എഫെസ്യർ 1:15-23

എഫെസ്യർ 1:15-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ട്, നിങ്ങൾക്കുവേണ്ടി ഇടവിടാതെ സ്തോത്രംചെയ്ത് എന്റെ പ്രാർഥനയിൽ നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട് അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് നിങ്ങൾ അറിയേണ്ടതിനും പ്രാർഥിക്കുന്നു. അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ച് അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കയും സ്വർഗത്തിൽ തന്റെ വലത്തുഭാഗത്ത് എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിനും അത്യന്തം മീതെ ഇരുത്തുകയും സർവവും അവന്റെ കാല്ക്കീഴാക്കി വച്ച് അവനെ സർവത്തിനും മീതെ തലയാക്കി എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭയ്ക്കു കൊടുക്കയും ചെയ്തിരിക്കുന്നു.

പങ്ക് വെക്കു
എഫെസ്യർ 1 വായിക്കുക

എഫെസ്യർ 1:15-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതുനിമിത്തം നിങ്ങൾക്ക് കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും, സകലവിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ച് ഞാൻ കേട്ടിട്ടു, എന്‍റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തു, നിങ്ങൾക്ക് വേണ്ടി ഇടവിടാതെ സ്തോത്രം ചെയ്യുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ, ജ്ഞാനത്തിൻ്റെയും വെളിപാടിൻ്റെയും ആത്മാവിനെ നിങ്ങൾക്ക് തരുമാറാകട്ടെ. നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്, അവന്‍റെ വിളിയാലുള്ള ആശ എന്തെന്നും, വിശുദ്ധന്മാരിൽ അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം എന്തെന്നും, വിശ്വസിക്കുന്ന നമുക്കുവേണ്ടിയുള്ള അവന്‍റെ ശക്തിയുടെ അളവറ്റ വലിപ്പം എന്തെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു. അവന്‍റെ ബലത്തിൻ വല്ലഭത്വത്താൽ പ്രവർത്തിക്കുന്ന ആ ശക്തി തന്നെ ക്രിസ്തുവിലും പ്രവർത്തിച്ച് അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കുകയും, എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും, ഈ ലോകത്തിൽ മാത്രമല്ല, വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിനും അത്യന്തം മീതെയായി സ്വർഗ്ഗസ്ഥലങ്ങളിൽ, തന്‍റെ വലത്തുഭാഗത്ത് ഇരുത്തുകയും ചെയ്തു. സർവ്വവും അവന്‍റെ കാൽക്കീഴാക്കിവയ്ക്കുകയും, എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവൻ്റെ നിറവായിരിക്കുന്ന അവന്‍റെ ശരീരമായ സഭയ്ക്കായി സർവ്വത്തിനും മീതെ അവനെ തലയാക്കുകയും ചെയ്തിരിക്കുന്നു.

പങ്ക് വെക്കു
എഫെസ്യർ 1 വായിക്കുക

എഫെസ്യർ 1:15-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകലവിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു, നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു. അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.

പങ്ക് വെക്കു
എഫെസ്യർ 1 വായിക്കുക

എഫെസ്യർ 1:15-23 സമകാലിക മലയാളവിവർത്തനം (MCV)

ഈ കാരണത്താൽ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള സ്നേഹത്തെയുംകുറിച്ചു കേട്ടതുമുതൽ ഞാനും എന്റെ പ്രാർഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങൾക്കുവേണ്ടി എപ്പോഴും സ്തോത്രംചെയ്തുകൊണ്ടിരിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം, തേജോമയനായ പിതാവ്, അവിടത്തെ സുവ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകട്ടെ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു. മാത്രവുമല്ല, നിങ്ങളുടെ ഹൃദയം പ്രകാശപൂരിതമായിത്തീർന്നിട്ട് അവിടന്ന് നിങ്ങളെ വിളിച്ചിരിക്കുന്ന പ്രത്യാശയും അവിടത്തെ വിശുദ്ധർക്കു ലഭിക്കാനിരിക്കുന്ന തേജോമയമായ അവകാശത്തിന്റെ സമൃദ്ധിയും വിശ്വസിക്കുന്നവരായ നമുക്കുവേണ്ടിയുള്ള അവിടത്തെ അതുല്യമായ ശക്തിയും നിങ്ങൾ അറിയേണമെന്നും ഞാൻ പ്രാർഥിക്കുന്നു. ഈ ശക്തിതന്നെയാണ്, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും മീതേ സ്വർഗത്തിൽ തന്റെ വലതുഭാഗത്ത്, ഈ യുഗത്തിൽമാത്രമല്ല, വരാനുള്ളതിലും വിളിക്കപ്പെട്ട എല്ലാ നാമത്തിനും അത്യന്തം മീതേ, ഇരുത്താൻ ദൈവം പ്രയോഗിച്ച അതിമഹത്തായ ശക്തി. അവിടന്നു സകലതും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കി ക്രിസ്തുവിനെ എല്ലാറ്റിന്റെയും ശിരസ്സായിരിക്കാൻ സഭയ്ക്കുവേണ്ടി നിയോഗിച്ചിരിക്കുന്നു. സകലത്തെയും സർവവിധത്തിലും സമ്പൂർണമാക്കുന്ന അവിടത്തെ സമ്പൂർണതയാകുന്നു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ.

പങ്ക് വെക്കു
എഫെസ്യർ 1 വായിക്കുക