മർക്കൊസ് 14:43-72
മർക്കൊസ് 14:43-72 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ, പന്തിരുവരിൽ ഒരുത്തനായ യൂദായും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നിവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു. അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻതന്നെ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിൻ എന്ന് അവർക്ക് ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. അവൻ വന്ന് ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞ് അവനെ ചുംബിച്ചു. അവർ അവന്റെമേൽ കൈവച്ച് അവനെ പിടിച്ചു. അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാത് അറുത്തു. യേശു അവരോട്: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ? ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്ക് നിവൃത്തിവരേണ്ടതിന് ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു. ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി. ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതച്ചുംകൊണ്ട് അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു. അവനോ പുതപ്പ് വിട്ട് നഗ്നനായി ഓടിപ്പോയി. അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നുകൂടിയിരുന്നു. പത്രൊസ് മഹാപുരോഹിതന്റെ അരമനയ്ക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്നു തീ കാഞ്ഞുകൊണ്ടിരുന്നു. മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്റെ നേരേ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും. അനേകർ അവന്റെ നേരേ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല. ചിലർ എഴുന്നേറ്റ് അവന്റെ നേരേ: ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്ന് ഇവൻ പറഞ്ഞത് ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു. എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല. മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോട്: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്ന് ചോദിച്ചു. അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു. ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു. അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: ഇനി സാക്ഷികളെക്കൊണ്ടു നമുക്ക് എന്ത് ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്ന് എല്ലാവരും വിധിച്ചു. ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്ന് അവനോടു പറകയും ചെയ്തുതുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കൈയേറ്റു. പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, പത്രൊസ് തീ കായുന്നതു കണ്ട് അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. നീ പറയുന്നതു തിരിയുന്നില്ല, ബോധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോട്: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നെ എന്നു പറഞ്ഞുതുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറയനേരം കഴിഞ്ഞിട്ട് അരികെ നിന്നവർ പത്രൊസിനോട്: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന് അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി. കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
മർക്കൊസ് 14:43-72 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇങ്ങനെ പറഞ്ഞുകൊണ്ടു നില്‌ക്കുമ്പോൾത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് അവിടെയെത്തി; മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും അയച്ച ഒരു ജനസഞ്ചയം വാളും വടിയുമായി യൂദാസിനോടുകൂടി ഉണ്ടായിരുന്നു. “ഞാൻ ആരെ ചുംബിക്കുന്നുവോ, അയാളാണ് ആ മനുഷ്യൻ” എന്നും “അയാളെ പിടിച്ച് കരുതലോടുകൂടി കൊണ്ടുപൊയ്‍ക്കൊള്ളണം” എന്നും ഒറ്റുകാരനായ യൂദാസ് അവർക്കു നിർദേശം നല്‌കിയിരുന്നു. അയാൾ ഉടനെ യേശുവിന്റെ അടുത്തുചെന്ന് “ഗുരോ” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു. അവർ അവിടുത്തെ പിടിക്കുകയും