ലൂക്കൊ. 17
17
പാപത്തെപ്പറ്റി യേശുവിന്‍റെ പ്രസ്താവന
1യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: പാപത്തിന്‍റെ പ്രലോഭനങ്ങൾ നിശ്ചയമായും വരും; എന്നാൽ അവ വരുത്തുന്നവർക്കു അയ്യോ കഷ്ടം. 2അവൻ ഈ ചെറിയവരിൽ ഒരാളെ പ്രലോഭിപ്പിക്കുന്നതിനേക്കാൾ നല്ലത് ഒരു വലിയ കല്ല് അവന്‍റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നത് ആകുന്നു. 3അതുകൊണ്ട് നിങ്ങൾ സൂക്ഷിച്ചുകൊള്ളുവിൻ; നിന്‍റെ സഹോദരൻ പാപം ചെയ്താൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോട് ക്ഷമിയ്ക്ക. 4ഒരു ദിവസത്തിൽ ഏഴു പ്രാവശ്യം നിന്നോട് പാപംചെയ്യുകയും ഏഴുപ്രാവശ്യവും നിന്‍റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോട് ക്ഷമിയ്ക്ക.
5അപ്പൊസ്തലന്മാർ കർത്താവിനോട്: ”ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ” എന്നു പറഞ്ഞു.
6അതിന് കർത്താവ് പറഞ്ഞത്: നിങ്ങൾക്ക് ഒരു ചെറിയ കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞു കടലിൽ പോയി വളരുക എന്നു പറഞ്ഞാൽ അത് നിങ്ങളെ അനുസരിക്കും. 7നിങ്ങളിൽ ആർക്കെങ്കിലും നിലം ഉഴുകയോ ആടിനെ മേയ്ക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു ജോലി കഴിഞ്ഞു വരുമ്പോൾ: നീ പെട്ടെന്ന് തന്നെ വന്നു ഊണിനിരിക്ക എന്നു അവനോട് പറയുകയില്ല: 8ആദ്യം എനിക്ക് അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുന്നത് വരെ അരകെട്ടി#17:8 യജമാനനെ അനുസരിക്കുന്നതിന്റെ അടയാളം, ജോലി ചെയ്യുന്നതിന് തടസ്സമായി അയഞ്ഞു കിടക്കുന്ന വസ്ത്രം കെട്ടിവയ്ക്കുക എനിക്ക് ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊൾക എന്നു പറയുകയില്ലേ? 9തന്നോട് കല്പിച്ചത് ദാസൻ ചെയ്തതുകൊണ്ടു നീ അവനോട് ഒരിയ്ക്കലും നന്ദി പറയുകയില്ല. 10അതുപോലെ നിങ്ങളോടു കല്പിച്ചത് ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.
11ഒരിക്കൽ യേശു യെരൂശലേമിലേക്കുള്ള യാത്രയ്ക്കിടയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽകൂടി കടന്നുപോകുകയായിരുന്നു. 12അവിടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ പത്തു കുഷ്ഠരോഗികൾ അവനു എതിരെ വന്നു. 13അവർ ദൂരത്ത് നിന്നുകൊണ്ടു: ”യേശുവേ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ” എന്നു ഉറക്കെ പറഞ്ഞു.
14യേശു അവരെ കണ്ടിട്ട്: നിങ്ങൾ പോയിപുരോഹിതന്മാർക്കു#17:14 ഒരാൾ കുഷ്ഠരോഗി ആണോ അല്ലയോ എന്നു പരിശോധിച്ചു സാക്ഷിക്കേണ്ടതു പുരോഹിതൻ ആണ്. നിങ്ങളെ തന്നെ കാണിച്ചു കൊടുക്കുക എന്നു പറഞ്ഞു; അങ്ങനെ അവർ പോകുന്ന സമയത്തുതന്നെ അവർ ശുദ്ധരായ്തീർന്നു.
15അവരിൽ ഒരാൾ തനിക്കു സൌഖ്യംവന്നത് കണ്ടു ഉറക്കെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് തിരിച്ചുവന്നു അവന്‍റെ കാൽക്കൽ കവിണ്ണുവീണു അവനു നന്ദി പറഞ്ഞു; 16അവൻ ഒരു ശമര്യക്കാരൻ ആയിരുന്നു
17അപ്പോൾ യേശു അവനോട് ഉത്തരം പറഞ്ഞത്: കുഷ്ഠരോഗത്തിൽ നിന്നു പത്തുപേർ ശുദ്ധരായ്തീർന്നു, എന്നാൽ ബാക്കി ഒമ്പതുപേർ എവിടെ? 18യെഹൂദനല്ലാത്ത ഈ മനുഷ്യൻ മാത്രമാണ് ദൈവത്തിന് മഹത്വം കൊടുക്കുവാൻ മടങ്ങിവന്നത്; 19എഴുന്നേറ്റ് പൊയ്ക്കൊൾക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.
20 ഒരിക്കൽ പരീശന്മാർ ദൈവരാജ്യം എപ്പോൾ വരും എന്നു ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്; 21ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയില്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽതന്നേ ഉണ്ടല്ലോ എന്നു അവൻ ഉത്തരം പറഞ്ഞു.
22പിന്നെ അവൻ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: നിങ്ങൾ മനുഷ്യപുത്രന്‍റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും; 23എന്നാൽ കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുത്, പിൻ ചെല്ലുകയുമരുത്. 24മിന്നൽ ആകാശത്തിന്‍റെ കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്‍റെ ദിവസത്തിൽ ആകും. 25എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.
26 നോഹയുടെ സമയത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്‍റെ നാളിലും ഉണ്ടാകും. 27നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
28 ലോത്തിന്‍റെ കാലത്ത് സംഭവിച്ചതുപോലെയും തന്നെ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു. 29എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്ത് എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
30 മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിലും അതുപോലെ തന്നെ സംഭവിക്കും. 31അന്നു വീടിന് മുകളിൽ ഇരിക്കുന്നവൻ വീടിനകത്തുള്ള സാധനം എടുക്കുവാൻ ഇറങ്ങിപ്പോകരുത്; അതുപോലെ വയലിൽ ഇരിക്കുന്നവനും വീട്ടിലേക്ക് പോകരുത്. 32ലോത്തിന്‍റെ ഭാര്യയെ ഓർത്തുകൊൾവിൻ. 33തന്‍റെ ജീവനെ രക്ഷിക്കുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; എന്നാൽ എനിക്ക് വേണ്ടി തന്‍റെ ജീവനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും. 34ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരാളെ സ്വീകരിക്കും; മറ്റവനെ ഉപേക്ഷിക്കും. 35രണ്ടുപേർ ഒന്നിച്ച് ധാന്യം പൊടിച്ചു കൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളും; 36മറ്റവളെ ഉപേക്ഷിക്കും രണ്ടുപേർ വയലിൽ ഇരിക്കും; ഒരുവനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
37അവർ അവനോട്: ”കർത്താവേ, എവിടെയാണ് ഇതു സംഭവിക്കുന്നത്?” എന്നു ചോദിച്ചതിന്:
മൃതശരീരം ഉള്ളിടത്ത് ആണല്ലൊ കഴുകന്മാർ കൂടുന്നത് എന്നു അവൻ പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലൂക്കൊ. 17: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.