യിരെ. 9
9
1അയ്യോ, എന്‍റെ ജനത്തിന്‍റെ പുത്രിയുടെ ഘാതകന്മാർനിമിത്തം
രാവും പകലും കരയേണ്ടതിന് എന്‍റെ തല വെള്ളവും
എന്‍റെ കണ്ണ് കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു!
2അയ്യോ, എന്‍റെ ജനത്തെ വിട്ടു പോകേണ്ടതിന്
മരുഭൂമിയിൽ വഴിയാത്രക്കാർക്കുള്ള ഒരു സത്രം
എനിക്ക് കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു!
അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലയോ?
3“അവർ വ്യാജത്തിനായി നാവ് വില്ലുപോലെ കുലക്കുന്നു;
അവർ സത്യത്തിനായിട്ടല്ല ദേശത്ത് വീര്യം കാണിക്കുന്നത്;
അവർ ഒരു ദോഷം വിട്ട് മറ്റൊരു ദോഷത്തിന് പുറപ്പെടുന്നു;
അവർ എന്നെ അറിയുന്നില്ല” എന്നു യഹോവയുടെ അരുളപ്പാടു.
4നിങ്ങൾ ഓരോരുത്തനും അവനവന്‍റെ അയല്‍ക്കാരനെ #9:4 അയല്‍ക്കാരനെ സൂക്ഷിച്ചുകൊള്ളുവിൻ;
ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുത്;
ഓരോ സഹോദരനും ഉപായം പ്രവർത്തിക്കുന്നു;
ഓരോ കൂട്ടുകാരനും നുണപറഞ്ഞു നടക്കുന്നു.
5അവർ ഓരോരുത്തനും അവനവന്‍റെ കൂട്ടുകാരനെ ചതിക്കും;
സത്യം സംസാരിക്കുകയുമില്ല;
വ്യാജം സംസാരിക്കുവാൻ അവർ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു;
നീതികേട് പ്രവർത്തിക്കുവാൻ അവർ അദ്ധ്വാനിക്കുന്നു.
6നിന്‍റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു;
വഞ്ചനനിമിത്തം അവർ എന്നെ അറിയുവാൻ വിസമ്മതിക്കുന്നു”
എന്നു യഹോവയുടെ അരുളപ്പാടു.
7അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ ഞാൻ അവരെ ഉരുക്കി ശോധനകഴിക്കും;
എന്‍റെ ജനത്തിന്‍റെ പുത്രിക്കു വേണ്ടി
എനിക്ക് മറ്റെന്തു ചെയ്യുവാൻ സാധിക്കും?
8അവരുടെ നാവ് മരണകരമായ അസ്ത്രമാകുന്നു;
അത് വഞ്ചന സംസാരിക്കുന്നു;
വായ്കൊണ്ട് ഓരോരുത്തനും അവനവന്‍റെ കൂട്ടുകാരനോട് സമാധാനം സംസാരിക്കുന്നു;
എന്നാൽ ഹൃദയത്തിൽ അവനായി പതിയിരിക്കുന്നു.
9ഇവ നിമിത്തം ഞാൻ അവരെ സന്ദർശിക്കാതെ ഇരിക്കുമോ?
ഇങ്ങനെയുള്ള ജനതയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ”
എന്നു യഹോവയുടെ അരുളപ്പാടു.
10“പർവ്വതങ്ങളെക്കുറിച്ചു ഞാൻ കരച്ചിലും വിലാപവും
മരുഭൂമിയിലെ മേച്ചിൽപുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും;
ആരും വഴിപോകാത്തവണ്ണം അവ വെന്തുപോയിരിക്കുന്നു;
കന്നുകാലികളുടെ ശബ്ദം കേൾക്കുന്നില്ല;
ആകാശത്തിലെ പക്ഷികളും മൃഗങ്ങളും
എല്ലാം അവിടം വിട്ടു പോയിരിക്കുന്നു.
11ഞാൻ യെരൂശലേമിനെ കൽക്കുന്നുകളും
കുറുനരികളുടെ പാർപ്പിടവും ആക്കും;
ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതെയാകുംവിധം
ശൂന്യമാക്കിക്കളയും.
