മർക്കോസ് 14:43-72

മർക്കോസ് 14:43-72 MCV

യേശു സംസാരിക്കുമ്പോൾ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി. പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനക്കൂട്ടം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു. അദ്ദേഹത്തെ ഒറ്റിക്കൊടുക്കുന്ന, യൂദാ, “ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക” എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു. “യേശുവിനെ ബന്ധിച്ച് കരുതലോടെ കൊണ്ടുപൊയ്ക്കൊള്ളണം” എന്നും നിർദേശിച്ചിരുന്നു. അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന് “റബ്ബീ!” എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു. ഉടനെ ജനം യേശുവിനെ കടന്നുപിടിച്ച് അദ്ദേഹത്തെ ബന്ധിച്ചു. അപ്പോൾ, യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാൾ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ കാത് ഛേദിച്ചുകളഞ്ഞു. യേശു അവരോട്, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്? ഞാൻ ദിവസവും ഉപദേശിച്ചുകൊണ്ട് ദൈവാലയാങ്കണത്തിൽ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ എന്നെ നിങ്ങൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? എന്നാൽ തിരുവെഴുത്തുകൾ നിറവേറുന്നതിന് ഇതെല്ലാം സംഭവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾത്തന്നെ എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഒരു യുവാവ് പുതപ്പുമാത്രം ധരിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം അയാളെ പിടിച്ചപ്പോൾ അയാൾ വസ്ത്രം ഉപേക്ഷിച്ചിട്ടു നഗ്നനായി ഓടിപ്പോയി. അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുചെന്നു. എല്ലാ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും വേദജ്ഞരും അവിടെ ഒരുമിച്ചുകൂടി. അപ്പോൾ പത്രോസ്, മഹാപുരോഹിതന്റെ അരമനാങ്കണംവരെ അൽപ്പം അകലംവിട്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. അവിടെ പത്രോസ് കാവൽക്കാരോടുകൂടെ തീകാഞ്ഞുകൊണ്ടിരുന്നു. പുരോഹിതമുഖ്യന്മാരും യെഹൂദന്യായാധിപസമിതി മുഴുവനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിന് ഉതകുന്ന തെളിവുകൾ അദ്ദേഹത്തിനെതിരേ അന്വേഷിച്ചു. പലരും യേശുവിനെതിരായി കള്ളസാക്ഷ്യം പറഞ്ഞെങ്കിലും അവരുടെ മൊഴികൾ പരസ്പരം പൊരുത്തപ്പെട്ടില്ലെന്നുമാത്രമല്ല, അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചുമില്ല. അപ്പോൾ ചിലർ എഴുന്നേറ്റ് അദ്ദേഹത്തിന് എതിരായി, “ ‘കൈകളാൽ നിർമിച്ച ഈ മന്ദിരം നശിപ്പിച്ചശേഷം കൈകൊണ്ടു നിർമിക്കാത്ത മറ്റൊന്ന് മൂന്ന് ദിവസത്തിനകം ഞാൻ പണിയും’ എന്ന് ഇയാൾ പറഞ്ഞതു ഞങ്ങൾ കേട്ടിരിക്കുന്നു” എന്നു ബോധിപ്പിച്ചു. എന്നിട്ടും അവരുടെ സാക്ഷ്യങ്ങൾ പൊരുത്തപ്പെട്ടില്ല. അപ്പോൾ മഹാപുരോഹിതൻ അവരുടെമുമ്പാകെ എഴുന്നേറ്റുനിന്നുകൊണ്ട്, “നിനക്ക് മറുപടിയൊന്നും ഇല്ലേ? ഇവർ നിനക്കെതിരായി ഉന്നയിക്കുന്ന ഈ സാക്ഷ്യം എന്ത്?” എന്ന് യേശുവിനോട് ചോദിച്ചു. യേശുവോ, മറുപടിയൊന്നും കൊടുക്കാതെ നിശ്ശബ്ദനായിരുന്നു. മഹാപുരോഹിതൻ വീണ്ടും അദ്ദേഹത്തോട്: “താങ്കൾ അതിവന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവാണോ?” എന്നു ചോദിച്ചു. അതിന് യേശു, “ ‘ഞാൻ ആകുന്നു,’ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ മഹാപുരോഹിതൻ തന്റെ വസ്ത്രംകീറി. “ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത്? നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ. നിങ്ങൾ എന്തു വിധിക്കുന്നു?” എന്ന് അദ്ദേഹം ചോദിച്ചു. അയാൾ വധശിക്ഷയ്ക്ക് അർഹൻ എന്ന് എല്ലാവരും വിധിച്ചു. അപ്പോൾ ചിലർ അദ്ദേഹത്തിന്റെമേൽ തുപ്പാൻ തുടങ്ങി, അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടി മുഷ്ടിചുരുട്ടി അദ്ദേഹത്തെ ഇടിച്ചുകൊണ്ട് “പ്രവചിക്കുക” എന്നു പറയുകയും ചെയ്തു. തുടർന്ന് കാവൽക്കാർ അദ്ദേഹത്തെ ഏറ്റുവാങ്ങി പ്രഹരിച്ചു. പത്രോസ് താഴേ അങ്കണത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മഹാപുരോഹിതന്റെ വേലക്കാരിയായ ഒരു പെൺകുട്ടി അവിടെ എത്തി, തീകാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കി. “നീയും ആ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ,” എന്നു പറഞ്ഞു. എന്നാൽ, പത്രോസ് അതു നിഷേധിച്ചു. “എനിക്ക് അറിഞ്ഞുകൂടാ; നീ എന്താണു പറയുന്നത്; എനിക്കു മനസ്സിലാകുന്നില്ലല്ലോ” എന്നു പറഞ്ഞുകൊണ്ട് പടിപ്പുരയിലേക്കു പോയി; അപ്പോൾ കോഴി കൂവി. ആ വേലക്കാരി അയാളെ അവിടെ കണ്ടപ്പോൾ, ചുറ്റും നിന്നിരുന്നവരോട്, “ഈ മനുഷ്യൻ അക്കൂട്ടത്തിൽ ഒരാളാണ്” എന്ന് പിന്നെയും പറഞ്ഞുതുടങ്ങി. അയാൾ വീണ്ടും അതു നിഷേധിച്ചു. അൽപ്പസമയം കഴിഞ്ഞ്, അടുത്തുനിന്നിരുന്നവർ പത്രോസിനോട്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നീ ഒരു ഗലീലക്കാരനാണല്ലോ” എന്നു പറഞ്ഞു. “നീ പറയുന്ന ആ മനുഷ്യനെ ഞാൻ അറിയുകയേ ഇല്ല!” എന്നു പറഞ്ഞുകൊണ്ട് അയാൾ ആണയിടാനും ശപിക്കാനും തുടങ്ങി. ഉടനെ കോഴി രണ്ടാംപ്രാവശ്യം കൂവി. “കോഴി രണ്ടുപ്രാവശ്യം കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു പറഞ്ഞിരുന്ന വാക്ക് പത്രോസ് ഓർത്ത് ഹൃദയം തകർന്നു പൊട്ടിക്കരഞ്ഞു.