ഉല്പത്തി 19

19
1ആ രണ്ടു ദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണവാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റുചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു: 2യജമാനന്മാരേ, അടിയന്റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാർപ്പിൻ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നു: അല്ല, ഞങ്ങൾ വീഥിയിൽ തന്നേ രാപാർക്കും എന്നു അവർ പറഞ്ഞു. 3അവൻ അവരെ ഏറ്റവും നിർബന്ധിച്ചു; അപ്പോൾ അവർ അവന്റെ അടുക്കൽ തിരിഞ്ഞു അവന്റെ വീട്ടിൽ ചെന്നു; അവൻ അവർക്കു വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവർ ഭക്ഷണം കഴിച്ചു. 4അവർ ഉറങ്ങുവാൻ പോകുമ്മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരും വന്നു വീടു വളഞ്ഞു. 5#ന്യായാധിപന്മാർ 19:22-24അവർ ലോത്തിനെ വിളിച്ചു: ഈ രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു. 6ലോത്ത് വാതിൽക്കൽ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതകു അടെച്ചുംവെച്ചു: 7സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ. 8പുരുഷൻ തൊടാത്ത രണ്ടു പുത്രിമാർ എനിക്കുണ്ടു; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവർ എന്റെ വീട്ടിന്റെ നിഴലിൽ വന്നതു എന്നു പറഞ്ഞു. 9മാറിനിൽക എന്നു അവർ പറഞ്ഞു. ഇവനൊരുത്തൻ പരദേശിയായി വന്നു പാർക്കുന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോൾ ഞങ്ങൾ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവർ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതിൽ പൊളിപ്പാൻ അടുത്തു. 10അപ്പോൾ ആ പുരുഷന്മാർ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കൽ അകത്തു കയറ്റി വാതിൽ അടെച്ചു, 11#2. രാജാക്കന്മാർ 6:18വാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാർക്കു അബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ടു അവർ വാതിൽ തപ്പിനടന്നു വിഷമിച്ചു. 12ആ പുരുഷന്മാർ ലോത്തിനോടു: ഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കെൾക; 13ഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നിരിക്കകൊണ്ടു ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. 14അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്‌വാനുള്ള മരുമക്കളോടു സംസാരിച്ചു: നിങ്ങൾ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിൻ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാൽ അവൻ കളി പറയുന്നു എന്നു അവന്റെ മരുമക്കൾക്കു തോന്നി. 15ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിന്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പൊയ്ക്കൾക എന്നു പറഞ്ഞു. 16#2. പത്രൊസ് 2:7അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി. 17അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവൻ: ജീവരക്ഷെക്കായി ഓടിപ്പോക; പുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നിൽക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവ്വതത്തിലേക്കു ഓടിപ്പോക എന്നു പറഞ്ഞു. 18ലോത്ത് അവരോടു പറഞ്ഞതു: അങ്ങനെയല്ല കർത്താവേ; 19നിനക്കു അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പർവ്വതത്തിൽ ഓടി എത്തുവാൻ എനിക്കു കഴികയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം ഭവിക്കും. 20ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഓടാം; അതു ചെറിയതുമാകുന്നു; ഞാൻ അവിടേക്കു ഓടിപ്പേകട്ടെ. അതു ചെറിയതല്ലോ; എന്നാൽ എനിക്കു ജീവരക്ഷ ഉണ്ടാകും. 21അവൻ അവനോടു: ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല. 22ബദ്ധപ്പെട്ടു അവിടേക്കു ഓടിപ്പോക; നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്‌വാൻ കഴികയില്ല എന്നു പറഞ്ഞു. അതുകൊണ്ടു ആ പട്ടണത്തിന്നു സോവർ എന്നു പേരായി. 23ലോത്ത് സോവരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു. 24#മത്തായി 10:15; 11:23,24; ലൂക്കൊസ് 10:12; 17:29; 2. പത്രൊസ് 2:6; യൂദാ 1:7യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു. 25ആ പട്ടണങ്ങൾക്കും പ്രദേശത്തിന്നു മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി. 26#ലൂക്കൊസ് 17:32ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു. 27അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു, 28സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു.
29എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്കു ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.
30അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. 31അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല. 32വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 34പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു. 35അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 36ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. 37മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു. 38ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ഉല്പത്തി 19: വേദപുസ്തകം

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു