സദൃ. 22

22
1അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും
വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്.
2ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു;
അവരുടെ സ്രഷ്ടാവ് യഹോവ തന്നെ.
3വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു;
അല്പബുദ്ധികളോ നേരെ ചെന്നു അനർത്ഥത്തിൽ അകപ്പെടുന്നു.
4താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം
ധനവും മാനവും ജീവനും ആകുന്നു.
5വക്രന്‍റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്;
തന്‍റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ.
6ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക;
അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല.
7ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു;
കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ.
8നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും;
അവന്‍റെ കോപത്തിന്‍റെ വടി വിഫലമാകും.
9ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും;
കാരണം അവൻ തന്‍റെ ആഹാരത്തിൽനിന്ന് അഗതിക്ക് കൊടുക്കുന്നുവല്ലോ.
10പരിഹാസിയെ നീക്കിക്കളയുക; അപ്പോൾ പിണക്കം ഒഴിഞ്ഞുപോകും;
കലഹവും നിന്ദയും നിന്നുപോകും.
11ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്;
രാജാവ് അവന്‍റെ സ്നേഹിതൻ.
12യഹോവയുടെ കണ്ണുകൾ പരിജ്ഞാനമുള്ളവനെ കാക്കുന്നു;
ദ്രോഹികളുടെ വാക്ക് അവിടുന്ന് മറിച്ചുകളയുന്നു.
13“വെളിയിൽ സിംഹം ഉണ്ട്,
വീഥിയിൽ എനിക്ക് ജീവഹാനി വരും” എന്നു മടിയൻ പറയുന്നു.
14പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു;
യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.
15ബാലന്‍റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു;
ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും.
16ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും
ധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും.
17ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക;
എന്‍റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക.
18അവയെ നിന്‍റെ ഉള്ളിൽ സൂക്ഷിക്കുന്നതും
നിന്‍റെ അധരങ്ങളിൽ അവ ഉറച്ചിരിക്കുന്നതും മനോഹരം.
19നിന്‍റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്
ഞാൻ ഇന്ന് നിന്നോട്, നിന്നോട് തന്നെ, ഉപദേശിച്ചിരിക്കുന്നു.
20നിന്നെ അയച്ചവർക്ക് നീ നേരുള്ള മറുപടി നൽകുവാൻ തക്കവണ്ണം
നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ
21ആലോചനയും പരിജ്ഞാനവും അടങ്ങിയ ഉത്തമവാക്യങ്ങൾ
ഞാൻ നിനക്കു എഴുതിയിട്ടുണ്ടല്ലോ.
22എളിയവനോട് അവൻ എളിയവനാകുകകൊണ്ട് കവർച്ച ചെയ്യരുത്;
അരിഷ്ടനെ പടിവാതില്ക്കൽവച്ചു പീഡിപ്പിക്കുകയും അരുത്.
23യഹോവ അവരുടെ വ്യവഹാരം നടത്തും;
അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.
24കോപശീലനോടു സഖിത്വമരുത്;
ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്.
25നീ അവന്‍റെ വഴികളെ പഠിക്കുവാനും
നിന്‍റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതിവരരുത്.
26നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും
കടത്തിന് ജാമ്യം നില്‍ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്.
27വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ട്
നിന്‍റെ കീഴിൽനിന്ന് നിന്‍റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്?
28നിന്‍റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന
പണ്ടത്തെ അതിര്‍ നീ മാറ്റരുത്.
29പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ?
അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും;
നീചന്മാരുടെ മുമ്പിൽ അവൻ നില്‍ക്കുകയില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സദൃ. 22: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക