എഫെസ്യർ 1:15-23

എഫെസ്യർ 1:15-23 വേദപുസ്തകം

അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകലവിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു, നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു. അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.