സംഖ്യ. 26
26
രണ്ടാം ജനസംഖ്യാഗണനം
1ബാധകഴിഞ്ഞ് യഹോവ മോശെയോടും പുരോഹിതനായ അഹരോന്‍റെ മകൻ എലെയാസാരിനോടും: 2“യിസ്രായേൽ മക്കളുടെ സർവ്വസഭയെയും ഇരുപതു വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രംഗോത്രമായി എണ്ണി സംഖ്യ എടുക്കുവിൻ” എന്നു കല്പിച്ചു. 3അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്‍റെ സമീപത്ത് യോർദ്ദാനരികെയുള്ള മോവാബ് സമഭൂമിയിൽവച്ച് അവരോട്: 4“യഹോവ മോശെയോടും മിസ്രമിൽ നിന്ന് പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മുകളിലേക്ക് ഉള്ളവരുടെ സംഖ്യ എടുക്കുവിൻ” എന്നു പറഞ്ഞു.
5യിസ്രായേലിന്‍റെ ആദ്യജാതൻ രൂബേൻ; രൂബേന്‍റെ പുത്രന്മാർ: ഹനോക്കിൽനിന്ന് ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്ന് പല്ലൂവ്യകുടുംബം; 6ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; കർമ്മിയിൽനിന്ന് കർമ്മ്യകുടുംബം. 7ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി മൂവായിരത്തി എഴുനൂറ്റിമുപ്പത് (43,730) പേർ.
8പല്ലൂവിൻ്റെ പുത്രന്മാർ: എലീയാബ്. 9എലീയാബിന്‍റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയ്ക്ക് വിരോധമായി കലഹിച്ചപ്പോൾ കോരഹിന്‍റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘപ്രമാണിമാരായ ദാഥാനും അബീരാമും ഇവർ തന്നെ; 10ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളയുകയും തീ ഇരുനൂറ്റമ്പത് പേരെ ദഹിപ്പിക്കുകയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായിത്തീർന്നു. 11എന്നാൽ കോരഹിന്‍റെ പുത്രന്മാർ മരിച്ചില്ല.
12ശിമെയോന്‍റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: നെമൂവേലിൽനിന്ന് നെമൂവേല്യകുടുംബം; യാമീനിൽനിന്ന് യാമീന്യകുടുംബം; യാഖീനിൽനിന്ന് യാഖീന്യകുടുംബം; 13സേരഹിൽനിന്ന് സേരഹ്യകുടുംബം; ശൗലിൽ നിന്ന് ശൗല്യകുടുംബം. 14ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തി രണ്ടായിരത്തി ഇരുനൂറ് (22,200) പേർ.
15ഗാദിന്‍റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സെഫോനിൽനിന്ന് സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്ന് ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്ന് ശൂനീയകുടുംബം; 16ഒസ്നിയിൽനിന്ന് ഒസ്നീയകുടുംബം; ഏരിയിൽനിന്ന് ഏര്യകുടുംബം; 17അരോദിൽനിന്ന് അരോദ്യകുടുംബം; അരേലിയിൽനിന്ന് അരേല്യകുടുംബം. 18അവരിൽ എണ്ണപ്പെട്ടവരായി ഗാദ് പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തി അഞ്ഞൂറ് (40,500) പേർ.
19യെഹൂദായുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻദേശത്തുവച്ച് മരിച്ചുപോയി. 20യെഹൂദായുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശേലായിൽനിന്ന് ശേലാന്യകുടുംബം; പേരെസിൽനിന്ന് പേരെസ്യകുടുംബം; സേരെഹിൽനിന്ന് സേരെഹ്യകുടുംബം. 21പേരെസിന്‍റെ പുത്രന്മാർ: ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്ന് ഹാമൂല്യകുടുംബം. 22അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്തി ആറായിരത്തി അഞ്ഞൂറ് (76,500) പേർ.
