1 ശമുവേൽ 14
14
1ഒരു ദിവസം ശൗലിന്റെ മകനായ യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരിക, നമുക്ക് ഫെലിസ്ത്യരുടെ സൈനികകേന്ദ്രത്തിലേക്കൊന്നു പോകാം.” ഇക്കാര്യം അയാൾ തന്റെ പിതാവിനെ അറിയിച്ചിരുന്നില്ല.
2ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിന്റെകീഴിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തോടുകൂടി ഏകദേശം അറുനൂറ് ആൾക്കാരുമുണ്ടായിരുന്നു. 3അവരിൽ ഏഫോദ് ധരിച്ചിരുന്ന അഹീയാവും ഉണ്ടായിരുന്നു. അദ്ദേഹം ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകനായിരുന്നു. അഹീത്തൂബ് ഫീനെഹാസിന്റെ മകൻ; ഫീനെഹാസ് ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകൻ. യോനാഥാൻ അവരെ വിട്ടുപോയ കാര്യം ആരും അറിഞ്ഞിരുന്നില്ല.
4ഫെലിസ്ത്യരുടെ കാവൽസേനാകേന്ദ്രത്തിൽ എത്തുന്നതിനായി യോനാഥാൻ കടക്കാൻ ഉദ്ദേശിച്ചിരുന്ന മലയിടുക്കിന്റെ ഇരുവശങ്ങളിലും കടുംതൂക്കായ ഓരോ പാറക്കെട്ടുണ്ടായിരുന്നു. അവയിൽ ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും പേരായിരുന്നു. 5ഒരു പാറക്കെട്ടു വടക്കോട്ടു മിക്-മാസിന് അഭിമുഖമായും മറ്റേത് തെക്കോട്ട് ഗിബെയായ്ക്ക് അഭിമുഖമായും നിന്നിരുന്നു.
6യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരൂ, പരിച്ഛേദനമേൽക്കാത്ത#14:6 പരിച്ഛേദനമേൽക്കാത്ത, വിവക്ഷിക്കുന്നത് യെഹൂദന്മാരല്ലാത്ത, അഥവാ, ദൈവമില്ലാത്ത എന്നാണ്. ഇവരുടെ സൈനികകേന്ദ്രത്തിലേക്കു നമുക്കു കടന്നുചെല്ലാം; ഒരുപക്ഷേ, യഹോവ നമുക്കുവേണ്ടി പ്രവർത്തിച്ചേക്കാം. അധികംകൊണ്ടോ അൽപ്പംകൊണ്ടോ പ്രവർത്തിക്കാൻ യഹോവയ്ക്കു പ്രയാസമില്ലല്ലോ” എന്നു പറഞ്ഞു.
7ആയുധവാഹകൻ അദ്ദേഹത്തോട്: “അങ്ങയുടെ ഇഷ്ടംപോലെ ചെയ്താലും! മുമ്പേ പൊയ്ക്കൊള്ളൂ; ഞാൻ അങ്ങയുടെ ഇഷ്ടപ്രകാരം പിന്നാലെതന്നെയുണ്ട്” എന്നു പറഞ്ഞു.
8അപ്പോൾ യോനാഥാൻ പറഞ്ഞു: “വരൂ, നമുക്കു നേരേചെന്ന് അവരുടെമുമ്പിൽ പ്രത്യക്ഷപ്പെടാം; അവർ നമ്മെ കാണട്ടെ! 9‘ഞങ്ങൾ വരുന്നതുവരെ അവിടെ നിൽക്കുക,’ എന്ന് അവർ പറയുന്നപക്ഷം നമുക്കിവിടെത്തന്നെ നിൽക്കാം. അവരുടെ അടുത്തേക്കു പോകേണ്ടാ. 10എന്നാൽ ‘ഇങ്ങോട്ടു കയറിവരിക,’ എന്ന് അവർ പറയുന്നപക്ഷം നമുക്കു കയറിച്ചെല്ലാം. യഹോവ അവരെ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു എന്നതിനു നമുക്കുള്ള ചിഹ്നമായിരിക്കും ഇത്.”
