യിരെ. 36
36
ബാരൂക്ക് ചുരുൾ വായിക്കുന്നു
1യോശീയാവിന്റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്ന് യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി: 2“നീ ഒരു പുസ്തകച്ചുരുൾ വാങ്ങി ഞാൻ യോശീയാവിന്റെ കാലത്ത് നിന്നോട് സംസാരിച്ചുതുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദായെയും സകലജനതകളെയുംകുറിച്ച് ഞാൻ നിന്നോട് അരുളിച്ചെയ്ത വചനങ്ങളെല്ലാം അതിൽ എഴുതുക. 3ഒരുപക്ഷേ, യെഹൂദാഗൃഹം ഞാൻ അവർക്ക് വരുത്തുവാൻ പോകുന്ന സകല അനർത്ഥത്തെയും കുറിച്ചു കേട്ടിട്ടു ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിക്കുവാനും ഇടവരും.”
4അങ്ങനെ യിരെമ്യാവ് നേര്യാവിൻ്റെ മകൻ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്ത സകലവചനങ്ങളും അവന്റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി. 5യിരെമ്യാവ് ബാരൂക്കിനോടു കല്പിച്ചത്: “ഞാൻ തടവിലാക്കപ്പെട്ടിരിക്കുന്നു; എനിക്ക് യഹോവയുടെ ആലയത്തിൽ പോകുവാൻ കഴിവില്ല. 6ആകയാൽ നീ ചെന്നു എന്റെ വാമൊഴികേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേൾക്കെ വായിക്കുക; അതത് പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദയും കേൾക്കെ നീ അത് വായിക്കേണം. 7ഒരുപക്ഷേ അവർ യഹോവയുടെ മുമ്പിൽ വീണ് അപേക്ഷിച്ചുകൊണ്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതാണല്ലോ.”
8യിരെമ്യാപ്രവാചകൻ തന്നോട് കല്പിച്ചതുപോലെയെല്ലാം നേര്യാവിൻ്റെ മകനായ ബാരൂക്ക് ചെയ്തു; യഹോവയുടെ ആലയത്തിൽവച്ച് ആ പുസ്തകത്തിൽനിന്ന് യഹോവയുടെ വചനങ്ങൾ വായിച്ചു കേൾപ്പിച്ചു. 9യോശീയാവിന്റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകലജനത്തിനും യെഹൂദാപട്ടണങ്ങളിൽ നിന്ന് യെരൂശലേമിൽ വന്ന സകലജനത്തിനും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി, 10അപ്പോൾ ബാരൂക്ക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയ വാതിലിന്റെ പ്രവേശനത്തിങ്കൽ, മുകളിലെ മുറ്റത്ത്, രായസക്കാരനായ ശാഫാന്റെ മകൻ ഗെമര്യാവിൻ്റെ മുറിയിൽ വച്ചു ആ പുസ്തകത്തിൽനിന്ന് യിരെമ്യാവിന്റെ വചനങ്ങൾ സകലജനത്തെയും വായിച്ചു കേൾപ്പിച്ചു.
11ശാഫാന്റെ മകനായ ഗെമര്യാവിൻ്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളെല്ലാം പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോൾ 12അവൻ രാജഗൃഹത്തിൽ രായസക്കാരൻ്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അക്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നെ. 13ബാരൂക്ക് ജനത്തെ പുസ്തകം വായിച്ചുകേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളെല്ലാം മീഖായാവ് അവരോടു പ്രസ്താവിച്ചു. 14അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശേലെമ്യാവിന്റെ മകനായ നെഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: “നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ടു വരിക” എന്നു പറയിച്ചു; അങ്ങനെ നേര്യാവിൻ്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ടു അവരുടെ അടുക്കൽ വന്നു. 15അവർ അവനോട്: “ഇവിടെ ഇരുന്ന് അത് വായിച്ചുകേൾപ്പിക്കുക” എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചു കേൾപ്പിച്ചു.
