യോഹ. 18
18
യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നു
1ഇതു പറഞ്ഞിട്ട് യേശു തന്റെ ശിഷ്യന്മാരുമായി കിദ്രോൻ താഴ്വരയുടെ അക്കരയ്ക്ക് പോയി. അവിടെ ഒരു ഒലിവുതോട്ടം ഉണ്ടായിരുന്നു; അതിൽ അവനും അവന്റെ ശിഷ്യന്മാരും കടന്നു. 2യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ അവിടെ പോയിരുന്നതുകൊണ്ട് അവനെ ഒറ്റിക്കൊടുക്കാനുള്ളവനായ യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു. 3അങ്ങനെ യൂദാ പടയാളികളെയും മുഖ്യപുരോഹിതന്മാരിൽനിന്നും പരീശന്മാരിൽനിന്നും വന്ന ചേവകരെയും കൂട്ടിക്കൊണ്ട് വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
4തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു ചെന്നു: നിങ്ങൾ ആരെ തിരയുന്നു? എന്നു അവരോട് ചോദിച്ചു.
5“നസറായനായ യേശുവിനെ” എന്നു അവർ ഉത്തരം പറഞ്ഞു.
യേശു അവരോട്: “ഞാൻ ആകുന്നു” എന്നു പറഞ്ഞു; അവനെ കാണിച്ചു കൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. 6“ഞാൻ ആകുന്നു” എന്നു അവരോട് പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.
7 നിങ്ങൾ ആരെ തിരയുന്നു? എന്നു അവൻ പിന്നെയും അവരോട് ചോദിച്ചു.
അതിന് അവർ വീണ്ടും: “നസറായനായ യേശുവിനെ” എന്നു പറഞ്ഞു.
8 “അവൻ ഞാൻ ആകുന്നു” എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു. 9‘നീ എനിക്ക് തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല’ എന്നു അവൻ പറഞ്ഞവാക്ക് നിവൃത്തിയാകുവാൻ വേണ്ടിയായിരുന്നു ഇത്.
10അപ്പോൾ ശിമോൻ പത്രൊസ് തനിക്കുണ്ടായിരുന്ന വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലതുകാത് അറുത്തുകളഞ്ഞു; ആ ദാസന് മല്ക്കൊസ് എന്നു പേർ.
11യേശു പത്രൊസിനോട്: വാൾ തിരികെ ഉറയിൽ ഇടുക; പിതാവ് എനിക്ക് തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ? എന്നു ചോദിച്ചു.
12പടയാളികളും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി 13അവർ അവനെ ആദ്യം ഹന്നാവിൻ്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാവിൻ്റെ അമ്മാവിയപ്പൻ ആയിരുന്നു. 14കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നല്ലത് എന്നു യെഹൂദന്മാരോട് ആലോചന പറഞ്ഞവൻ തന്നെ.
പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു
15ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന് പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്ത് കടന്നു. 16എന്നാൽ പത്രൊസ് വാതില്ക്കൽ പുറത്തുതന്നെ നില്ക്കുകയായിരുന്നു. അതുകൊണ്ട് മഹാപുരോഹിതന് പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തു വന്നു വാതില്കാവല്ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്ത് കയറ്റി.
17അപ്പോൾ വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോട്: “നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ?“ എന്നു ചോദിച്ചു;
“അല്ല“ എന്നു അവൻ പറഞ്ഞു.
18അന്നു തണുപ്പായിരുന്നതിനാൽ ദാസന്മാരും ചേവകരും കനൽ കൂട്ടി അവിടെനിന്നു തീ കായുകയായിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ട് നിന്നു.
19മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ച് ചോദിച്ചു. 20അതിന് യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളികളിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചുകൊണ്ടിരുന്നു; ഞാൻ രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. 21നീ എന്നോട് ചോദിക്കുന്നത് എന്ത്? ഞാൻ സംസാരിച്ചത് എന്തെന്ന് കേട്ടവരോട് ചോദിക്ക; ഞാൻ പറഞ്ഞത് ഈ ജനങ്ങൾ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
22അവൻ ഇങ്ങനെ പറഞ്ഞപ്പോൾ ചേവകരിൽ അരികെ നിന്ന ഒരുവൻ: “മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത്?“ എന്നു പറഞ്ഞു തന്റെ കൈകൊണ്ട് യേശുവിനെ അടിച്ചു.