11അങ്ങനെ അവരിരുവരും ഫെലിസ്ത്യരുടെ ആ കാവൽസേനാകേന്ദ്രത്തിനു തങ്ങളെത്തന്നെ കാണിച്ചു. ഉടനെ ഫെലിസ്ത്യർ വിളിച്ചുപറഞ്ഞു: “നോക്കൂ, എബ്രായർ ഒളിച്ചിരുന്ന മാളങ്ങളിൽനിന്ന് ഇതാ കയറിവരുന്നു.” 12സൈനികകേന്ദ്രത്തിലെ ഭടന്മാർ യോനാഥാനോടും അയാളുടെ ആയുധവാഹകനോടും “ഇവിടേക്കു കയറിവരിക, ഞങ്ങൾ ഒരു പാഠം പഠിപ്പിച്ചുതരാം,” എന്നു വിളിച്ചുപറഞ്ഞു.
യോനാഥാൻ തന്റെ ആയുധവാഹകനോട്: “എന്റെ പിന്നാലെ കയറിവരൂ; യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
13യോനാഥാന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി. ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണുപോയി. ആയുധവാഹകൻ അവരുടെ പിൻവശത്തുനിന്ന് വന്നവരെ കൊന്നുകൊണ്ടിരുന്നു. 14ആദ്യ അക്രമത്തിൽത്തന്നെ ഏകദേശം അരയേക്കർ ഇടത്ത് ഇരുപതുപേരെ യോനാഥാനും ആയുധവാഹകനുംകൂടി കൊന്നുവീഴ്ത്തി.
ഇസ്രായേൽ ഫെലിസ്ത്യരെ ഓടിക്കുന്നു
15ഉടൻതന്നെ ഫെലിസ്ത്യരുടെ സകലസൈന്യത്തിന്മേലും പരിഭ്രാന്തിപിടിപെട്ടു—പാളയത്തിലും പടനിലത്തും കാവൽസേനാകേന്ദ്രത്തിലും കവർച്ചസംഘത്തിലും—വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമികുലുങ്ങി. ദൈവം അയച്ച ഒരു സംഭ്രമം ആയിരുന്നു അത്.
16ഫെലിസ്ത്യസൈന്യം ചിതറി നാലുപാടും പായുന്നത് ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൗലിന്റെ കാവൽക്കാർ കണ്ടു. 17ശൗൽ തന്റെകൂടെയുള്ള ജനത്തോടു പറഞ്ഞു: “സൈന്യത്തെ വിളിച്ചുകൂട്ടി നമ്മുടെ കൂട്ടത്തിൽനിന്ന് പോയവർ ആരാണെന്നു കണ്ടുപിടിക്കുക.” അവർ അപ്രകാരംചെയ്തു. യോനാഥാനും അദ്ദേഹത്തിന്റെ ആയുധവാഹകനുംമാത്രം അവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല.
18“ദൈവത്തിന്റെ പേടകം കൊണ്ടുവരൂ,” എന്ന് ശൗൽ അഹീയാവിനോട് ആജ്ഞാപിച്ചു (അന്ന് പേടകം ഇസ്രായേലിലുണ്ടായിരുന്നു).#14:18 ചി.കൈ.പ്ര. “ഏഫോദ് കൊണ്ടുവരൂ.” (അക്കാലത്ത് അദ്ദേഹം ഇസ്രായേൽജനത്തിന്റെ മുമ്പാകെ ഏഫോദ് ധരിച്ചിരുന്നു.) 19ശൗൽ പുരോഹിതന്മാരുമായി സംസാരിക്കുമ്പോൾ ഫെലിസ്ത്യപാളയത്തിലെ കോലാഹലം ഏറിയേറി വന്നുകൊണ്ടിരുന്നു. അതിനാൽ “നിന്റെ കൈ പിൻവലിക്കുക,” എന്ന് ശൗൽ പുരോഹിതനോടു പറഞ്ഞു.
