സങ്കീ. 45
45
രാജകീയ വിവാഹഗീതം
സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം.
1എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു;
“എന്റെ കൃതി രാജാവിന് വേണ്ടിയുള്ളത്” എന്നു ഞാൻ പറയുന്നു.
എന്റെ നാവ് സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
2നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ;
ലാവണ്യം നിന്റെ അധരങ്ങളിൽ പകർന്നിരിക്കുന്നു;
അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
3അല്ലയോ വീരാ, നിന്റെ വാൾ അരയ്ക്ക് കെട്ടുക;
അത് നിന്റെ തേജസ്സും നിന്റെ മഹിമയും തന്നെ.
4സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന്
നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക;
നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങൾ നിനക്കു ഉപദേശിച്ചുതരട്ടെ.
5നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു;
രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു;
ജനതകൾ നിന്റെ മുമ്പിൽ വീഴുന്നു.
6ദൈവം നിനക്കുതന്ന സിംഹാസനം എന്നേക്കുമുള്ളതാകുന്നു#45:6 ദൈവം നിനക്കുതന്ന സിംഹാസനം എന്നേക്കുമുള്ളതാകുന്നു ദൈവമേ, അവിടുത്തെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു;
അങ്ങേയുടെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
7അവിടുന്ന് നീതി ഇഷ്ടപ്പെട്ട് ദുഷ്ടത വെറുക്കുന്നു;
അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ അധികമായി
നിന്നെ ആനന്ദതൈലം കൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
8നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ട് സുഗന്ധപൂരിതമായിരിക്കുന്നു;
ദന്തമന്ദിരങ്ങളിൽനിന്ന് കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
9നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്;
നിന്റെ വലത്തുഭാഗത്ത് രാജ്ഞി ഓഫീർതങ്കം അണിഞ്ഞുകൊണ്ട് നില്ക്കുന്നു.
10അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക.
സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കുക.
11അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും;
അവൻ നിന്റെ നാഥനാകയാൽ നീ അവനെ നമസ്കരിക്കുക.
12ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി
നിന്റെ മുഖപ്രസാദം തേടും.
13അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു;
അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്.
14അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും;
അവളെ അനുഗമിക്കുന്ന കന്യകമാരായ തോഴിമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.
15സന്തോഷത്തോടും ഉല്ലാസത്തോടും കൂടി അവരെ കൊണ്ടുവരും;
അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.
16നിന്റെ പുത്രന്മാർ പിതാക്കന്മാർക്കു പകരം ഇരിക്കും;
സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
17ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും.
അതുകൊണ്ട് ജനതകൾ എന്നും എന്നേക്കും നിന്നെ പ്രകീർത്തിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 45: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.