ചെയ്തു. അടുത്തു നിന്നവരിൽ ഒരാൾ വാളൂരി മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി, അവന്റെ കാത് ഛേദിച്ചുകളഞ്ഞു. അപ്പോൾ യേശു പറഞ്ഞു: “ഒരു കൊള്ളക്കാരന്റെ നേരെ എന്നവിധം എന്നെ പിടിക്കുവാൻ നിങ്ങൾ വാളും വടിയുമായി വന്നിരിക്കുന്നുവോ? നിത്യേന ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരുന്നല്ലോ? എന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ വേദലിഖിതങ്ങൾ നിറവേറണമല്ലോ. തത്സമയം ശിഷ്യന്മാർ എല്ലാവരും യേശുവിനെ വിട്ട് ഓടിപ്പോയി. പുതപ്പുമാത്രം ദേഹത്തു ചുറ്റിയിരുന്ന ഒരു യുവാവ് യേശുവിനെ അനുഗമിച്ചിരുന്നു. അവർ അവനെയും പിടികൂടി. എന്നാൽ അവൻ പുതപ്പ് ഉപേക്ഷിച്ചിട്ട് നഗ്നനായി ഓടി രക്ഷപെട്ടു. അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കലേക്കു കൊണ്ടുപോയി. എല്ലാ മുഖ്യപുരോഹിതന്മാരും ജനപ്രമാണിമാരും മതപണ്ഡിതന്മാരും അവിടെ കൂടിയിരുന്നു. പത്രോസ് കുറേ ദൂരെ മാറി യേശുവിന്റെ പിന്നാലെ ചെന്ന്, മഹാപുരോഹിതന്റെ അരമനയുടെ അങ്കണംവരെ എത്തി, അവിടത്തെ കാവൽഭടന്മാരോടുകൂടി തീ കാഞ്ഞുകൊണ്ടിരുന്നു. മുഖ്യപുരോഹിതന്മാരും സന്നദ്രിംസംഘം മുഴുവനും യേശുവിനു വധശിക്ഷ നല്‌കുന്നതിനു അവിടുത്തേക്കെതിരെയുള്ള സാക്ഷ്യങ്ങൾ അന്വേഷിക്കുകയായിരുന്നു; പക്ഷേ ഒന്നും കണ്ടെത്തിയില്ല. യേശുവിനെതിരെ പലരും സത്യവിരുദ്ധമായ മൊഴി നല്‌കിക്കൊണ്ടിരുന്നു. എന്നാൽ അവരുടെ മൊഴികൾ പരസ്പരം പൊരുത്തപ്പെട്ടില്ല. ‘മനുഷ്യനിർമിതമായ ഈ വിശുദ്ധമന്ദിരം പൊളിച്ച് മനുഷ്യനിർമിതമല്ലാത്ത മറ്റൊന്ന് മൂന്നു ദിവസത്തിനകം ഞാൻ പണിയും’ എന്ന് ഇയാൾ പറയുന്നതു ഞങ്ങൾ കേട്ടു എന്നു ചിലർ യേശുവിനെതിരെ സാക്ഷ്യം പറഞ്ഞു. ഇതിലും അവരുടെ മൊഴികൾ തമ്മിൽ പൊരുത്തമില്ലായിരുന്നു. മഹാപുരോഹിതൻ അവരുടെ മധ്യത്തിൽ എഴുന്നേറ്റുനിന്നുകൊണ്ട് യേശുവിനോട്, “നിങ്ങൾക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്? ഇവയ്‍ക്കൊന്നും നിങ്ങൾ മറുപടി പറയുന്നില്ലേ?” എന്നു ചോദിച്ചു. എന്നാൽ യേശു ഒന്നും പറയാതെ മൗനം അവലംബിച്ചതേയുള്ളൂ. വീണ്ടും മഹാപുരോഹിതൻ ചോദിച്ചു: “നിങ്ങൾ വാഴ്ത്തപ്പെട്ട ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആണോ?” യേശു പ്രതിവചിച്ചു: അതേ, ഞാനാകുന്നു; മനുഷ്യപുത്രൻ സർവശക്തന്റെ വലത്തുഭാഗത്തിരിക്കുന്നതും വിൺമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും.” അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി. “ഇനി സാക്ഷികളുടെ ആവശ്യം എന്ത്? ഇയാൾ പറഞ്ഞ ദൈവദൂഷണം നിങ്ങൾ കേട്ടു കഴിഞ്ഞല്ലോ; നിങ്ങൾക്ക് എന്തു തോന്നുന്നു?” എന്ന് അദ്ദേഹം ചോദിച്ചു. “ഇയാൾ വധശിക്ഷയ്‍ക്കു അർഹൻ” എന്ന് എല്ലാവരും വിധിച്ചു. ചിലർ യേശുവിന്റെമേൽ തുപ്പുകയും മുഖം മൂടിക്കെട്ടിയശേഷം “പ്രവചിച്ചാലും!” എന്നു പറഞ്ഞുകൊണ്ട് മുഷ്‍ടിചുരുട്ടി ഇടിക്കുകയും ചെയ്തു. അരമനയിലെ കാവൽഭടന്മാർ യേശുവിനെ അടിച്ചുകൊണ്ട് ഏറ്റുവാങ്ങി. പത്രോസ് താഴെ നടുമുറ്റത്തിരിക്കുകയായിരുന്നു. അപ്പോൾ മഹാപുരോഹിതന്റെ ഒരു പരിചാരിക വന്നു തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “നിങ്ങളും നസറായനായ യേശുവിന്റെകൂടെ ഉണ്ടായിരുന്നുവല്ലോ” എന്നു പറഞ്ഞു. അപ്പോൾ പത്രോസ്, “നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ; എനിക്കു മനസ്സിലാകുന്നുമില്ല” എന്നു തള്ളിപ്പറഞ്ഞു. അനന്തരം പത്രോസ് പുറത്തുള്ള പടിപ്പുരയിലേക്കുപോയി. അപ്പോൾ കോഴി കൂകി. ആ പരിചാരിക അദ്ദേഹത്തെ നോക്കിയിട്ട് ഈ മനുഷ്യൻ അവരിലൊരാൾ തന്നെയാണെന്ന് അടുത്തു നിന്നവരോടു വീണ്ടും പറഞ്ഞു. എന്നാൽ പത്രോസ് വീണ്ടും നിഷേധിച്ചു. കുറെക്കഴിഞ്ഞ് അടുത്തുനിന്നവർ “തീർച്ചയായും നിങ്ങൾ അവരുടെ കൂട്ടത്തിലൊരാളാണ്; നിങ്ങൾ ഒരു ഗലീലക്കാരനാണല്ലോ” എന്നു പത്രോസിനോടു പറഞ്ഞു. അപ്പോൾ അദ്ദേഹം “നിങ്ങൾ പറയുന്ന ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു സത്യം ചെയ്യുകയും ശപിക്കുകയും ചെയ്തു. തൽക്ഷണം കോഴി രണ്ടാമതും കൂകി. “കോഴി രണ്ടുവട്ടം കൂകുന്നതിനുമുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്ന്” യേശു തന്നോടു പറഞ്ഞ വാക്ക് ഓർത്ത് പത്രോസ് ഉള്ളുരുകി പൊട്ടിക്കരഞ്ഞു.
