ഇയ്യോ. 19
19
ഇയ്യോബ് ഉത്തരം പറയുന്നു
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2“നിങ്ങൾ എത്ര നാൾ എന്‍റെ മനസ്സ് വ്യസനിപ്പിക്കുകയും
വാക്കുകളാൽ എന്നെ തകർക്കുകയും ചെയ്യും?
3ഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു;
എന്നോട് ദ്രോഹം ചെയ്യുവാൻ നിങ്ങൾക്ക് ലജ്ജയില്ല.
4ഞാൻ തെറ്റിപ്പോയതു സത്യം എങ്കിൽ
എന്‍റെ തെറ്റ് എനിക്കു തന്നെ അറിയാം.
5നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ച്
എന്‍റെ അപമാനത്തെക്കുറിച്ച് എന്നെ ആക്ഷേപിക്കുന്നു എങ്കിൽ
6ദൈവം എന്നെ മറിച്ചുകളഞ്ഞ്
തന്‍റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിയുവിൻ.
7അയ്യോ, ബലാല്ക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾക്കുവാനാരുമില്ല;
രക്ഷക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.
8എനിക്ക് കടന്നുപോകുവാനാവാത്തവിധം യഹോവ എന്‍റെ വഴി കെട്ടിയടച്ചു,
എന്‍റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു.
9എന്‍റെ തേജസ്സ് യഹോവ എന്‍റെ മേൽനിന്ന് ഉരിഞ്ഞെടുത്തു;
എന്‍റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.
10അവിടുന്ന് എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്‍റെ കഥകഴിഞ്ഞു;
ഒരു വൃക്ഷത്തെപ്പോലെ എന്‍റെ പ്രത്യാശ പറിച്ചുകളഞ്ഞിരിക്കുന്നു.
11അവിടുന്ന് തന്‍റെ കോപം എന്‍റെ മേൽ ജ്വലിപ്പിച്ച്
എന്നെ തനിക്കു ശത്രുവായി എണ്ണുന്നു.
12അവിടുത്തെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു;
അവർ എന്‍റെ നേരെ അവരുടെ വഴി നിരത്തുന്നു;
എന്‍റെ കൂടാരത്തിനു ചുറ്റും പാളയമിറങ്ങുന്നു.
13“അവർ എന്‍റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു;
എന്‍റെ പരിചയക്കാർ എനിക്ക് അന്യരായിത്തീർന്നു.
14എന്‍റെ ബന്ധുജനങ്ങൾ ഒഴിഞ്ഞുമാറി;
എന്‍റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
15എന്‍റെ വീട്ടിൽ വസിക്കുന്നവരും എന്‍റെ ദാസികളും എന്നെ അന്യനായി എണ്ണുന്നു;
ഞാൻ അവർക്ക് പരദേശിയായി തോന്നുന്നു.
16ഞാൻ എന്‍റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല.
എന്‍റെ വായ്കൊണ്ട് ഞാൻ അവനോട് യാചിക്കേണ്ടിവരുന്നു.
17എന്‍റെ ശ്വാസം എന്‍റെ ഭാര്യയ്ക്ക് അസഹ്യവും
എന്‍റെ യാചന എന്‍റെ കൂടപ്പിറപ്പുകൾക്ക്#19:17 കൂടപ്പിറപ്പുകൾക്ക് എന്‍റെ മക്കള്‍ അറപ്പും ആയിരിക്കുന്നു.
18കൊച്ചുകുട്ടികൾപോലും എന്നെ നിരസിക്കുന്നു;
ഞാൻ സംസാരിക്കുമ്പോൾ അവർ എന്നെ കളിയാക്കുന്നു.
19എന്‍റെ പ്രാണസ്നേഹിതന്മാർ എല്ലാവരും എന്നെ വെറുക്കുന്നു;
എനിക്ക് പ്രിയരായവർ വിരോധികളായിത്തീർന്നു.
20എന്‍റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു;
പല്ലിന്‍റെ മോണയോടെ മാത്രം ഞാൻ അവശേഷിച്ചിരിക്കുന്നു.
21സ്നേഹിതന്മാരെ, എന്നോട് കൃപ തോന്നണമേ, കൃപ തോന്നണമേ;
ദൈവത്തിന്‍റെ കൈ എന്നെ തൊട്ടിരിക്കുന്നു.
22ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്?
എന്‍റെ മാംസം തിന്ന് തൃപ്തിവരാത്തത് എന്ത്?
23“അയ്യോ എന്‍റെ വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ,
ഒരു പുസ്തകത്തിൽ കുറിച്ചുവച്ചെങ്കിൽ കൊള്ളാമായിരുന്നു.
24അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട്
പാറയിൽ സദാകാലത്തേക്ക് കൊത്തിവച്ചെങ്കിൽ കൊള്ളാമായിരുന്നു.
25എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും
അവിടുന്ന് ഒടുവിൽ പൊടിമേൽ നില്‍ക്കുമെന്നും#19:25 പൊടിമേൽ നില്‍ക്കുമെന്നും പൊടി എന്നത് കൊണ്ടു ചിലര്‍ അര്‍ത്ഥമാക്കുന്നത് ശവക്കുഴി എന്നാണ് എന്നാല്‍ കോടതിമുറിയിലെ സാക്ഷിവിസ്താരത്തോട് ബന്ധപ്പെട്ട ഒരു പദമായിട്ടാണ് മിക്ക വേദപഠിതാക്കളും പൊടിമേല്‍ നില്‍ക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇയ്യോബ് 31:14, ആവര്‍ത്തനം 19:16, സങ്കീര്‍ത്തനം 12:5, യെശയ്യാവ് 19:21 നോക്കുക. ഞാൻ അറിയുന്നു.
26എന്‍റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം
ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.
27ഞാൻ തന്നെ അവിടുത്തെ കാണും;
അന്യനല്ല, എന്‍റെ സ്വന്തകണ്ണ് അവിടുത്തെ കാണും;
എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.
28നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും
അതിന്‍റെ കാരണം അവനിൽ കാണുന്നു എന്നും നിങ്ങൾ പറയുന്നുവെങ്കിൽ
29വാളിനെ പേടിക്കുവിൻ; ക്രോധം വാളിന്‍റെ ശിക്ഷയ്ക്ക് കാരണം;
ഒരു ന്യായവിധി ഉണ്ടെന്ന് അറിഞ്ഞുകൊള്ളുവിൻ.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോ. 19: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.