ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു. അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിൻ എന്നു അവർക്കു ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. അവൻ വന്നു ഉടനെ അടുത്തുചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു. അവർ അവന്റെമേൽ കൈവച്ചു അവനെ പിടിച്ചു. അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു. യേശു അവരോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ? *ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്കു നിവൃത്തി വരേണ്ടതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു. ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി. ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതെച്ചുംകൊണ്ടു അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു. അവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി. അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു. പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്നു തീ കാഞ്ഞുകൊണ്ടിരുന്നു. മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും. അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല. ചിലർ എഴുന്നേറ്റു അവന്റെ നേരെ: ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു. എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല. മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു. അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു. ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു. അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു. ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു. പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
മർക്കൊസ് 14 വായിക്കുക
കേൾക്കുക മർക്കൊസ് 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊസ് 14:43-72
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