മർക്കൊസ് 14:43-72 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഉടനെ, അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ, പന്തിരുവരിൽ ഒരുവനായ യൂദയും അവനോടുകൂടെ മുഖ്യപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു. അവനെ ഒറ്റികൊടുക്കുന്നവൻ: “ഞാൻ ആരെ ചുംബിക്കുമോ അവൻ തന്നെ ആകുന്നു; അവനെ പിടിച്ച് സുരക്ഷിതമായി കൊണ്ടുപോകുവിൻ” എന്നു അവർക്ക് ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. യൂദാ വന്ന ഉടനെ യേശുവിന്റെ അടുത്തുചെന്ന്: “റബ്ബീ,” എന്നു പറഞ്ഞു അവനെ ചുംബിച്ചു. അവർ അവന്റെമേൽ കൈവച്ച് അവനെ പിടിച്ചു. അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാത് അറുത്തു. യേശു അവരോട്: “ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ? ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ട് നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്ക് നിവൃത്തി വരേണ്ടതിന് ഇങ്ങനെ സംഭവിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ യേശുവിന്‍റെ കൂടെയുണ്ടായിരുന്ന എല്ലാവരും അവനെ വിട്ടു ഓടിപ്പോയി. ഒരു ബാല്യക്കാരൻ തന്‍റെ ശരീരത്തിന്മേൽ പുതപ്പ് മാത്രം പുതച്ചുംകൊണ്ട് അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു. അവനോ ആ പുതപ്പ് അവിടെ വിട്ടു നഗ്നനായി ഓടിപ്പോയി. അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ എല്ലാ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും വന്നു കൂടിയിരുന്നു. പത്രൊസ് മഹാപുരോഹിതന്‍റെ അരമനയുടെ മുറ്റംവരെ അവനെ അല്പം ദൂരെയായി അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്ന് തീ കാഞ്ഞുകൊണ്ടിരുന്നു. മുഖ്യപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവനെതിരെ സാക്ഷ്യം അന്വേഷിച്ചു, കണ്ടില്ലതാനും. അനേകർ അവന്‍റെനേരെ കള്ളസാക്ഷ്യം പറഞ്ഞു; എന്നാൽ അവരുടെ സാക്ഷ്യംപോലും ഒത്തുവന്നില്ല. ചിലർ എഴുന്നേറ്റ് അവന്‍റെനേരെ: “ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ച് മൂന്നു ദിവസംകൊണ്ട് കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞത് ഞങ്ങൾ കേട്ടു” എന്നു കള്ളസാക്ഷ്യം പറഞ്ഞു. എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല. മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: “നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്‍റെനേരെ സാക്ഷ്യം പറയുന്നത് എന്ത്?” എന്നു ചോദിച്ചു. അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: “നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ?” എന്നു ചോദിച്ചു. “ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും” എന്നു യേശു പറഞ്ഞു. അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: “ഇനി സാക്ഷികളെക്കൊണ്ട് നമുക്കു എന്ത് ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; എന്താണ് നിങ്ങളുടെ തീരുമാനം?” എന്നു ചോദിച്ചു. “അവൻ മരണയോഗ്യൻ” എന്നു എല്ലാവരും വിധിച്ചു. ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടിചുരുട്ടി കുത്തുകയും ‘പ്രവചിക്ക’ എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ ഏറ്റുവാങ്ങി അടിച്ചു. പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോൾ മഹാപുരോഹിതന്‍റെ വേലക്കാരത്തികളിൽ ഒരുവൾ വന്നു, പത്രൊസ് തീ കായുന്നത് കണ്ടു അവനെ സൂക്ഷിച്ചുനോക്കി: “നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു” എന്നു പറഞ്ഞു. “നീ പറയുന്നത് എന്തെന്ന് ഞാൻ അറിയുന്നുമില്ല, എനിക്ക് മനസ്സിലാകുന്നതുമില്ല” എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പുറത്തു പടിപ്പുരയിലേക്കു പോയപ്പോൾ കോഴി കൂകി. ആ വേലക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്ത് നില്ക്കുന്നവരോട്: “ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നെ” എന്നു പറഞ്ഞുതുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞശേഷം അരികെ നിന്നവർ പത്രൊസിനോട്: “നിശ്ചയമായും നീ ആ കൂട്ടരിൽ ഉള്ളവൻ തന്നെ; നീയും ഗലീലക്കാരനല്ലോ” എന്നു പറഞ്ഞു. “നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല” എന്നു പറഞ്ഞ് അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി. “കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും“ എന്നു യേശു തന്നോട് പറഞ്ഞവാക്ക് ഓർത്തു പത്രൊസ് പൊട്ടിക്കരഞ്ഞു.
