യോവേ. 3
3
രാഷ്ട്രങ്ങളെ ന്യായം വിധിക്കുന്നു
1“ഞാൻ യെഹൂദയുടെയും യെരൂശലേമിന്‍റെയും പ്രവാസികളുടെ
സ്ഥിതി മാറ്റുവാനുള്ള നാളുകളിലും കാലത്തിലും
2ഞാൻ സകലജനതകളെയും യെഹോശാഫാത്ത് താഴ്വരയിൽ കൂട്ടിവരുത്തുകയും
എന്‍റെ ജനവും എന്‍റെ അവകാശവുമായ യിസ്രായേൽ നിമിത്തം അവരോടു വ്യവഹരിക്കുകയും ചെയ്യും;
അവർ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ച്
എന്‍റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.
3അവർ എന്‍റെ ജനത്തിനുവേണ്ടി ചീട്ടിട്ടു;
ഒരു ബാലനെ വേശ്യയുടെ കൂലിയായി കൊടുക്കുകയും
ഒരു ബാലയെ വിറ്റ് വീഞ്ഞു കുടിക്കുകയും ചെയ്തു.
4“സോരും സീദോനും സകലഫെലിസ്ത്യ പ്രദേശങ്ങളുമേ, നിങ്ങൾക്ക് എന്നോട് എന്ത് കാര്യം? നിങ്ങളോടു ചെയ്തതിന് നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുന്നു എങ്കിൽ ഞാൻ വളരെ വേഗത്തിൽ നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തും. 5നിങ്ങൾ എന്‍റെ വെള്ളിയും പൊന്നും എടുത്തു; എന്‍റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി. 6യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്ത് അകറ്റുവാൻ നിങ്ങൾ അവരെ യവനന്മാർക്ക് വിറ്റുകളഞ്ഞു.
7എന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞ ദേശത്തുനിന്ന് ഞാൻ അവരെ ഉദ്ധരിക്കുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തുകയും ചെയ്യും. 8ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജനതയായ ശെബായർക്ക് വിറ്റുകളയും” യഹോവ തന്നെ ഇത് അരുളിച്ചെയ്തിരിക്കുന്നു.
9ഇത് ജനതകളുടെ ഇടയിൽ വിളിച്ചുപറയുവിൻ!
വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുവിൻ!
വീരന്മാരെ ഉണർത്തുവിൻ!
സകലയോദ്ധാക്കളും അടുത്തുവന്ന് യുദ്ധത്തിന് പുറപ്പെടട്ടെ.
10നിങ്ങളുടെ കലപ്പകളുടെ കൊഴുക്കളിൽ നിന്ന് വാളുകളും,
വാക്കത്തികളിൽ നിന്ന് കുന്തങ്ങളും ഉണ്ടാക്കുവിൻ!
ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ.
11ചുറ്റുമുള്ള സകലജനതകളുമേ, ബദ്ധപ്പെട്ടു കൂടിവരുവിൻ!
യഹോവേ, അവിടേക്ക് നിന്‍റെ വീരന്മാരെ അയയ്ക്കണമേ.
12”ജനതകൾ ഉണർന്ന് യെഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ.
അവിടെ ഞാൻ ചുറ്റുമുള്ള സകലജനതകളെയും ന്യായം വിധിക്കേണ്ടതിനായി ഇരിക്കും.
13അരിവാൾ എടുക്കുവിൻ;
നിലങ്ങൾ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നു;
വന്ന് ധാന്യം മെതിക്കുവിൻ;
ചക്കുകൾ നിറഞ്ഞിരിക്കുന്നു;
തൊട്ടികൾ കവിഞ്ഞിരിക്കുന്നു;
അവരുടെ ദുഷ്ടത വലിയതല്ലോ.”
14വിധിയുടെ താഴ്വരയിൽ അസംഖ്യം സമൂഹങ്ങളെ കാണുന്നു;
വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.
15സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും;
നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല.
16യഹോവ സീയോനിൽനിന്നു ഗർജ്ജിക്കുകയും,
യെരൂശലേമിൽ നിന്നു തന്‍റെ നാദം കേൾപ്പിക്കുകയും ചെയ്യും;
ആകാശവും ഭൂമിയും കുലുങ്ങിപ്പോകും;
എന്നാൽ യഹോവ തന്‍റെ ജനത്തിന് ശരണവും
യിസ്രായേൽ മക്കൾക്ക് മറവിടവും ആയിരിക്കും.
ദൈവജനത്തിനുള്ള അനുഗ്രഹങ്ങൾ
17അങ്ങനെ ഞാൻ എന്‍റെ വിശുദ്ധ പർവ്വതമായ സീയോനിൽ വസിക്കുന്ന
നിങ്ങളുടെ ദൈവമായ യഹോവ എന്ന് നിങ്ങൾ അറിയും.
യെരൂശലേം വിശുദ്ധമായിരിക്കും;
അന്യജനതകൾ ഇനി അതിൽകൂടി കടക്കുകയുമില്ല.
18അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞ് പൊഴിക്കും;
കുന്നുകൾ പാൽ ഒഴുക്കും;
യെഹൂദായിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും;
യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പുറപ്പെട്ടു
ശിത്തീംതാഴ്വരയെ നനയ്ക്കും.
19യെഹൂദാദേശത്തുവച്ച് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ്
അവരോടു ചെയ്ത സാഹസം ഹേതുവായി
മിസ്രയീം ശൂന്യമായിത്തീരുകയും
ഏദോം നിർജ്ജനമരുഭൂമിയായി ഭവിക്കുകയും ചെയ്യും.
20യെഹൂദയിൽ സദാകാലത്തും ആൾപ്പാർപ്പുണ്ടാകും
യെരൂശലേമിൽ തലമുറതലമുറയോളവും നിവാസികളുണ്ടാകും.
21ശിക്ഷ ലഭിക്കാതെ ശേഷിച്ചവരെ അവരുടെ തെറ്റിന് ഞാന്‍ ശിക്ഷ നല്‍കും#3:21 ശിക്ഷ ലഭിക്കാതെ ശേഷിച്ചവരെ അവരുടെ തെറ്റിന് ഞാന്‍ ശിക്ഷ നല്‍കും ഞാൻ ക്ഷമിക്കാത്ത അവരുടെ രക്തപാതകം ഞാൻ ക്ഷമിക്കും;
യഹോവ സീയോനിൽ എന്നേക്കും വസിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യോവേ. 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.