നെഹെ. 4
4
മതിൽപണിക്കു നേരിട്ട എതിർപ്പുകൾ
1ഞങ്ങൾ മതിൽ പണിയുന്നു എന്ന് സൻബല്ലത്ത് കേട്ടപ്പോൾ അവൻ കോപവും മഹാരോഷവും പൂണ്ട് യെഹൂദന്മാരെ നിന്ദിച്ചു. 2“ഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്ത് ചെയ്വാൻ ഭാവിക്കുന്നു? ഇത് പുനരുദ്ധരിക്കാൻ അവർക്ക് കഴിയുമോ? അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ട് പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരങ്ങളിൽനിന്ന് അവർ കല്ല് പുനർജ്ജീവിപ്പിക്കുമോ?” എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്യസൈന്യവും കേൾക്കെ പറഞ്ഞു.
3അപ്പോൾ അവന്റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവ്: “അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും” എന്നു പറഞ്ഞു.
4“ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ സ്വന്തതലയിലേക്ക് തിരികെ കൊടുക്കേണമേ. പ്രവാസദേശത്ത് അവരെ കവർച്ചയ്ക്ക് ഏല്പിക്കേണമേ. 5പണിയുന്നവർ കേൾക്കെ അവർ അങ്ങയെ കോപിപ്പിച്ചിരിക്കയാൽ അവരുടെ അകൃത്യം മറയ്ക്കരുതേ; അവരുടെ പാപം അങ്ങേയുടെ മുമ്പിൽനിന്ന് മാഞ്ഞുപോകയും അരുതേ.”
6അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേലചെയ്വാൻ ജനത്തിന് ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ട് മതിൽ മുഴുവനും പകുതി പൊക്കംവരെ തീർത്തു.
7യെരൂശലേമിന്റെ മതിലുകൾ അറ്റകുറ്റം തീർന്നുവരുന്നു എന്നും വിടവുകൾ അടഞ്ഞുതുടങ്ങി എന്നും സൻബല്ലത്തും തോബീയാവും അരാബരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോൾ അവർ കോപാകുലരായി. 8യെരൂശലേമിന്റെ നേരെ ചെന്നു യുദ്ധം ചെയ്യേണ്ടതിനും അവിടെ കലക്കം വരുത്തേണ്ടതിനും അവർ ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി. 9ഞങ്ങളോ ഞങ്ങളുടെ ദൈവത്തോട് പ്രാർത്ഥിച്ചു; അവരുടെ നിമിത്തം രാപ്പകൽ കാവല്ക്കാരെ ആക്കേണ്ടിവന്നു.
10എന്നാൽ യെഹൂദ്യർ: “ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിയുവാൻ നമുക്ക് കഴിയുകയില്ല” എന്നു പറഞ്ഞു.
11ഞങ്ങളുടെ ശത്രുക്കളോ: “അവർ അറിയുകയോ കാണുകയോ ചെയ്യുന്നതിന് മുമ്പെ നാം അവരുടെ ഇടയിൽ ചെന്നു അവരെ കൊന്ന് അവരുടെ പണി മുടക്കാം” എന്നു പറഞ്ഞു.
12അവരുടെ സമീപം പാർത്ത യെഹൂദന്മാർ വന്ന്, “എങ്ങോട്ട് നിങ്ങൾ തിരിഞ്ഞാലും അവർ നമുക്ക് എതിരെ വരും” എന്നു പത്തു പ്രാവശ്യം ഞങ്ങളോട് പറഞ്ഞു. 13അതുകൊണ്ട് ഞാൻ മതിലിന്റെ പുറകിൽ പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബംകുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിർത്തി.
14ഞാൻ നോക്കി എഴുന്നേറ്റ്, പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: “നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടി പൊരുതുവിൻ” എന്നു പറഞ്ഞു.
15ഞങ്ങൾക്ക് അറിവ് കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം ഞങ്ങൾ എല്ലാവരും മതിലിന്റെ പണിയിൽ അവരവരുടെ വേലയ്ക്ക് മടങ്ങിചെല്ലുവാനിടയായി. 16അന്നുമുതൽ എന്റെ ഭൃത്യന്മാരിൽ പകുതിപേർ വേലയ്ക്കും, പകുതിപേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചും നിന്നു. മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു. 17ചുമടെടുക്കുന്ന ചുമട്ടുകാർ ഒരു കൈകൊണ്ട് വേല ചെയ്യുകയും മറ്റെ കൈകൊണ്ട് ആയുധം പിടിക്കയും ചെയ്തു. 18പണിയുന്നവർ അരയ്ക്ക് വാൾ കെട്ടിക്കൊണ്ട് പണിതു. എന്നാൽ കാഹളം ഊതുന്നവൻ എന്റെ അടുക്കൽ തന്നെ ആയിരുന്നു.
19ഞാൻ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: “വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽതമ്മിൽ അകന്നിരിക്കുന്നു. 20നിങ്ങൾ കാഹളനാദം കേൾക്കുന്ന സ്ഥലത്ത് ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്ക് വേണ്ടി യുദ്ധം ചെയ്യും” എന്നു പറഞ്ഞു.
21അങ്ങനെ ഞങ്ങൾ വേല തുടർന്ന്; പകുതിപേർ നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.
22ആ കാലത്ത് ഞാൻ ജനത്തോട്: “രാത്രിയിൽ നമുക്ക് കാവലിനും പകൽ വേല ചെയ്യുന്നതിനും ഉതകത്തക്കവണ്ണം ഓരോരുത്തൻ താന്താന്റെ വേലക്കാരനുമായി യെരൂശലേമിനകത്ത് പാർക്കേണം” എന്നു പറഞ്ഞു.
23ഞാനോ എന്റെ സഹോദരന്മാരോ എന്റെ ബാല്യക്കാരോ എന്റെ കീഴിലുള്ള കാവല്ക്കാരോ ആരും ഉടുപ്പ് മാറിയില്ല. എല്ലാവര്ക്കും ആയുധവും വെള്ളവും ഉണ്ടായിരുന്നു#4:23 ആയുധവും വെള്ളവും ഉണ്ടായിരുന്നു എല്ലാവര്ക്കും ആയുധം കൈയ്യിലുണ്ടായിരുന്നു .
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
നെഹെ. 4: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.