ഇയ്യോ. 13
13
1“എന്‍റെ കണ്ണ് ഇതെല്ലാം കണ്ടു;
എന്‍റെ ചെവി അത് കേട്ടു ഗ്രഹിച്ചിരിക്കുന്നു.
2നിങ്ങൾ അറിയുന്നത് ഞാനും അറിയുന്നു;
ഞാൻ നിങ്ങളേക്കാൾ ഒട്ടും കുറഞ്ഞവനല്ല.
3സർവ്വശക്തനായ ദൈവത്തോട് ഞാൻ സംസാരിക്കുവാൻ ഭാവിക്കുന്നു;
ദൈവത്തോട് വാദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
4നിങ്ങൾ വ്യാജത്തെ സത്യംകൊണ്ട് വെള്ള പൂശുന്നവർ;
നിങ്ങളെല്ലാവരും മുറിവൈദ്യന്മാർ തന്നെ.
5നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം;
അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും.
6എന്‍റെ ന്യായവാദം കേട്ടുകൊൾവിൻ;
എന്‍റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിക്കുവിൻ.
7നിങ്ങൾ ദൈവത്തിനുവേണ്ടി നീതികേട് സംസാരിക്കുന്നുവോ?
നിങ്ങൾ ദൈവത്തിനുവേണ്ടി വ്യാജം പറയുന്നുവോ?
8അവിടുത്തെ പക്ഷം പിടിക്കുന്നുവോ?
ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ?
9അവിടുന്ന് നിങ്ങളെ പരിശോധിച്ചാൽ എന്തെങ്കിലും നന്മ കാണുമോ?
മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ ദൈവത്തെ തോല്പിക്കുമോ?
10ഗൂഢമായി പക്ഷപാതം കാണിച്ചാൽ
അവിടുന്ന് നിങ്ങളെ ശാസിക്കും നിശ്ചയം.
11ദൈവത്തിന്‍റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ?
ദൈവത്തിന്‍റെ ഭീതി നിങ്ങളുടെമേൽ വീഴുകയില്ലയോ?
12നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ചാരമായ പഴമൊഴികളാണ്;
നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നെ.
13“നിങ്ങൾ മിണ്ടാതിരിക്കുവിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ;
പിന്നെ എനിക്കു വരുന്നത് വരട്ടെ.
14ഞാൻ എന്‍റെ മാംസത്തെ പല്ലുകൊണ്ട് കടിച്ചുപിടിക്കുന്നതും
എന്‍റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്?.
15അങ്ങ് എന്നെ കൊന്നാലും ഞാൻ അങ്ങയെത്തന്നെ കാത്തിരിക്കും;
ഞാൻ എന്‍റെ നടപ്പ് അങ്ങേയുടെ മുമ്പാകെ തെളിയിക്കും.
16വഷളൻ അങ്ങേയുടെ സന്നിധിയിൽ വരുകയില്ല
എന്നുള്ളത് തന്നെ എനിക്കൊരു രക്ഷയാകും.
17“എന്‍റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ;
ഞാൻ പ്രസ്താവിക്കുന്നത് നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;
18ഇതാ, ഞാൻ എന്‍റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു.
ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു.
19എന്നോട് വാദിക്കുവാൻ തുനിയുന്നതാര്?
ഞാൻ ഇപ്പോൾ മിണ്ടാതിരുന്ന് എന്‍റെ പ്രാണൻ ഉപേക്ഷിക്കാം.
20“ദൈവമേ, രണ്ടു കാര്യം മാത്രം എന്നോട് ചെയ്യരുതേ;
എന്നാൽ ഞാൻ അങ്ങേയുടെ സന്നിധി വിട്ട് ഒളിക്കുകയില്ല.
21അങ്ങേയുടെ കൈ എന്നിൽനിന്ന് പിൻവലിക്കണമേ;
അങ്ങേയുടെ ഭയങ്കരത്വം എന്നെ ഭ്രമിപ്പിക്കരുതേ.
22പിന്നെ അവിടുന്ന് വിളിച്ചാലും; ഞാൻ ഉത്തരം പറയും;
അല്ലെങ്കിൽ ഞാൻ സംസാരിക്കാം; അവിടുന്ന് ഉത്തരം അരുളേണമേ.
23എന്‍റെ അകൃത്യങ്ങളും പാപങ്ങളും എത്ര?
എന്‍റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ.
24തിരുമുഖം മറച്ചുകൊള്ളുന്നതും
എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്?
25പാറിപ്പോകുന്ന ഇലയെ അങ്ങ് പേടിപ്പിക്കുമോ?
ഉണങ്ങിയ പതിരിനെ പിന്തുടരുമോ?
26കയ്പായുള്ളത് അവിടുന്ന് എനിക്കെതിരേ എഴുതിവച്ചു
എന്‍റെ യൗവ്വനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു.
27എന്‍റെ കാൽ അങ്ങ് #13:27 ആമം - വിലങ്ങ്ആമത്തിൽ ഇട്ടു;
എന്‍റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു.
എന്‍റെ കാലടികളുടെ ചുറ്റും വര വരയ്ക്കുന്നു.
28ഞാൻ ചീഞ്ഞഴുകിയ വസ്ത്രംപോലെയും
പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോ. 13: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.