മർക്കൊസ് 14:43-72 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു. അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിൻ എന്നു അവർക്കു ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. അവൻ വന്നു ഉടനെ അടുത്തുചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു. അവർ അവന്റെമേൽ കൈവച്ചു അവനെ പിടിച്ചു. അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു. യേശു അവരോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ? *ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്കു നിവൃത്തി വരേണ്ടതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു. ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി. ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതെച്ചുംകൊണ്ടു അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു. അവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി. അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു. പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്നു തീ കാഞ്ഞുകൊണ്ടിരുന്നു. മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും. അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല. ചിലർ എഴുന്നേറ്റു അവന്റെ നേരെ: ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു. എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല. മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു. അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു. ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു. അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു. ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു. പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
മർക്കൊസ് 14:43-72 സമകാലിക മലയാളവിവർത്തനം (MCV)
യേശു സംസാരിക്കുമ്പോൾ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി. പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനക്കൂട്ടം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു. അദ്ദേഹത്തെ ഒറ്റിക്കൊടുക്കുന്ന, യൂദാ, “ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക” എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു. “യേശുവിനെ ബന്ധിച്ച് കരുതലോടെ കൊണ്ടുപൊയ്ക്കൊള്ളണം” എന്നും നിർദേശിച്ചിരുന്നു. അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന് “റബ്ബീ!” എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു. ഉടനെ ജനം യേശുവിനെ കടന്നുപിടിച്ച് അദ്ദേഹത്തെ ബന്ധിച്ചു. അപ്പോൾ, യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാൾ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ കാത് ഛേദിച്ചുകളഞ്ഞു. യേശു അവരോട്, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്? ഞാൻ ദിവസവും ഉപദേശിച്ചുകൊണ്ട് ദൈവാലയാങ്കണത്തിൽ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ എന്നെ നിങ്ങൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? എന്നാൽ തിരുവെഴുത്തുകൾ നിറവേറുന്നതിന് ഇതെല്ലാം സംഭവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾത്തന്നെ എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഒരു യുവാവ് പുതപ്പുമാത്രം ധരിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം അയാളെ പിടിച്ചപ്പോൾ അയാൾ വസ്ത്രം