ഇയ്യോ. 3
3
ഇയ്യോബ് സംസാരിക്കുന്നു
1അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്റെ ജന്മദിവസത്തെ ശപിച്ചു. 2ഇയ്യോബ് ഇപ്രകാരം പറഞ്ഞു:
3“ഞാൻ ജനിച്ച ദിവസവും
’ഒരു ആൺകുട്ടി പിറന്നു!’ എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.
4ആ ദിവസം ഇരുണ്ടുപോകട്ടെ;
മുകളിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ;
പ്രകാശം അതിന്മേൽ ശോഭിക്കാതിരിക്കട്ടെ.
5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ;
ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ;
പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.
6ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ;
അത് വർഷത്തിന്റെ ദിവസങ്ങളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്;
മാസങ്ങളുടെ എണ്ണത്തിൽ വരുകയും അരുത്.
7അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ;
ഉല്ലാസഘോഷം അതിലുണ്ടാകരുത്.
8മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായവർ
ആ ദിവസത്തെ ശപിക്കട്ടെ.
9അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ;
അത് വെളിച്ചത്തിനു കാത്തിരുന്നു കിട്ടാതെ പോകട്ടെ;
അത് ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുത്.
10അത് എന്റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ;
എന്റെ കണ്മുമ്പിൽ നിന്ന് കഷ്ടം മറച്ചില്ലല്ലോ.
11ഞാൻ ഗർഭപാത്രത്തിൽ വച്ചു മരിക്കാഞ്ഞതെന്ത്?
ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നെ പ്രാണൻ പോകാതിരുന്നതെന്ത്?
12മുഴങ്കാൽ എന്നെ സ്വീകരിച്ചത് എന്തിന്?
എനിക്കു കുടിക്കുവാൻ മുല ഉണ്ടായിരുന്നതെന്തിന്?
13ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു;
ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.
14തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിത
ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും
15അഥവാ, കനകസമ്പന്നരായി സ്വഭവനങ്ങൾ
വെള്ളികൊണ്ട് നിറച്ചുവച്ച പ്രഭുക്കന്മാരോടും കൂടെ തന്നെ.
16അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ടു കുഴിച്ചിട്ട പിണ്ഡംപോലെയും
വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു.
17അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു;
അവിടെ ക്ഷീണിച്ചു പോയവർ വിശ്രമിക്കുന്നു.
18അവിടെ തടവുകാർ ഒരുപോലെ സുഖമായിരിക്കുന്നു;
പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.
19ചെറിയവനും വലിയവനും അവിടെ ഒരുപോലെ;
ദാസനു യജമാനന്റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു.
20അരിഷ്ടനു പ്രകാശവും
ദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിന്?
21അവർ മരണത്തിനായി കാത്തിരിക്കുന്നു, അത് വരുന്നില്ലതാനും;
നിധിക്കായി കുഴിക്കുന്നതിലുമധികം അവർ അതിനായി കുഴിക്കുന്നു.
22അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും.
23വഴി മറഞ്ഞിരിക്കുന്ന പുരുഷനും
ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്?
24ഭക്ഷണത്തിനു മുമ്പേ എനിക്കു നെടുവീർപ്പു വരുന്നു;
എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
25ഞാൻ പേടിച്ചതു തന്നെ എനിക്കു നേരിട്ടു;
ഞാൻ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു.
26ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല;
പിന്നെയും അതിവേദന എടുക്കുന്നു.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോ. 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
![None](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fml.png&w=128&q=75)
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.