23യേശു അവനോട്: ഞാൻ മോശമായി സംസാരിച്ചു എങ്കിൽ തെളിവ് കൊടുക്ക; അല്ല ഞാൻ ശരിയായി സംസാരിച്ചു എങ്കിൽ എന്നെ തല്ലുന്നത് എന്ത്? എന്നു പറഞ്ഞു. 24അപ്പോൾ ഹന്നാവ് അവനെ ബന്ധിച്ച് മഹാപുരോഹിതനായ കയ്യഫാവിൻ്റെ അടുക്കൽ അയച്ചു.
25ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: “നീയും അവന്റെ ശിഷ്യന്മാരിൽ ഒരുവനല്ലയോ?“ എന്നു ചിലർ അവനോട് ചോദിച്ചു; “അല്ല“ എന്നു അവൻ തള്ളിപറഞ്ഞു.
26മഹാപുരോഹിതന്റെ ദാസന്മാരിൽ ഒരുവനും പത്രൊസ് കാതറുത്തവൻ്റെ ചാർച്ചക്കാരനുമായ ഒരുവൻ: “ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ“ എന്നു പറഞ്ഞു. 27പത്രൊസ് പിന്നെയും തള്ളിപ്പറഞ്ഞു; ഉടനെ കോഴി കൂകി.
യേശു പീലാത്തോസിന്റെ മുമ്പിൽ
28പുലർച്ചയ്ക്ക് അവർ യേശുവിനെ കയ്യഫാവിൻ്റെ അടുക്കൽനിന്ന് ആസ്ഥാനത്തിലേക്ക് കൊണ്ടുപോയി; അവർക്ക് അശുദ്ധരാകാതെ പെസഹ ഭക്ഷിക്കേണ്ടതിനാൽ അവർ ആസ്ഥാനത്തിൽ കടന്നില്ല. 29പീലാത്തോസ് അവരുടെ അടുക്കൽ പുറത്തു വന്നു: “ഈ മനുഷ്യന്റെ നേരെ എന്ത് കുറ്റം ബോധിപ്പിക്കുന്നു?“ എന്നു ചോദിച്ചു.
30“ഇവൻ തിന്മപ്രവൃത്തിക്കുന്നവൻ അല്ലായിരുന്നെങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു“ എന്നു അവർ അവനോട് ഉത്തരം പറഞ്ഞു.
31പീലാത്തോസ് അവരോട്: “നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ“ എന്നു പറഞ്ഞു.
അതിന് യെഹൂദന്മാർ അവനോട്: “ന്യായപ്രമാണപ്രകാരം ആരെയും മരണശിക്ഷയ്ക്ക് ഏൽപ്പിക്കുവാനുള്ള അധികാരം ഞങ്ങൾക്കില്ല“ എന്നു പറഞ്ഞു. 32അവർ ഇതു പറഞ്ഞതിനാൽ യേശു താൻ മരിക്കുവാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞ വാക്കിന് നിവൃത്തിവന്നു.
33പീലാത്തോസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു: “നീ യെഹൂദന്മാരുടെ രാജാവോ?“ എന്നു ചോദിച്ചു.
34അതിന് ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ച് നിന്നോട് പറഞ്ഞിട്ടോ? എന്നു ചോദിച്ചു.
35പീലാത്തോസ് അതിന് ഉത്തരമായി: “ഞാൻ യെഹൂദനല്ലല്ലോ? നിന്റെ ജനവും മുഖ്യപുരോഹിതന്മാരുമാണ് നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നത്; നീ എന്ത് ചെയ്തു?“ എന്നു ചോദിച്ചു.
36അതിന് യേശു: എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
37പീലാത്തോസ് അവനോട്: അപ്പോൾ നീ രാജാവ് തന്നേയാണോ? എന്നു ചോദിച്ചു.
അതിന് യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവ് തന്നെ; സത്യത്തിന് സാക്ഷിനില്ക്കേണ്ടതിന് ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യത്തിനുള്ളവർ എല്ലാം എന്റെ സ്വരം കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
38പീലാത്തോസ് അവനോട് ചോദിച്ചു: “എന്താണ് സത്യം? ഇതു പറഞ്ഞിട്ട് അവൻ വീണ്ടും യെഹൂദന്മാരുടെ അടുക്കൽ പുറത്തുചെന്ന് അവരോട്: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല. 39എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്ക് ഒരുവനെ വിട്ടുതരിക പതിവുണ്ടല്ലോ; അതിനാൽ യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്ക് വിട്ടുതരട്ടെ? എന്നു ചോദിച്ചു.
40അതിന് അവർ പിന്നെയും: “ഇവനെ വേണ്ട; ബറബ്ബാസിനെ മതി“ എന്നു നിലവിളിച്ചുപറഞ്ഞു; ബറബ്ബാസോ ഒരു കവർച്ചക്കാരൻ ആയിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യോഹ. 18: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.