16ആ വചനങ്ങളെല്ലാം കേട്ടപ്പോൾ അവർ ഭയപ്പെട്ട് തമ്മിൽതമ്മിൽ നോക്കി, ബാരൂക്കിനോട്: “ഈ വചനങ്ങളെല്ലാം ഞങ്ങൾ രാജാവിനെ അറിയിക്കും” എന്നു പറഞ്ഞു. 17“നീ ഈ വചനങ്ങളെല്ലാം എങ്ങനെയാകുന്നു എഴുതിയത്? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറയുക” എന്നു അവർ ബാരൂക്കിനോടു ചോദിച്ചു. 18ബാരൂക്ക് അവരോട്: “അവൻ ഈ വചനങ്ങളെല്ലാം പറഞ്ഞുതന്നു; ഞാൻ മഷികൊണ്ട് പുസ്തകത്തിൽ എഴുതി” എന്നുത്തരം പറഞ്ഞു.
19അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോട്: “പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊള്ളുക; നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്” എന്നു പറഞ്ഞു. 20അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വച്ചശേഷം, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു ആ വചനങ്ങളെല്ലാം രാജാവിനെ ബോധിപ്പിച്ചു.
യെഹോയാക്കീം തുകൽച്ചുരുൾ കത്തിക്കുന്നു
21രാജാവ് ചുരുൾ എടുത്തുകൊണ്ടു വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്ന് അതെടുത്തു കൊണ്ടുവന്നു; യെഹൂദി അത് രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു. 22ഒമ്പതാം മാസത്തിലെ ആ ദിവസം രാജാവ് ഹേമന്തഗൃഹത്തിൽ ഇരിക്കുകയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു. 23യെഹൂദി മൂന്നു നാലു ഭാഗം വായിച്ചുകഴിഞ്ഞപ്പോൾ രാജാവ് എഴുത്തുകാരൻ്റെ ഒരു കത്തികൊണ്ട് അത് മുറിച്ച് ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു. 24രാജാവോ, ആ വചനങ്ങളെല്ലാം കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമോ, ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല. 25“ചുരുൾ ചുട്ടുകളയരുതേ” എന്നു എൽനാഥാനും ദെലായാവും ഗെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല.
26അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിക്കുവാൻ രാജാവ് രാജകുമാരനായ#36:26 രാജകുമാരനായ രാജകുടുംബത്തില് ഒരുവനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവിനോടും അബ്ദേലിൻ്റെ മകനായ ശെലെമ്യാവിനോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു.
27ചുരുളും ബാരൂക്ക് യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവ് ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാടു യിരെമ്യാവിനുണ്ടായി: 28“നീ മറ്റൊരു ചുരുൾ വാങ്ങി യെഹൂദാ രാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന സകലവചനങ്ങളും അതിൽ എഴുതുക. 29എന്നാൽ യെഹൂദാ രാജാവായ യെഹോയാക്കീമിനോട് നീ പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേൽരാജാവ് വന്ന് ഈ ദേശത്തെ നശിപ്പിച്ച്, മനുഷ്യനെയും മൃഗത്തെയും നശിപ്പിച്ചുകളയും എന്നു നീ അതിൽ എഴുതിയത് എന്തിന്’ എന്നു പറഞ്ഞ് നീ ആ ചുരുൾ ചുട്ടുകളഞ്ഞുവല്ലോ. 30അതുകൊണ്ട് യെഹൂദാ രാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവന് ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ഒരുത്തനും ഉണ്ടാവുകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്ക്കുവാൻ എറിഞ്ഞുകളയും. 31ഞാൻ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിക്കും; അവർക്കും യെരൂശലേം നിവാസികൾക്കും യെഹൂദാപുരുഷന്മാർക്കും വരുത്തുമെന്ന് ഞാൻ വിധിച്ചതും അവർ ശ്രദ്ധിക്കാത്തതുമായ സകല അനർത്ഥങ്ങളും ഞാൻ അവർക്ക് വരുത്തും.”
32അങ്ങനെ യിരെമ്യാവ് മറ്റൊരു ചുരുൾ എടുത്ത് നേര്യാവിൻ്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരൻ്റെ കയ്യിൽ കൊടുത്തു; അവൻ യെഹൂദാ രാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളെല്ലാം യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള അനേകം വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യിരെ. 36: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.