ടങ്ങൾ ഉണ്ടാക്കി ഫലം അനുഭവിക്കുവിൻ. 6ഭാര്യമാരെ സ്വീകരിച്ച് പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുവിൻ; നിങ്ങൾ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന് പുത്രന്മാർക്കു ഭാര്യമാരെ എടുക്കുകയും പുത്രിമാരെ പുരുഷന്മാർക്കു കൊടുക്കുകയും ചെയ്യുവിൻ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ. 7ഞാൻ നിങ്ങളെ പ്രവാസികളായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്‍റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർത്ഥിക്കുവിൻ; അതിന് നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും. 8യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുത്; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ ശ്രദ്ധിക്കുകയുമരുത്. 9അവർ എന്‍റെ നാമത്തിൽ നിങ്ങളോട് വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.
10യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിലെ എഴുപത് വര്‍ഷം തികഞ്ഞശേഷം, ഞാൻ നിങ്ങളെ സന്ദർശിച്ച് ഈ സ്ഥലത്തേക്ക് മടക്കിവരുത്തുമെന്ന് നിങ്ങളോടുള്ള എന്‍റെ വചനം നിവർത്തിക്കും. 11നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം എനിക്ക് നിങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങൾ എന്തെല്ലാമെന്ന് ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല, നന്മയ്ക്കുള്ളവയത്രേ എന്നു യഹോവയുടെ അരുളപ്പാടു. 12നിങ്ങൾ എന്നോട് അപേക്ഷിച്ച് എന്‍റെ സന്നിധിയിൽ വന്നു പ്രാർത്ഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയും ചെയ്യും 13നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. 14നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ജനതകളിൽനിന്നും എല്ലായിടങ്ങളിൽ നിന്നും നിങ്ങളെ ശേഖരിച്ച് നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്ക് തന്നെ മടക്കിവരുത്തും“ എന്നു യഹോവയുടെ അരുളപ്പാട്.
15“യഹോവ ഞങ്ങൾക്ക് ബാബേലിൽ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു” എന്നു നിങ്ങൾ പറയുന്നുവല്ലോ. 16ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ പാർക്കുന്ന സകലജനത്തെക്കുറിച്ചും നിങ്ങളോടുകൂടി പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. 17അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ വാളും ക്ഷാമവും മഹാമാരിയും അയച്ച്, അവരെ എത്രയും മോശമായതും തിന്നുകൂടാത്തവണ്ണം ചീത്തയും ആയ അത്തിപ്പഴത്തിനു സമമാക്കും. 18ഞാൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും അവരെ വേട്ടയാടി, ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും ഭയഹേതുവും, ഞാൻ അവരെ നീക്കിക്കളഞ്ഞ സകലജനതകളുടെയും ഇടയിൽ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും. 19പ്രവാചകന്മാരായ എന്‍റെ ദാസന്മാർ മുഖാന്തരം ഞാൻ പറഞ്ഞയച്ച വചനങ്ങൾ അവർ കേൾക്കായ്കകൊണ്ടു തന്നെ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങൾ കേട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.
20അതുകൊണ്ട് ഞാൻ യെരൂശലേമിൽനിന്ന് ബാബേലിലേക്ക് അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുവിൻ! 21എന്‍റെ നാമത്തിൽ നിങ്ങളോട് വ്യാജം പ്രവചിക്കുന്ന കോലായാവിന്‍റെ മകൻ ആഹാബിനെക്കുറിച്ചും, മയസേയാവിന്‍റെ മകൻ സിദെക്കിയാവിനെക്കുറിച്ചും, യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കയ്യിൽ ഏല്പിക്കും; നിങ്ങൾ കാൺകെ അവൻ അവരെ കൊന്നുകളയും. 22“ബാബേൽരാജാവ് തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവിനെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ” എന്നു ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലി പറയും. 23അവർ യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ച് അവരുടെ കൂട്ടുകാരുടെ ഭാര്യമാരോട് വ്യഭിചാരം ചെയ്യുകയും ഞാൻ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്‍റെ നാമത്തിൽ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു; ഞാൻ അത് അറിയുന്നു; സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്.
ശെമയ്യാവിനുള്ള സന്ദേശം
24നെഹെലാമ്യനായ ശെമയ്യാവിനോട് നീ പറയേണ്ടത്: 25യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെരൂശലേമിലെ സകലജനത്തിനും മയസേയാവിന്‍റെ മകനായ സെഫന്യാപുരോഹിതനും സകലപുരോഹിതന്മാർക്കും നിന്‍റെ പേരുവച്ച് അയച്ച എഴുത്തുകളിൽ: 26നിങ്ങൾ യഹോവയുടെ ആലയത്തിൽ ഭ്രാന്തുപിടിച്ച് പ്രവചിക്കുന്ന ഏതു മനുഷ്യനെയും പിടിച്ച് ആമത്തിലും വിലങ്ങിലും ഇടേണ്ടതിന് യഹോവ നിന്നെ യെഹോയാദാപുരോഹിതനു പകരം പുരോഹിതനാക്കിയിരിക്കുന്നു. 27ആകയാൽ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവിനെ നീ ശാസിക്കാതെ ഇരിക്കുന്നതെന്ത്? 28അതുകൊണ്ടല്ലയോ അവൻ ബാബേലിൽ ഞങ്ങൾക്ക് ആളയച്ച്: “ഈ പ്രവാസം ദീർഘം ആയിരിക്കും; നിങ്ങൾ വീടുകൾ പണിതു താമസിക്കുവിൻ; തോട്ടങ്ങൾ ഉണ്ടാക്കി ഫലം അനുഭവിക്കുവിൻ” എന്നു പറയിച്ചത്? എന്നു പ്രസ്താവിച്ചുവല്ലോ.
29ഈ എഴുത്ത് സെഫന്യാപുരോഹിതൻ യിരെമ്യാപ്രവാചകൻ കേൾക്കെ വായിച്ചിരുന്നു. 30അപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിനുണ്ടായതെന്തെന്നാൽ: 31“നീ സകലപ്രവാസികൾക്കും ആളയച്ച്, നെഹെലാമ്യനായ ശെമയ്യാവിനെക്കുറിച്ച് പറയിക്കേണ്ടത്; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശെമയ്യാവിനെ ഞാൻ അയക്കാതെ ഇരുന്നിട്ടും അവൻ നിങ്ങളോടു പ്രവചിച്ച് നിങ്ങളെ വ്യാജത്തിൽ ആശ്രയിക്കുമാറാക്കിയതുകൊണ്ട് 32യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നെഹെലാമ്യനായ ശെമയ്യാവിനെയും അവന്‍റെ സന്തതിയെയും സന്ദർശിക്കും; ഈ ജനത്തിന്‍റെ മദ്ധ്യത്തിൽ പാർക്കുവാൻ അവന് ആരും ഉണ്ടാകുകയില്ല; എന്‍റെ ജനത്തിനു ഞാൻ വരുത്തുവാനിരിക്കുന്ന നന്മ അവൻ അനുഭവിക്കുകയുമില്ല; അവൻ യഹോവയ്ക്കു വിരോധമായി ദ്രോഹം സംസാരിച്ചുവല്ലോ“ എന്നു യഹോവയുടെ അരുളപ്പാട്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യിരെ. 29: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.