20അപ്പോൾ ശൗലും കൂടെയുള്ള സകല ആളുകളും ഒരുമിച്ചുകൂടി യുദ്ധത്തിനു പുറപ്പെട്ടു. ഫെലിസ്ത്യർ ആകമാനം കുഴപ്പത്തിലായി പരസ്പരം വെട്ടിവീഴ്ത്തുന്ന കാഴ്ചയാണ് അവർ കണ്ടത്. 21നേരത്തേ ഫെലിസ്ത്യരുടെകൂടെയുണ്ടായിരുന്നവരും അവരുടെ പാളയത്തിൽ ചെന്നെത്തിയവരുമായ എബ്രായരും തിരിഞ്ഞ് ശൗലിന്റെയും യോനാഥാന്റെയുംകൂടെയുള്ള ഇസ്രായേല്യരുടെ പക്ഷംചേർന്നു. 22അതുപോലെതന്നെ എഫ്രയീം ഗിരിപ്രദേശങ്ങളിൽ ഒളിച്ചിരുന്ന ഇസ്രായേല്യരും ഫെലിസ്ത്യർ തോറ്റോടുന്നു എന്നു കേട്ടമാത്രയിൽ ഇറങ്ങിവന്നു പടയിൽച്ചേർന്ന് അവരെ പിൻതുടർന്നു. 23അങ്ങനെ അന്ന് യഹോവ ഇസ്രായേലിനെ രക്ഷിച്ചു; യുദ്ധം ബേത്-ആവെന് അപ്പുറംവരെ വ്യാപിച്ചു.
യോനാഥാൻ തേൻ ഭക്ഷിക്കുന്നു
24“ഇന്നു സന്ധ്യയ്ക്കുമുമ്പ്, ഞാനെന്റെ ശത്രുക്കളോടു പകരം വീട്ടുന്നതുവരെ ഭക്ഷണം കഴിക്കുന്നവർ ആരുതന്നെയായാലും അവർ ശപിക്കപ്പെട്ടിരിക്കും,” എന്നു പറഞ്ഞ് ശൗൽ ഇസ്രായേല്യരെക്കൊണ്ടു ശപഥംചെയ്യിച്ചിരുന്നു. തന്മൂലം അവർ അന്ന് വളരെ വിഷമത്തിലായി. ജനത്തിൽ ആരുംതന്നെ ഭക്ഷണം ആസ്വദിച്ചിരുന്നില്ല.
25സൈന്യമെല്ലാം ഒരു കാട്ടുപ്രദേശത്തെത്തി. അവിടെ നിലത്തു തേനുണ്ടായിരുന്നു. 26അവർ കാടിനുള്ളിലേക്കു കടന്നപ്പോൾ തേൻതുള്ളികൾ ഇറ്റിറ്റു വീണുകൊണ്ടിരിക്കുന്നതായി അവർ കണ്ടു. എങ്കിലും അവർ ശപഥത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട് ആരുംതന്നെ തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല. 27യോനാഥാനാകട്ടെ, തന്റെ പിതാവു ജനത്തെക്കൊണ്ടു ശപഥംചെയ്യിച്ച വിവരം അറിഞ്ഞിരുന്നില്ല. അതിനാൽ അദ്ദേഹം തന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം ഒരു തേൻകട്ടയിൽ കുത്തി അൽപ്പം തേനെടുത്തു ഭുജിച്ചു. അങ്ങനെ അയാൾ കൈ വായിലേക്കു കൊണ്ടുപോയി. ഉടനെ അയാളുടെ കണ്ണുകൾ തെളിഞ്ഞു.#14:27 അഥവാ, ശക്തി പൂർവസ്ഥിതിയിലായി. വാ. 29 കാണുക 28അപ്പോൾ പടയാളികളിലൊരാൾ അദ്ദേഹത്തോട്: “ ‘ഇന്നു ഭക്ഷണം കഴിക്കുന്ന ഏതു മനുഷ്യനും ശപിക്കപ്പെട്ടവനായിരിക്കട്ടെ!’ എന്നു പറഞ്ഞ് അങ്ങയുടെ പിതാവ് ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ട്. ജനം ക്ഷീണിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു.
