യോവേ. 1
1
1പെഥൂവേലിന്റെ മകനായ യോവേലിന് യഹോവയുടെ അരുളപ്പാടുണ്ടായത് ഇപ്രകാരമായിരുന്നു:
വെട്ടുക്കിളിയുടെ ആക്രമണം
2മൂപ്പന്മാരേ, ഇതുകേൾക്കുവിൻ;
സകല ദേശനിവാസികളുമേ, ശ്രദ്ധിയ്ക്കുവിൻ;
നിങ്ങളുടെ കാലത്തോ
നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ
ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?
3ഇത് നിങ്ങൾ നിങ്ങളുടെ മക്കളോടും
നിങ്ങളുടെ മക്കൾ അവരുടെ മക്കളോടും
അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും
വിവരിച്ചുപറയണം.
4തുള്ളൻ തിന്നു ശേഷിപ്പിച്ചത്
വെട്ടുക്കിളി തിന്നു;
വെട്ടുക്കിളി ശേഷിപ്പിച്ചത്
വിട്ടിൽ തിന്നു;
വിട്ടിൽ ശേഷിപ്പിച്ചത്
പച്ചപ്പുഴു തിന്നു നശിപ്പിച്ചു.
5മദ്യപന്മാരേ, ഉണർന്നു കരയുവിൻ;
വീഞ്ഞു കുടിക്കുന്ന ഏവരുമേ,
പുതുവീഞ്ഞ് നിങ്ങൾക്ക് ഇനി ലഭ്യമല്ലാത്തതിനാൽ
കരഞ്ഞ് മുറയിടുവിൻ.
6ശക്തിയുള്ളതും എണ്ണുവാൻ കഴിയാത്തതുമായ
ഒരു ജനതകളുടെ സൈന്യം#1:6 ഒരു ജനതകളുടെ സൈന്യം വെട്ടിക്കിളികളുടെ സൈന്യം വെളിപ്പാട് 9:7-10 നോക്കുക എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു;
അതിന്റെ പല്ല് സിംഹത്തിന്റെ പല്ല്;
സിംഹിയുടെ അണപ്പല്ല് അതിനുണ്ട്.
7അത് എന്റെ മുന്തിരിവള്ളിയെല്ലാം നശിപ്പിച്ച് ശൂന്യമാക്കി
എന്റെ അത്തിവൃക്ഷം ഒടിച്ചുകളഞ്ഞു;
അത് മുഴുവനും തോലുരിച്ച് എറിഞ്ഞുകളഞ്ഞു;
അതിന്റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു.
8യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്ത് കരയുന്ന
കന്യകയെപ്പോലെ വിലപിക്കുക.
9ഭോജനയാഗവും പാനീയയാഗവും
യഹോവയുടെ ആലയത്തിൽ ഇല്ലാതെയായിരിക്കുന്നു;
യഹോവയുടെ ശുശ്രൂഷകന്മാരായ
പുരോഹിതന്മാർ ദുഃഖിക്കുന്നു.
10വയൽ വിലപിക്കുന്നു#1:10 വയൽ വിലപിക്കുന്നു വയൽ വരണ്ടിരിക്കുന്നു.
ധാന്യം നശിച്ചും പുതുവീഞ്ഞ് വറ്റിയും
എണ്ണ ക്ഷയിച്ചും പോയിരിക്കുകയാൽ
ദേശം ദുഃഖിക്കുന്നു.
11കർഷകരേ, ലജ്ജിക്കുവിൻ;
മുന്തിരിത്തോട്ടക്കാരേ, ഗോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ;
വയലിലെ വിളവ് നശിച്ചുപോയല്ലോ.
12മുന്തിരിവള്ളി വാടി,
അത്തിവൃക്ഷം ഉണങ്ങി;
മാതളം, ഈന്തപ്പന, നാരകം മുതലായ
തോട്ടത്തിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു;
ആനന്ദം മനുഷ്യരെ വിട്ട് മാഞ്ഞുപോയല്ലോ.
13പുരോഹിതന്മാരേ, രട്ടുടുത്ത് വിലപിക്കുവിൻ;
യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ;
എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ,
ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ
മുടങ്ങിപ്പോയിരിക്കകൊണ്ട്
നിങ്ങൾ വന്ന് രട്ടുടുത്ത് രാത്രി കഴിച്ചുകൂട്ടുവിൻ.
14ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ.
സഭായോഗം വിളിക്കുവിൻ;
മൂപ്പന്മാരെയും സകല ദേശനിവാസികളെയും
നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ;
യഹോവയോട് നിലവിളിക്കുവിൻ;
15ആ ഭയങ്കര ദിവസം അയ്യോ കഷ്ടം!
യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.
അത് സർവ്വശക്തനായ ദൈവത്തിന്റെ പക്കൽനിന്ന്
സംഹാരത്തിനായി വരുന്നു.
16നമ്മുടെ കണ്ണിന് മുമ്പിൽനിന്ന് ആഹാരവും
നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന്
സന്തോഷവും ഉല്ലാസവും അറ്റുപോയല്ലോ.
17വിത്ത് കട്ടകളുടെ കീഴിൽ കിടന്ന് നശിച്ചുപോകുന്നു;
ധാന്യം കരിഞ്ഞുപോയിരിക്കുകയാൽ
പാണ്ടികശാലകൾ ശൂന്യമായും
കളപ്പുരകൾ ഇടിഞ്ഞും പോകുന്നു.
18മൃഗങ്ങൾ എത്രയധികം ഞരങ്ങുന്നു!
കന്നുകാലികൾ മേച്ചൽ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടുന്നു;
ആടുകൾ വേദന അനുഭവിക്കുന്നു.
19യഹോവേ, നിന്നോട് ഞാൻ നിലവിളിക്കുന്നു;
മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും
വയലിലെ വൃക്ഷങ്ങൾ എല്ലാം തീജ്വാലയ്ക്കും
ഇരയായിത്തീർന്നുവല്ലോ.
20നീർത്തോടുകൾ വറ്റിപ്പോകുകയും
മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും
ഇരയായിത്തീരുകയും ചെയ്തതുകൊണ്ട്
വയലിലെ മൃഗങ്ങളും കിതച്ചുകൊണ്ട്
നിന്നെ നോക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യോവേ. 1: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.