സങ്കീ. 2
2
ദൈവത്തിന്റെ അഭിഷിക്ത രാജാവ്
1ജനതകൾ കലഹിക്കുന്നതും
വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?
2യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി
ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും
അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്:
3“നാം അവരുടെ കെട്ടുകൾ പൊട്ടിച്ച്
അവരുടെ കയറുകൾ എറിഞ്ഞുകളയുക.”
4സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;
കർത്താവ് അവരെ പരിഹസിക്കുന്നു.
5അന്നു അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും;
ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
6“എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ
ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.”
7ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു;
യഹോവ എന്നോട് അരുളിച്ചെയ്തത്:
“നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
8എന്നോട് ചോദിച്ചുകൊള്ളുക;
ഞാൻ നിനക്കു ജനതകളെ അവകാശമായും
ഭൂമിയുടെ അറുതികളെ കൈവശമായും തരും;
9ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;
കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.”
10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ;
ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവിൻ.
11ഭയത്തോടെ യഹോവയെ സേവിക്കുവിൻ;
വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ.
12ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു
നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ.
ദൈവത്തിന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ.
ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 2: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.