12ഇതു ഗ്രഹിക്കുവാൻ തക്ക ജ്ഞാനമുള്ളവൻ ആര്‍? അത് പ്രസ്താവിക്കുവാൻ തക്കവണ്ണം യഹോവയുടെ വായ് ആരോട് അരുളിച്ചെയ്തു? ആരും വഴിപോകാത്തവിധം ദേശം നശിച്ച് മരുഭൂമിപോലെ വെന്തുപോകുവാൻ സംഗതി എന്ത്?” 13യഹോവ അരുളിച്ചെയ്യുന്നത്: “ഞാൻ അവരുടെ മുമ്പിൽ വച്ച ന്യായപ്രമാണം അവർ ഉപേക്ഷിച്ച് എന്‍റെ വാക്കു കേൾക്കുകയോ അത് അനുസരിച്ചു നടക്കുകയോ ചെയ്യാതെ 14അവരുടെ ഹൃദയത്തിന്‍റെ ശാഠ്യത്തെയും അവരുടെ പൂര്‍വ്വ പിതാക്കന്മാർ അവരെ അഭ്യസിപ്പിച്ച ബാല്‍ വിഗ്രഹങ്ങളെയും അനുസരിച്ചുനടന്നു.” അതുകൊണ്ട് 15യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തെ കാഞ്ഞിരം#9:15 കാഞ്ഞിരം കൈപ്പുള്ള ഫലം ഉണ്ടാകുന്ന വൃക്ഷംകൊണ്ടു പോഷിപ്പിച്ച് നഞ്ചുവെള്ളം കുടിപ്പിക്കും. 16അവരും അവരുടെ പൂര്‍വ്വ പിതാക്കന്മാരും അറിയാത്ത ജനതകളുടെ ഇടയിൽ ഞാൻ അവരെ ചിതറിച്ച്, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയയ്ക്കും.”
സഹായത്തിനായി നിലവിളിക്കുന്നു
17സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങൾ ചിന്തിച്ചു വിലപിക്കുന്ന സ്ത്രീകളെ വിളിച്ചു വരുത്തുവിൻ;
സാമർത്ഥ്യമുള്ള സ്ത്രീകളെ ആളയച്ച് വരുത്തുവിൻ.
18നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകത്തക്കവിധവും
നമ്മുടെ കൺപോളയിൽനിന്നു വെള്ളം കവിഞ്ഞൊഴുകത്തക്കവിധവും
അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.
19സീയോനിൽനിന്ന് ഒരു വിലാപം കേൾക്കുന്നു;
“നാം എത്ര ശൂന്യമായിരിക്കുന്നു;
നാം അത്യന്തം നാണിച്ചിരിക്കുന്നു;
നാം ദേശം വിട്ടുപോയല്ലോ;
നമ്മുടെ നിവാസങ്ങൾ അവർ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.
20എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുവിൻ;
നിങ്ങളുടെ ചെവി അവിടുത്തെ വായിലെ വചനം ശ്രദ്ധിക്കട്ടെ;
നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോ സ്ത്രീയും
അവളുടെ കൂട്ടുകാരിയെ പ്രലാപവും അഭ്യസിപ്പിക്കുവിൻ.
21വിശാലസ്ഥലത്തുനിന്നു കുഞ്ഞുങ്ങളെയും
വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്
മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി
നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.
22മനുഷ്യരുടെ ശവങ്ങൾ വയലിലെ ചാണകംപോലെയും,
കൊയ്ത്തുകാരൻ്റെ പിന്നിലെ കതിർമണിപോലെയും വീഴും;
ആരും അവയെ കൂട്ടിച്ചേർക്കുകയില്ല
എന്നു യഹോവയുടെ അരുളപ്പാടു” എന്നു പറയുക.
23യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്‍റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്‍റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തന്‍റെ ധനത്തിലും പ്രശംസിക്കരുത്. 24പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലയോ എനിക്ക് പ്രസാദമുള്ളത്” എന്നു യഹോവയുടെ അരുളപ്പാടു.
25ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുഭൂനിവാസികൾ എന്നിങ്ങനെ അഗ്രചർമ്മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിക്കുവാനുള്ള കാലം വരുന്നു. 26സകലജനതകളും അഗ്രചർമ്മികളല്ലയോ? എന്നാൽ യിസ്രായേൽഗൃഹം മുഴുവനും ഹൃദയകാഠിന്യമുള്ളവരാകുന്നു#9:26 ഹൃദയകാഠിന്യമുള്ളവരാകുന്നു ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു” എന്നു യഹോവയുടെ അരുളപ്പാടു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യിരെ. 9: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.