യിരെ. 38
38
യിരെമ്യാവ് പൊട്ടക്കിണറ്റിൽ
1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കൽദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്റെ ജീവൻ അവന് കൊള്ള കിട്ടിയതുപോലെ ആയിരിക്കും; അവൻ ജീവനോടിരിക്കും” എന്നും യഹോവ അരുളിച്ചെയ്യുന്നു. 2“ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും; അവൻ അതിനെ പിടിക്കും” എന്നും 3യിരെമ്യാവ് സകലജനത്തോടും പ്രസ്താവിച്ച വചനങ്ങൾ മത്ഥാൻ്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശേലെമ്യാവിന്റെ മകനായ യൂഖലും മല്ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ടു.
4പ്രഭുക്കന്മാർ രാജാവിനോട്: “ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിനും ഇങ്ങനെയുള്ള വാക്കു പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയേണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ ആഗ്രഹിക്കുന്നത്” എന്നു പറഞ്ഞു.
5സിദെക്കീയാരാജാവ്: “ഇതാ, അവൻ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്ക് വിരോധമായി ഒന്നും ചെയ്യുവാൻ രാജാവിനു കഴിവില്ലല്ലോ” എന്നു പറഞ്ഞു.
6അവർ യിരെമ്യാവിനെ പിടിച്ച് കാവൽപ്പുരമുറ്റത്ത് രാജകുമാരനായ മല്ക്കീയാവിന്റെ കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവിനെ ഇറക്കിയത്; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവ് ചെളിയിൽ താണു.
7അവർ യിരെമ്യാവിനെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്-മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവ് ബെന്യാമീൻവാതില്ക്കൽ ഇരിക്കുകയായിരുന്നു. 8ഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്ന് ഇറങ്ങിച്ചെന്നു രാജാവിനോട് ഇപ്രകാരം സംസാരിച്ചു: 9“യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണി കിടന്നു മരിച്ചുപോകും” എന്നു പറഞ്ഞു.
10രാജാവ് കൂശ്യനായ ഏബെദ്-മേലെക്കിനോട്: “നീ ഇവിടെനിന്ന് മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്ന്, യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ് അവനെ കുഴിയിൽനിന്നു കയറ്റിക്കൊള്ളുക” എന്നു കല്പിച്ചു.
11അങ്ങനെ ഏബെദ്-മേലെക്ക് ആളുകളെ കൂട്ടിക്കൊണ്ട് രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴിൽ ചെന്നു, അവിടെനിന്നു പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും എടുത്ത് കുഴിയിൽ യിരെമ്യാവിനു കയറുവഴി ഇറക്കിക്കൊടുത്തു. 12കൂശ്യനായ ഏബെദ്-മേലെക്ക് യിരെമ്യാവിനോട്: “ഈ പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും നിന്റെ കക്ഷങ്ങളിൽ വച്ചു അതിന് പുറമെ കയറിട്ടുകൊള്ളുക” എന്നു പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു. 13അവർ യിരെമ്യാവിനെ കയറുകൊണ്ട് കുഴിയിൽ നിന്നു വലിച്ചുകയറ്റി; യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.
14അതിന്റെശേഷം സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി. രാജാവ് യിരെമ്യാവിനോട്: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവയ്ക്കരുത്” എന്നു കല്പിച്ചു.
15അതിന് യിരെമ്യാവ് സിദെക്കീയാവിനോട്: “ഞാൻ അത് ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരാലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കുകയില്ലല്ലോ” എന്നു പറഞ്ഞു.
16സിദെക്കീയാരാജാവ്: “ഈ പ്രാണൻ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കുകയുമില്ല” എന്നു യിരെമ്യാവിനോട് രഹസ്യമായി സത്യംചെയ്തു.
17അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട്: “യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും. 18നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലുന്നില്ല എങ്കിൽ ഈ നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീവച്ചു ചുട്ടുകളയും; നീ അവരുടെ കൈയിൽനിന്ന് രക്ഷപെടുകയുമില്ല” എന്നു പറഞ്ഞു.
19സിദെക്കീയാരാജാവ് യിരെമ്യാവിനോട്: “കൽദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കുകയും അവർ എന്നെ അപമാനിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു” എന്നു പറഞ്ഞു.
20അതിന് യിരെമ്യാവ് പറഞ്ഞത്: “അവർ നിന്നെ ഏല്പിക്കുകയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു ശുഭമായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും. 21പുറത്തു ചെല്ലുവാൻ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടു ഇതാണ്: 22യെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്ത് ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ച് തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു” എന്നു അവർ പറയും.
23നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്ത് കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കൈയിൽനിന്ന് രക്ഷപെടാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിനു നീ കാരണക്കാരനാകും.”
24സിദെക്കീയാവ് യിരെമ്യാവിനോട് പറഞ്ഞത്: “ഈ കാര്യം ആരും അറിയരുത്: എന്നാൽ നീ മരിക്കുകയില്ല. 25ഞാൻ നിന്നോട് സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ടു നിന്റെ അടുക്കൽവന്ന്: ‘നീ രാജാവിനോട് എന്ത് സംസാരിച്ചു? ഞങ്ങളോടു പറയുക; ഒന്നും മറച്ചുവയ്ക്കരുത്; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോട് എന്ത് സംസാരിച്ചു’ എന്നിങ്ങനെ ചോദിച്ചാൽ, 26നീ അവരോട്: ‘യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയക്കരുതേ എന്നു ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കുകയായിരുന്നു’ എന്നു പറയേണം.” 27സകലപ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽവന്ന് അവനോട് ചോദിച്ചപ്പോൾ അവൻ, രാജാവ് കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; രാജാവുമായുള്ള സംഭാഷണം ആരും കേട്ടിരുന്നില്ല; അതുകൊണ്ട് അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി. 28യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവ് കാവൽപ്പുരമുറ്റത്തു താമസിച്ചു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യിരെ. 38: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.