വെളി. 3
3
സർദ്ദിസിലെ സഭയ്ക്കുള്ള സന്ദേശം
1 സർദ്ദിസിലെ സഭയുടെ ദൂതന് എഴുതുക: ദൈവത്തിന്റെ ഏഴു ആത്മാക്കളും ഏഴു നക്ഷത്രവും വഹിക്കുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു ഒരു പേർ ഉണ്ട് എങ്കിലും നീ മരിച്ചവനാകുന്നു. 2ഉണരുക; മരിക്കാറായ ശേഷിപ്പുകളെ ശക്തീകരിക്ക; എന്തുകൊണ്ടെന്നാൽ ഞാൻ നിന്റെ പ്രവൃത്തി ദൈവത്തിന്റെ കണ്ണിൽ പൂർണ്ണതയുള്ളതായി കണ്ടില്ല. 3അതുകൊണ്ട് നീ പ്രാപിക്കുകയും കേൾക്കുകയും ചെയ്തതു എന്ത് എന്നു ഓർത്തു കാത്തു സൂക്ഷിക്കുകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ ഒരു കള്ളനെപ്പോലെ വരും; ഏത് സമയത്ത് ഞാൻ നിനക്കെതിരെ വരും എന്നു നീ അറിയുകയും ഇല്ല. 4എങ്കിലും തങ്ങളുടെ വസ്ത്രം അഴുക്കാക്കാത്ത കുറെ പേർ സർദ്ദിസിലുണ്ട്. അവർ യോഗ്യതയുള്ളവരാകയാൽ വെള്ളധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും. 5ജയിക്കുന്നവൻ വെള്ളവസ്ത്രം ധരിക്കും; അവന്റെ പേരു ഞാൻ ഒരിക്കലും ജീവപുസ്തകത്തിൽനിന്ന് മായിച്ചു കളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പാകെയും ഞാൻ ഏറ്റുപറയും. 6ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
ഫിലദെൽഫ്യയിലെ സഭയ്ക്കുള്ള സന്ദേശം
7 ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോൽ കയ്യിൽ ഉള്ളവനും ആർക്കും അടച്ചുകൂടാതവണ്ണം തുറക്കുന്നവനും ആർക്കും തുറക്കാനാകാത്ത വിധം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നത്: 8ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ആർക്കും അടയ്ക്കുവാൻ കഴിയാത്തതായ ഒരു തുറന്ന വാതിൽ ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിനക്കു അല്പം ശക്തി#3:8 അല്പം ശക്തി-കുറവ് അംഗങ്ങള് മാത്രമുള്ള സഭ മാത്രമേയുള്ളൂ എങ്കിലും നീ എന്റെ വചനം അനുസരിച്ചു, എന്റെ പേർ തള്ളികളഞ്ഞിട്ടും ഇല്ല. 9ജാഗ്രതയായിരിക്ക! യെഹൂദരല്ലാതിരിക്കെ യഹൂദരെന്ന് കളവായി പറയുന്ന സാത്താന്റെ പള്ളിക്കാരായവരെ ഞാൻ വരുത്തുകയും നിന്റെ പാദത്തിൽ നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അവർ അറിയുവാനും ഇടവരുത്തും. 10ക്ഷമയോടുകൂടി ഇരിപ്പാനുള്ള എന്റെ കല്പന നീ കാത്തുസൂക്ഷിച്ചതിനാൽ ഭൂമിയിൽ ഒക്കെയും ഉള്ളവരെ ശോധന ചെയ്യേണ്ടതിന് ലോകത്തിൽ വരുവാനുള്ള ശോധനാകാലത്ത് ഞാനും നിന്നെ കാത്തുസൂക്ഷിക്കും. 11ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും തട്ടിയെടുക്കാതിരിക്കുവാൻ തക്കവണ്ണം നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾക. 12ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അതിൽനിന്ന് പുറത്തുപോകയില്ല; എന്റെ ദൈവത്തിന്റെ പേരും എന്റെ ദൈവത്തിൽ നിന്നു, സ്വർഗ്ഗത്തിൽനിന്ന് തന്നെ ഇറങ്ങിവരുന്ന, പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ പേരും എന്റെ പുതിയ പേരും ഞാൻ അവന്റെമേൽ എഴുതും. 13ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
ലവൊദിക്ക്യയിലെ സഭയ്ക്കുള്ള സന്ദേശം
14 ലവൊദിക്ക്യയിലെ സഭയുടെ ദൂതന് എഴുതുക: ആമേൻ എന്ന വിശ്വസ്തനും സത്യസാക്ഷിയും ദൈവസൃഷ്ടിയുടെ ആരംഭവും ആയിരിക്കുന്നവൻ അരുളിച്ചെയ്യുന്നത്: 15ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ചൂടുള്ളവനുമല്ല; തണുപ്പുള്ളവനുമല്ല; നീ തണുപ്പുള്ളവനോ ചൂടുള്ളവനോ#3:15 ആത്മികമായി ജീവനോ ആത്മികമായി മരണമോ ഇല്ലാത്തതായ അവസ്ഥ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. 16അതുകൊണ്ട്, നീ തണുപ്പും ചൂടും ഉള്ളവനാകാതെ, അല്പം മാത്രം ചൂടുള്ളവനാകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്നു തുപ്പിക്കളയും. 17ഞാൻ ധനവാൻ; എനിക്ക് ഭൗതിക സ്വത്തുക്കൾ ധാരാളം ഉണ്ട്. എനിക്ക് ഒന്നുംതന്നെ ആവശ്യം ഇല്ല എന്നു നീ പറയുന്നതുകൊണ്ടും; നീ ഏറ്റവും ദുരിതപൂർണ്ണനും ഗതികെട്ടവനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയായ്കകൊണ്ടും; 18നീ സമ്പന്നൻ ആകേണ്ടതിന് തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നത വെളിവാകാതവണ്ണം ധരിക്കേണ്ടതിന് തിളങ്ങുന്ന ശുഭ്രവസ്ത്രവും, നിനക്കു കാഴ്ച ലഭിക്കേണ്ടതിന് കണ്ണിൽ പുരട്ടുവാൻ ലേപവും എന്നോട് വിലയ്ക്കുവാങ്ങുക എന്ന എന്റെ ഉപദേശം കേൾക്കുക. 19എനിക്ക് പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു; അതുകൊണ്ട് നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. 20ഇതാ, ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെല്ലുകയും ഞാൻ അവനോടും അവൻ എന്നോടും കൂടെ ആഹാരം കഴിക്കുകയും ചെയ്യും. 21ജയിക്കുന്നവന് ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ അവകാശം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നെ. 22ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
വെളി. 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.