യോശുവ 11
11
വടക്കൻരാജാക്കന്മാർ പരാജയപ്പെടുന്നു
1അനന്തരം ഹാസോർ രാജാവായ യാബീൻ ഇത് കേട്ടപ്പോൾ മാദോൻ രാജാവായ യോബാബ്, ശിമ്രോൻരാജാവ്, അക്ശാഫ് രാജാവ് എന്നിവരുടെ അടുക്കലും 2വടക്ക് മലമ്പ്രദേശത്തും കിന്നെരോത്തിന് തെക്ക് സമഭൂമിയിലും താഴ്വരയിലും പടിഞ്ഞാറ് ദോർമേടുകളിലുമുള്ള രാജാക്കന്മാരുടെ അടുക്കൽ ആളയച്ചു. 3കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവ്വതങ്ങളിലെ അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പാ ദേശത്ത് ഹെർമ്മോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ചു.
4അവർ കടല്ക്കരയിലെ മണൽപോലെ അനവധി പടയാളികളും വളരെ കുതിരകളും രഥങ്ങളും ഉള്ള സൈന്യമായി പുറപ്പെട്ടു. 5ആ രാജാക്കന്മാർ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോട് യുദ്ധം ചെയ്വാൻ മേരോം തടാകത്തിന്നരികെ പാളയമിറങ്ങി.
6അപ്പോൾ യഹോവ യോശുവയോട്: “അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തു വീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം.”
7അങ്ങനെ യോശുവയും സൈന്യവും മേരോ തടാകത്തിനരികെ പെട്ടെന്ന് അവരുടെ നേരെ വന്ന് അവരെ ആക്രമിച്ചു. 8യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീം വരെയും കിഴക്ക് മിസ്പാ താഴ്വര വരെയും അവരെ ഓടിച്ച്, ആരും ശേഷിക്കാതെ സംഹരിച്ചുകളഞ്ഞു. 9യഹോവ കല്പിച്ചതുപോലെ യോശുവ അവരോട് ചെയ്തു; കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളഞ്ഞു.
10യോശുവ ആ സമയം തിരിഞ്ഞ് ഹാസോർ പിടിച്ച് അതിലെ രാജാവിനെ വാൾകൊണ്ട് കൊന്നു; അന്ന് ഉണ്ടായിരുന്ന രാജ്യങ്ങളിൽ ഹാസോർ ഏറ്റവും പ്രബലമായിരുന്നു. 11അവർ അതിലെ സകലമനുഷ്യരെയും വാൾകൊണ്ട് നിർമ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവൻ ഹാസോരിനെ തീയിട്ടു ചുട്ടുകളഞ്ഞു. 12ആ രാജാക്കന്മാരുടെ എല്ലാ പട്ടണങ്ങളെയും യോശുവ പിടിക്കുകയും രാജാക്കന്മാരെ ഒക്കെയും വാളിനാൽ നിർമ്മൂലമാക്കിക്കളയുകയും ചെയ്തു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നെ. 13എന്നാല് ഹാസോർ ഒഴികെ കുന്നുകളിലെ പട്ടണങ്ങൾ ഒന്നും യിസ്രായേൽ ചുട്ടുകളഞ്ഞില്ല. 14ഈ പട്ടണങ്ങളിലെ കൊള്ളയും കന്നുകാലികളെയും യിസ്രായേൽ മക്കൾ എടുത്തു; മനുഷ്യരെ ഒക്കെയും അവർ വാളുകൊണ്ട് സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല. 15യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചിരുന്നു; അതിനാൽ യഹോവ മോശെയോട് കല്പിച്ചതിൽ ഒന്നും അവൻ ചെയ്യാതെ വിട്ടില്ല.
16ഇങ്ങനെ മലനാടും തെക്കേദേശവും ഗോശെൻ ദേശവും താഴ്വരയും അരാബയും യിസ്രായേൽ മലനാടും അതിന്റെ താഴ്വരയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻ താഴ്വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശവും യോശുവ പിടിച്ചു. 17അവിടങ്ങളിലെ രാജാക്കന്മാരെയും അവൻ പിടിച്ച് വെട്ടിക്കൊന്നു. 18ആ രാജാക്കന്മാരോട് യോശുവ ദീർഘകാലം യുദ്ധം ചെയ്തിരുന്നു. 19ഗിബെയോൻ നിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽ മക്കളോട് സഖ്യത ചെയ്തില്ല; ശേഷമുള്ള പട്ടണമൊക്കെയും അവർ യുദ്ധത്തിൽ പിടിച്ചടക്കി. 20യഹോവ മോശെയോട് കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണ കൂടാതെ നശിപ്പിക്കയും ചെയ്യേണ്ടതിന് അവർ യിസ്രായേലിനോട് യുദ്ധത്തിന് പുറപ്പെടാൻ തക്കവണ്ണം യഹോവ അവരുടെ മനസ്സ് കഠിനമാക്കിയിരുന്നു.
21അക്കാലത്ത് യോശുവ മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, യിസ്രായേല്യമലനാട് എന്നിവിടങ്ങളിലെ അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി. 22ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽ മക്കളുടെ ദേശത്ത് ഒരു അനാക്യനും ശേഷിച്ചില്ല.
23യഹോവ മോശെയോട് കല്പിച്ചതുപോലെ യോശുവ ദേശം മുഴുവനും പിടിച്ചു; അതിനെ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്ത് സമാധാനം ഉണ്ടായി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യോശുവ 11: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.