റോമ. 15
15
1എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നെ പ്രസാദിക്കാതിരിക്കയും വേണം. 2നമ്മിൽ ഓരോരുത്തൻ തന്റെ അയൽക്കാരൻ്റെ നന്മയ്ക്കായി, ആത്മികമായ വളർച്ചയ്ക്കായി അവനെ പ്രസാദിപ്പിക്കേണം.
3“നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ
എന്റെ മേൽ വീണു”
എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തുവും തന്നിൽതന്നേ പ്രസാദിച്ചില്ല. 4എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിനായിട്ട്, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സഹനത്താലും പ്രോത്സാഹനത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന് തന്നെ എഴുതിയിരിക്കുന്നു.
5എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൻ്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന് 6സഹനത്തിൻ്റെയും പ്രോത്സാഹനത്തിൻ്റെയും ദൈവം തന്നെ നിങ്ങൾക്ക് ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഒരേ മനസ്സോടിരിക്കുവാൻ കൃപ നല്കുമാറാകട്ടെ.
7അതുകൊണ്ട് ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. 8പിതാക്കന്മാർക്കു നൽകിയ വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന് 9ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനയ്ക്ക് ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജനതകൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
10“അതുകൊണ്ട് ഞാൻ ജനതകളുടെ ഇടയിൽ നിന്നെ വാഴ്ത്തി,
നിന്റെ നാമത്തിന് സ്തുതിപാടും”
എന്നു എഴുതിയിരിക്കുന്നുവല്ലോ. 11വീണ്ടും:
“ജനതകളേ, അവന്റെ ജനത്തോടു ഒന്നിച്ച് ആനന്ദിപ്പിൻ”
എന്നു പറയുന്നു.
“സകല ജനതകളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകലജനങ്ങളും അവനെ സ്തുതിക്കട്ടെ”
എന്നും പറയുന്നു.
12“യിശ്ശായിയുടെ വേരും ജനതകളെ ഭരിക്കുവാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും;
അവനിൽ ജനതകൾ പ്രത്യാശവെയ്ക്കും”
എന്നു യെശയ്യാവു പറയുന്നു.
13എന്നാൽ പ്രത്യാശയുടെ ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവും കൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ.
14സഹോദരന്മാരേ, നിങ്ങൾ തന്നെ ദയാപൂർണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിക്കുവാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ച് ഉറച്ചിരിക്കുന്നു. 15എങ്കിലും ജനതകളുടെ വഴിപാട് പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ട വസ്തുവായി സ്വീകരിക്കപ്പെടേണ്ടതിന്, ഞാൻ ദൈവത്തിന്റെ സുവിശേഷം പുരോഹിതനായി അർപ്പിച്ചുകൊണ്ട് ജാതികളിലേക്ക് അയയ്ക്കപ്പെട്ടവനായി ക്രിസ്തുയേശുവിൻ്റെ ശുശ്രൂഷകനായിരിക്കേണ്ടതിന് 16ദൈവം എനിക്ക് നല്കിയ കൃപ നിമിത്തം നിങ്ങളെ വീണ്ടും ഓർമ്മപ്പെടുത്തുവാനായി ചില കാര്യങ്ങൾ അതിധൈര്യമായി നിങ്ങൾക്ക് എഴുതിയിരിക്കുന്നു. 17അതുകൊണ്ട് ക്രിസ്തുയേശുവിൽ എനിക്ക് ദൈവസംബന്ധമായ കാര്യങ്ങളിൽ പ്രശംസ ഉണ്ട്. 18ജനതകളുടെ അനുസരണത്തിനായിട്ട് വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും, പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും ക്രിസ്തു എന്നിലൂടെ പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും പറയുവാൻ ഞാൻ തുനിയുകയില്ല. 19അങ്ങനെ ഞാൻ യെരൂശലേം മുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷം പൂർത്തീകരിക്കുവാനിടയായി. 20ഞാൻ മറ്റൊരുവൻ്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന് ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
21“അവനെക്കുറിച്ച് അറിവു കിട്ടിയിട്ടില്ലാത്തവർ കാണും;
കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും”
എന്നു എഴുതിയിരിക്കുന്നതുപോലെ അത്രേ, സുവിശേഷം അറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്.
22അതുകൊണ്ടുതന്നെ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിന് പലപ്പോഴും തടസ്സം വന്നു. 23ഇപ്പോഴോ എനിക്ക് ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും നിങ്ങളുടെ അടുക്കൽ വരുവാൻ അനേകസംവത്സരമായി വാഞ്ചിക്കുകയാലും, 24ഞാൻ സ്പെയിനിലേക്ക് യാത്ര ചെയ്യുമ്പോഴൊക്കെയും, പോകുന്ന വഴിക്ക് നിങ്ങളെ കാണ്മാനും നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയയ്ക്കപ്പെടുവാനും ആശിക്കുന്നു. 25ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്ക് ശുശ്രൂഷ ചെയ്വാൻ യെരൂശലേമിലേക്കു പോകുന്നു. 26യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് ഏതാനും ചില സംഭാവന നൽകുവാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് വളരെ സന്തോഷം തോന്നി. 27അവർക്ക് വളരെ സന്തോഷം തോന്നി എന്നു മാത്രമല്ല, അത് അവർക്ക് കടപ്പാടും ആകുന്നു; ജനതകൾ അവരുടെ ആത്മിക കാര്യങ്ങളിൽ കൂട്ടാളികൾ ആയെങ്കിൽ ഭൗതിക കാര്യങ്ങളിൽ അവർക്ക് ശുശ്രൂഷ ചെയ്വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ. 28ഞാൻ അത് നിവർത്തിച്ചു ഈ ഫലം അവർക്ക് ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പെയിനിലേക്ക് പോകും. 29ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ, ക്രിസ്തുവിന്റെ അനുഗ്രഹനിറവിൽ വരും എന്നു ഞാൻ അറിയുന്നു.
30എന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യിൽനിന്ന് എന്നെ രക്ഷിക്കേണ്ടതിനും യെരൂശലേമിലെ എന്റെ ശുശ്രൂഷ വിശുദ്ധന്മാർക്ക് 31സ്വീകാര്യമായിത്തീരേണ്ടതിനും, അങ്ങനെ ഞാൻ ദൈവഹിതത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ ആശ്വസിക്കേണ്ടതിനും നിങ്ങൾ എനിക്ക് വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടേണം 32എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർമ്മിപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. 33സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
റോമ. 15: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.