23യിസ്സാഖാരിന്‍റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: തോലാവിൽ നിന്ന് തോലാവ്യകുടുംബം; പൂവയിൽനിന്ന് പൂവ്യകുടുംബം; 24യാശൂബിൽനിന്ന് യാശൂബ്യകുടുംബം; ശിമ്രോനിൽനിന്ന് ശിമ്രോന്യകുടുംബം. 25അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തിനാലായിരത്തിമുന്നൂറ് (64,300) പേർ.
26സെബൂലൂൻ്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സേരെദിൽനിന്ന് സേരെദ്യകുടുംബം; ഏലോനിൽനിന്ന് ഏലോന്യകുടുംബം; യഹ്ലേലിൽനിന്ന് യഹ്ലേല്യകുടുംബം. 27അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തി അഞ്ഞൂറ് (60,500) പേർ.
28യോസേഫിന്‍റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: മനശ്ശെയും എഫ്രയീമും. 29മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്ന് മാഖീര്യകുടുംബം; മാഖീരിന്‍റെ പുത്രൻ ഗിലെയാദ്; ഗിലെയാദിൽനിന്ന് ഗിലെയാദ്യകുടുംബം. 30ഗിലെയാദിന്‍റെ പുത്രന്മാർ ഇവരാണ്: ഈയേസെരിൽ നിന്ന് ഈയേസെര്യകുടുംബം; ഹേലെക്കിൽനിന്ന് ഹേലെക്ക്യകുടുംബം. 31അസ്രീയേലിൽനിന്ന് അസ്രീയേല്യകുടുംബം; ശേഖെമിൽനിന്ന് ശേഖെമ്യകുടുംബം; 32ശെമീദാവിൽനിന്ന് ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്ന് ഹേഫെര്യകുടുംബം. 33ഹേഫെരിന്‍റെ മകനായ ശെലോഫെഹാദിന് പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; സെലോഫഹാദിൻ്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസ്സാ എന്നിവരായിരുന്നു. 34അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തി രണ്ടായിരത്തി എഴുനൂറ് (52,700) പേർ. 35എഫ്രയീമിന്‍റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഥേലഹിൽനിന്ന് ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്ന് ബേഖെര്യകുടുംബം; തഹനിൽനിന്ന് തഹന്യകുടുംബം, 36ശൂഥേലഹിൻ്റെ പുത്രന്മാർ ഇവരാണ്: ഏരാനിൽനിന്ന് ഏരാന്യകടുംബം. 37അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ് (32,500) പേർ. ഇവർ കുടുംബംകുടുംബമായി യോസേഫിന്‍റെ പുത്രന്മാർ.
38ബെന്യാമീന്‍റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ബേലയിൽനിന്ന് ബേലാവ്യകുടുംബം; അശ്ബേലിൽനിന്ന് അശ്ബേല്യകുടുംബം; അഹീരാമിൽനിന്ന് അഹീരാമ്യകുടുംബം; 39ശെഫൂമിൽനിന്ന് ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്ന് ഹൂഫാമ്യകുടുംബം. 40ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്ന് അർദ്ദ്യകുടുംബം; നാമാനിൽനിന്ന് നാമാന്യകുടുംബം. 41ഇവർ കുടുംബംകുടുംബമായി ബെന്യാമീന്‍റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി അയ്യായിരത്തി അറുനൂറ് (45,600) പേർ.
42ദാൻ്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഹാമിൽനിന്ന് ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു. 43ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തിനാലായിരത്തിനാനൂറ് (64,400) പേർ.
44ആശേരിന്‍റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യിമ്നയിൽനിന്ന് യിമ്നീയകുടുംബം; യിശ്വയിൽനിന്ന് യിശ്വീയ കുടുംബം; ബെരീയാവിൽനിന്ന് ബെരീയാവ്യകുടുംബം. 45ബെരീയാവിന്‍റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്ന് ഹേബെര്യകുടുംബം; മല്ക്കീയേലിൽനിന്ന് മൽക്കീയേല്യകുടുംബം. 46ആശേരിന്‍റെ പുത്രിക്ക് സാറാ എന്നു പേർ. 47ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തിനാനൂറ് (53,400) പേർ.
48നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യഹ്സേലിൽനിന്ന് യഹ്സേല്യകുടുംബം; ഗൂനിയിൽനിന്ന് ഗൂന്യകുടുംബം; 49യേസെരിൽനിന്ന് യേസെര്യകുടുംബം. ശില്ലേമിൽനിന്ന് ശില്ലോമ്യകുടുംബം. 50ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തിനാനൂറ് (45,400) പേർ.
51യിസ്രായേൽ മക്കളിൽ എണ്ണപ്പെട്ട ഇവർ ആറുലക്ഷത്തി ഓരായിരത്തി എഴുനൂറ്റിമുപ്പത് (6,01,730) പേർ.
52പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 53ഇവർക്ക് അംഗസംഖ്യ അനുസരിച്ച് ദേശത്തെ അവകാശമായി വിഭാഗിച്ച് കൊടുക്കേണം. 54അംഗങ്ങൾ ഏറെയുള്ളവർക്ക് അവകാശം ഏറെയും കുറവുള്ളവർക്ക് അവകാശം കുറച്ചും കൊടുക്കേണം; ഓരോരുത്തന് അവനവന്‍റെ അംഗസംഖ്യ അനുസരിച്ച് അവകാശം കൊടുക്കേണം. 55ദേശത്തെ ചീട്ടിട്ട് വിഭാഗിക്കേണം; അതത് പിതൃഗോത്രത്തിൻ്റെ പേരിനൊത്തവണ്ണം അവർക്ക് അവകാശം ലഭിക്കേണം. 56അംഗങ്ങൾ ഏറെയുള്ളവർക്കും കുറവുള്ളവർക്കും അവകാശം ചീട്ടിട്ട് വിഭാഗിക്കേണം.
57ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ഇവരാണ്: ഗേർശോനിൽനിന്ന് ഗേർശോന്യകുടുംബം; കെഹാത്തിൽനിന്ന് കെഹാത്യകുടുംബം; മെരാരിയിൽനിന്ന് മെരാര്യകുടുംബം. 58ലേവ്യകുടുംബങ്ങൾ ഇതാണ്: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലിയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്തിന്‍റെ പുത്രൻ അമ്രാം. 59അമ്രാമിന്‍റെ ഭാര്യയ്ക്ക് യോഖേബേദ് എന്നു പേർ; അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്ക് ജനിച്ച മകൾ; അവൾ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു. 60അഹരോന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു. 61എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചതിനാൽ മരിച്ചുപോയി. 62ഒരു മാസം പ്രായംമുതൽ മുകളിലേക്ക് അവരിൽ എണ്ണപ്പെട്ട പുരുഷന്മാർ ആകെ ഇരുപത്തിമൂവായിരം (23,000) പേർ; യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്ക് അവകാശം കൊടുക്കായ്കകൊണ്ട് അവരെ യിസ്രായേൽ മക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.
63യെരീഹോവിന്‍റെ സമീപത്ത് യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യിസ്രായേൽ മക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നെ. 64എന്നാൽ മോശെയും അഹരോൻ പുരോഹിതനും സീനായിമരുഭൂമിയിൽവച്ച് യിസ്രായേൽ മക്കളെ എണ്ണിയപ്പോൾ എണ്ണത്തിൽ ഉൾപ്പെട്ട ആരും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. 65‘അവർ മരുഭൂമിയിൽവച്ച് മരിച്ചുപോകും’ എന്നു യഹോവ അവരെക്കുറിച്ച് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്‍റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സംഖ്യ. 26: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
![None](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fml.png&w=128&q=75)
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.