എബ്രായർ 10:19-25

എബ്രായർ 10:19-25 വേദപുസ്തകം

അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക. പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ. ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.