29അതിനു യോനാഥാൻ ഇപ്രകാരം മറുപടി പറഞ്ഞു: “എന്റെ പിതാവു ദേശത്തിന് ഉപദ്രവമാണു വരുത്തിയത്. ഈ തേൻ അൽപ്പം ഞാൻ രുചിനോക്കിയതുമൂലം എന്റെ കണ്ണുകൾ തെളിഞ്ഞതു നോക്കുക. 30ജനങ്ങൾ അവരുടെ ശത്രുക്കളിൽനിന്ന് ഇന്ന് അപഹരിച്ചെടുത്ത കൊള്ളയിൽനിന്ന് അൽപ്പം ചിലതു ഭക്ഷിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എങ്കിൽ ഇന്നു നാം ഫെലിസ്ത്യരുടെമേൽ നടത്തിയ സംഹാരം കുറെക്കൂടി വിപുലമാകുമായിരുന്നില്ലേ?”
31ഇസ്രായേല്യർ അന്ന് മിക്-മാസുമുതൽ അയ്യാലോൻവരെ ഫെലിസ്ത്യരെ തകർത്തു; അപ്പോഴേക്കും ജനം വളരെയേറെ തളർന്നിരുന്നു. 32ആകയാൽ അവർ കൈവശപ്പെടുത്തിയിരുന്ന കൊള്ളയിൽ ചാടിവീണ് ആടുകളെയും കന്നുകാലികളെയും കാളക്കിടാങ്ങളെയും പിടിച്ച് നിലത്തുവെച്ച് അറത്ത് രക്തത്തോടുകൂടിത്തന്നെ തിന്നുതുടങ്ങി. 33“ജനം രക്തത്തോടുകൂടിയ മാംസംതിന്ന് യഹോവയ്ക്കെതിരേ പാപംചെയ്യുന്നു,” എന്ന് ശൗലിന് അറിവുകിട്ടി.
അപ്പോൾ ശൗൽ: “നിങ്ങൾ വിശ്വാസഘാതകരായി തീർന്നിരിക്കുന്നു. ഒരു വലിയ കല്ല് വേഗം ഇവിടെ എന്റെയടുക്കൽ ഉരുട്ടിക്കൊണ്ടുവരിക” എന്നു പറഞ്ഞു. 34അതിനുശേഷം അദ്ദേഹം: “ ‘നിങ്ങൾ ഓരോരുത്തനും അവരവരുടെ കാളകളെയും ആടുകളെയുംകൊണ്ട് എന്റെ അടുത്തുവരിക. അവയെ ഇവിടെവെച്ചുകൊന്ന് നിങ്ങൾ ഭക്ഷിക്കുക. രക്തത്തോടുകൂടി മാംസംതിന്ന് യഹോവയ്ക്കെതിരായി പാപംചെയ്യരുത്,’ എന്ന് ജനത്തിന്റെ അടുത്തുചെന്ന് അവരെ അറിയിക്കുക” എന്നു പറഞ്ഞു.
അങ്ങനെ ഓരോരുത്തരും അവരവരുടെ കാളകളെ കൊണ്ടുവന്ന് അന്നുരാത്രി അറത്തു ഭക്ഷിച്ചു. 35ഇതിനെത്തുടർന്ന് ശൗൽ യഹോവയ്ക്കായി ഒരു യാഗപീഠം പണിതു. അദ്ദേഹം യഹോവയ്ക്കായി പണിത ആദ്യത്തെ യാഗപീഠമായിരുന്നു അത്.
36അപ്പോൾ ശൗൽ: “നമുക്കു രാത്രിയിലും ഫെലിസ്ത്യരെ പിൻതുടരാം; പുലരുംവരെ അവരെ കൊള്ളയിടാം; അവരിൽ ഒരുത്തൻപോലും ജീവനോടെ അവശേഷിക്കാൻ നാം അനുവദിക്കരുത്” എന്നു പറഞ്ഞു.