ഉപേക്ഷിച്ചിട്ടു നഗ്നനായി ഓടിപ്പോയി. അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുചെന്നു. എല്ലാ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും വേദജ്ഞരും അവിടെ ഒരുമിച്ചുകൂടി. അപ്പോൾ പത്രോസ്, മഹാപുരോഹിതന്റെ അരമനാങ്കണംവരെ അൽപ്പം അകലംവിട്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. അവിടെ പത്രോസ് കാവൽക്കാരോടുകൂടെ തീകാഞ്ഞുകൊണ്ടിരുന്നു. പുരോഹിതമുഖ്യന്മാരും യെഹൂദന്യായാധിപസമിതി മുഴുവനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിന് ഉതകുന്ന തെളിവുകൾ അദ്ദേഹത്തിനെതിരേ അന്വേഷിച്ചു. പലരും യേശുവിനെതിരായി കള്ളസാക്ഷ്യം പറഞ്ഞെങ്കിലും അവരുടെ മൊഴികൾ പരസ്പരം പൊരുത്തപ്പെട്ടില്ലെന്നുമാത്രമല്ല, അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചുമില്ല. അപ്പോൾ ചിലർ എഴുന്നേറ്റ് അദ്ദേഹത്തിന് എതിരായി, “ ‘കൈകളാൽ നിർമിച്ച ഈ മന്ദിരം നശിപ്പിച്ചശേഷം കൈകൊണ്ടു നിർമിക്കാത്ത മറ്റൊന്ന് മൂന്ന് ദിവസത്തിനകം ഞാൻ പണിയും’ എന്ന് ഇയാൾ പറഞ്ഞതു ഞങ്ങൾ കേട്ടിരിക്കുന്നു” എന്നു ബോധിപ്പിച്ചു. എന്നിട്ടും അവരുടെ സാക്ഷ്യങ്ങൾ പൊരുത്തപ്പെട്ടില്ല. അപ്പോൾ മഹാപുരോഹിതൻ അവരുടെമുമ്പാകെ എഴുന്നേറ്റുനിന്നുകൊണ്ട്, “നിനക്ക് മറുപടിയൊന്നും ഇല്ലേ? ഇവർ നിനക്കെതിരായി ഉന്നയിക്കുന്ന ഈ സാക്ഷ്യം എന്ത്?” എന്ന് യേശുവിനോട് ചോദിച്ചു. യേശുവോ, മറുപടിയൊന്നും കൊടുക്കാതെ നിശ്ശബ്ദനായിരുന്നു. മഹാപുരോഹിതൻ വീണ്ടും അദ്ദേഹത്തോട്: “താങ്കൾ അതിവന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവാണോ?” എന്നു ചോദിച്ചു. അതിന് യേശു, “ ‘ഞാൻ ആകുന്നു,’ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ മഹാപുരോഹിതൻ തന്റെ വസ്ത്രംകീറി. “ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത്? നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ. നിങ്ങൾ എന്തു വിധിക്കുന്നു?” എന്ന് അദ്ദേഹം ചോദിച്ചു. അയാൾ വധശിക്ഷയ്ക്ക് അർഹൻ എന്ന് എല്ലാവരും വിധിച്ചു. അപ്പോൾ ചിലർ അദ്ദേഹത്തിന്റെമേൽ തുപ്പാൻ തുടങ്ങി, അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടി മുഷ്ടിചുരുട്ടി അദ്ദേഹത്തെ ഇടിച്ചുകൊണ്ട് “പ്രവചിക്കുക” എന്നു പറയുകയും ചെയ്തു. തുടർന്ന് കാവൽക്കാർ അദ്ദേഹത്തെ ഏറ്റുവാങ്ങി പ്രഹരിച്ചു. പത്രോസ് താഴേ അങ്കണത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മഹാപുരോഹിതന്റെ വേലക്കാരിയായ ഒരു പെൺകുട്ടി അവിടെ എത്തി, തീകാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കി. “നീയും ആ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ,” എന്നു പറഞ്ഞു. എന്നാൽ, പത്രോസ് അതു നിഷേധിച്ചു. “എനിക്ക് അറിഞ്ഞുകൂടാ; നീ എന്താണു പറയുന്നത്; എനിക്കു മനസ്സിലാകുന്നില്ലല്ലോ” എന്നു പറഞ്ഞുകൊണ്ട് പടിപ്പുരയിലേക്കു പോയി; അപ്പോൾ കോഴി കൂവി. ആ വേലക്കാരി അയാളെ അവിടെ കണ്ടപ്പോൾ, ചുറ്റും നിന്നിരുന്നവരോട്, “ഈ മനുഷ്യൻ അക്കൂട്ടത്തിൽ ഒരാളാണ്” എന്ന് പിന്നെയും പറഞ്ഞുതുടങ്ങി. അയാൾ വീണ്ടും അതു നിഷേധിച്ചു. അൽപ്പസമയം കഴിഞ്ഞ്, അടുത്തുനിന്നിരുന്നവർ പത്രോസിനോട്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നീ ഒരു ഗലീലക്കാരനാണല്ലോ” എന്നു പറഞ്ഞു. “നീ പറയുന്ന ആ മനുഷ്യനെ ഞാൻ അറിയുകയേ ഇല്ല!” എന്നു പറഞ്ഞുകൊണ്ട് അയാൾ ആണയിടാനും ശപിക്കാനും തുടങ്ങി. ഉടനെ കോഴി രണ്ടാംപ്രാവശ്യം കൂവി. “കോഴി രണ്ടുപ്രാവശ്യം കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു പറഞ്ഞിരുന്ന വാക്ക് പത്രോസ് ഓർത്ത് ഹൃദയം തകർന്നു പൊട്ടിക്കരഞ്ഞു.