“അങ്ങേക്കു യുക്തമെന്നു തോന്നുന്നതു ചെയ്താലും,” എന്നു ജനം മറുപടി പറഞ്ഞു.
എന്നാൽ “ഇവിടെ നാം ദൈവത്തോട് അരുളപ്പാട് ചോദിക്കുക,” എന്നു പുരോഹിതൻ പറഞ്ഞു.
37അതുകൊണ്ട് ശൗൽ: “യഹോവേ, ഞാൻ ഫെലിസ്ത്യരെ പിൻതുടരണമോ? അങ്ങ് അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിക്കുമോ?” എന്ന് യഹോവയോട് ചോദിച്ചു. എന്നാൽ ദൈവം അന്ന് ശൗലിനു മറുപടി കൊടുത്തില്ല.
38അതിനാൽ ശൗൽ കൽപ്പന പുറപ്പെടുവിച്ചു: “സേനാനേതാക്കന്മാരെല്ലാം ഇവിടെ എന്റെ അടുത്തുവരട്ടെ! ഇന്ന് എന്തു പാപമാണു ചെയ്യപ്പെട്ടതെന്നു നമുക്കാദ്യമായി കണ്ടുപിടിക്കാം. 39ഇസ്രായേലിനെ രക്ഷിക്കുന്ന ജീവനുള്ള യഹോവയാണെ, അത് എന്റെ മകനായ യോനാഥാന്റെ പക്കലാണെങ്കിൽപോലും, അവൻ മരിക്കണം.” എന്നാൽ ജനത്തിൽ ഒരുത്തൻപോലും ഒരു വാക്കും ഉത്തരമായി പറഞ്ഞില്ല.
40അതിനുശേഷം ശൗൽ എല്ലാ ഇസ്രായേലിനോടുമായി പറഞ്ഞു: “നിങ്ങളെല്ലാവരും അവിടെ അപ്പുറത്തു നിൽക്കുക! ഞാനും എന്റെ മകനായ യോനാഥാനും ഇവിടെ ഇപ്പുറത്തു നിൽക്കാം.”
“അങ്ങേക്കു യുക്തമായിത്തോന്നുന്നതു ചെയ്താലും,” എന്നു ജനം മറുപടികൊടുത്തു.
41പിന്നെ ശൗൽ ഇസ്രായേലിന്റെ ദൈവമായ യഹോവയോട്: “യഹോവേ, സത്യം അടിയന് ഇന്നു വെളിപ്പെടുത്താത്തത് എന്ത്? ഞാനോ എന്റെ മകൻ യോനാഥാനോ കുറ്റക്കാരനെങ്കിൽ ഊറീമിലൂടെ ഉത്തരമരുളണമേ; ഇസ്രായേൽജനമാണ് കുറ്റക്കാരെങ്കിൽ തുമ്മീമിലൂടെ ഉത്തരമരുളണമേ.”#14:41 മിക്ക കൈ.പ്ര. “യഹോവേ, ഉത്തരമരുളണമേ.” എന്ന വാക്യഭാഗം കാണുന്നില്ല. എന്നു പ്രാർഥിച്ചു. അപ്പോൾ യോനാഥാനും ശൗലിനും നറുക്കുവീണു. ജനം കുറ്റവിമുക്തരാക്കപ്പെട്ടു. 42“എനിക്കും എന്റെ മകനായ യോനാഥാനും നറുക്കിടുക,” എന്നു ശൗൽ കൽപ്പിച്ചു. യോനാഥാന് നറുക്കുവീണു.
43ശൗൽ യോനാഥാനോട്, “നീ എന്താണു ചെയ്തത്? എന്നോടു പറയുക” എന്നു ചോദിച്ചു.
അപ്പോൾ യോനാഥാൻ അദ്ദേഹത്തോട്: “ഞാൻ എന്റെ വടിയുടെ അഗ്രംകൊണ്ട് അൽപ്പം തേൻ കുത്തിയെടുത്ത് രുചിച്ചുനോക്കി; അതുമൂലം ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു!” എന്നു പറഞ്ഞു.
44അപ്പോൾ ശൗൽ: “യോനാഥാനേ, നീ മരിക്കുന്നില്ലെങ്കിൽ, ദൈവം എന്നോട് അർഹമായതും അധികവും ചെയ്യട്ടെ!” എന്നു പറഞ്ഞു.
45എന്നാൽ ജനം ശൗലിനോട്: “യോനാഥാൻ മരിക്കണമെന്നോ? ഇസ്രായേലിന് ഈ മഹത്തായ വിടുതൽ നേടിത്തന്ന യോനാഥാനോ? ഒരിക്കലുമില്ല. ജീവനുള്ള യഹോവയാണെ, അവന്റെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല. ദൈവത്തിന്റെ സഹായത്തോടെയല്ലേ അവൻ ഇന്ന് ഇപ്രകാരം ചെയ്തത്?” എന്നു മറുപടി പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു. തന്മൂലം അദ്ദേഹത്തിനു മരിക്കേണ്ടിവന്നില്ല.
46അപ്പോൾ ശൗൽ ഫെലിസ്ത്യരെ പിൻതുടരുന്നതു മതിയാക്കി സ്വന്തംനാട്ടിലേക്കു മടങ്ങിപ്പോയി. ഫെലിസ്ത്യരും തങ്ങളുടെ ദേശത്തേക്കു പോയി.
47ശൗൽ ഇസ്രായേലിൽ ഭരണമേറ്റതിനുശേഷം ചുറ്റുമുള്ള സകലശത്രുക്കളോടും—മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സോബാരാജാക്കന്മാർ,#14:47 ചി.കൈ.പ്ര. സോബാരാജാവ് ഫെലിസ്ത്യർ എന്നിവരോടെല്ലാം—അദ്ദേഹം യുദ്ധംചെയ്തു. അദ്ദേഹം ചെന്ന ഇടങ്ങളിലെല്ലാം ശത്രുക്കളുടെമേൽ വിജയംകൈവരിച്ചു.#14:47 ചി.കൈ.പ്ര. ശിക്ഷിച്ചു 48അദ്ദേഹം വീരോചിതമായിപ്പോരാടി അമാലേക്യരെ തോൽപ്പിച്ചു. അങ്ങനെ ഇസ്രായേലിനെ കൊള്ളയിട്ട എല്ലാവരുടെയും കൈയിൽനിന്ന് അവരെ വിടുവിച്ചു.
ശൗലിന്റെ കുടുംബം
49ശൗലിന്റെ പുത്രന്മാർ—യോനാഥാൻ, യിശ്‌വി, മൽക്കീ-ശൂവ എന്നിവരായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു പുത്രിമാരിൽ ആദ്യജാതയ്ക്ക് മേരബ് എന്നും ഇളയവൾക്ക് മീഖൾ എന്നും പേരായിരുന്നു. 50അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അഹീനോവം എന്നു പേരായിരുന്നു. അവൾ അഹീമാസിന്റെ മകളായിരുന്നു. ശൗലിന്റെ സൈന്യാധിപൻ നേരിന്റെ മകനായ അബ്നേർ ആയിരുന്നു. നേർ ശൗലിന്റെ പിതൃസഹോദരനായിരുന്നു. 51ശൗലിന്റെ പിതാവായ കീശും അബ്നേരിന്റെ പിതാവായ നേരും അബിയേലിന്റെ പുത്രന്മാരായിരുന്നു.
52ശൗലിന്റെ ഭരണകാലം മുഴുവൻ ഫെലിസ്ത്യരുമായി കഠിനയുദ്ധം നടന്നിരുന്നു. പ്രബലനോ ധീരനോ ആയ ഒരാളെ എപ്പോഴെങ്കിലും കണ്ടുമുട്ടിയാൽ അയാളെ ശൗൽ തന്റെ സേവനത്തിനായി നിയമിച്ചിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ശമുവേൽ 14: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.