1 ശമുവേൽ 21
21
ദാവീദ് നോബിൽ
1ദാവീദ് നോബിൽ പുരോഹിതനായ അഹീമെലെക്കിന്റെ അടുക്കൽ എത്തിച്ചേർന്നു. അദ്ദേഹത്തെ കണ്ടപ്പോൾ അഹീമെലെക്കു സംഭ്രമത്തോടെ: “അങ്ങെന്താണു തനിച്ചുവന്നത്? കൂടെ ആരുമില്ലാത്തതെന്താണ്?” എന്നു ചോദിച്ചു.
2ദാവീദ് പുരോഹിതനായ അഹീമെലെക്കിനോടു മറുപടി പറഞ്ഞു: “രാജാവ് എന്നെ ഒരു പ്രത്യേക കാര്യത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നു. ‘എന്നെ ചുമതലപ്പെടുത്തിയ കാര്യവും എനിക്കു നൽകിയിരിക്കുന്ന നിർദേശങ്ങളും ആരും അറിയരുത്,’ എന്നും കൽപ്പിച്ചിരിക്കുന്നു. എന്റെ ആൾക്കാരുടെ കാര്യമാകട്ടെ, ഒരു പ്രത്യേകസ്ഥലത്തു വന്നെത്താൻ ഞാനവരോടു പറഞ്ഞിരിക്കുകയാണ്. 3അതിനാൽ ഇപ്പോൾ താങ്കളുടെ കൈവശം എന്തുണ്ട്? എനിക്ക് അഞ്ചപ്പം തരണം, ഇല്ലെങ്കിൽ ഇപ്പോൾ എന്തുണ്ടോ, അതു തരണം.”
4ആ പുരോഹിതൻ ദാവീദിനോട്: “എന്റെ കൈവശം സാധാരണ അപ്പമില്ല, എങ്കിലും വിശുദ്ധമായ കുറെ അപ്പമുണ്ട്. അങ്ങയുടെ ഭൃത്യന്മാർ സ്ത്രീകളിൽനിന്ന് അകന്നിരിക്കുന്നവരെങ്കിൽമാത്രം അതു തരാം” എന്നു പറഞ്ഞു.
5ദാവീദ് പുരോഹിതനോട്: “ഞാൻ പുറപ്പെട്ടതുമുതൽ ഈ മൂന്നുദിവസമായി#21:5 അഥവാ, കഴിഞ്ഞ ചില ദിവസങ്ങളായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഒരു സാധാരണ യാത്രയെങ്കിലും യുവാക്കന്മാരെല്ലാം വിശുദ്ധരായിരുന്നു; ഇപ്പോഴോ, അവർ എത്രയധികം ശുദ്ധിയുള്ളവരായിരിക്കും?” എന്നു മറുപടി പറഞ്ഞു. 6അന്ന് ചൂടുള്ള അപ്പം കാഴ്ചയായി വെച്ചിട്ട് യഹോവയുടെ സന്നിധിയിൽനിന്ന് നീക്കംചെയ്ത കാഴ്ചയപ്പമല്ലാതെ വേറെ അപ്പം അവിടെയില്ലായിരുന്നു. അതിനാൽ, നീക്കിയ ആ വിശുദ്ധ അപ്പംതന്നെ പുരോഹിതൻ ദാവീദിനു നൽകി.
7എന്നാൽ അന്ന് ശൗലിന്റെ ഭൃത്യന്മാരിൽ ഒരുവനെ അവിടെ യഹോവയുടെ സന്നിധിയിൽ തടഞ്ഞുവെച്ചിരുന്നു. ശൗലിന്റെ ഇടയന്മാരുടെ തലവനും ഏദോമ്യനുമായ ദോയേഗ് ആയിരുന്നു അത്.
8ദാവീദ് വീണ്ടും അഹീമെലെക്കിനോടു ചോദിച്ചു. “ഇവിടെ അങ്ങയുടെപക്കൽ ഒരു വാളോ കുന്തമോ വല്ലതും ഉണ്ടോ? രാജാവു കൽപ്പിച്ചകാര്യം തിടുക്കത്തിൽ നിറവേറ്റേണ്ടിയിരുന്നതിനാൽ ഞാൻ എന്റെ വാളോ മറ്റായുധങ്ങളോ ഒന്നും എടുത്തിട്ടില്ല.”
9പുരോഹിതൻ മറുപടി പറഞ്ഞു: “അങ്ങ് ഏലാതാഴ്വരയിൽവെച്ചു വധിച്ച ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഇവിടെയുണ്ട്. ഏഫോദിന്റെ പിറകിൽ അതൊരു തുണിയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു. അങ്ങേക്ക് ആവശ്യമെങ്കിൽ അതെടുക്കാം. അതല്ലാതെ മറ്റു വാളൊന്നും ഇവിടെയില്ല.”
“അതിനുതുല്യം മറ്റൊന്നില്ലല്ലോ! അതെനിക്കു തരൂ,” എന്നു ദാവീദ് പറഞ്ഞു.
ദാവീദ് ഗത്തിൽ
10പിന്നെ ദാവീദ് രക്ഷപ്പെട്ട് ശൗലിനെക്കുറിച്ചുള്ള ഭയംനിമിത്തം ഗത്തിലെ രാജാവായ ആഖീശിന്റെ അടുക്കൽ എത്തി. 11എന്നാൽ ആഖീശിന്റെ സേവകന്മാർ അദ്ദേഹത്തോട്: “ആ ദേശത്തിലെ രാജാവായ ദാവീദല്ലേ ഇത്.
“ ‘ശൗൽ ആയിരങ്ങളെ കൊന്നു;
എന്നാൽ, ദാവീദ് പതിനായിരങ്ങളെയും’
എന്ന് ഗാനപ്രതിഗാനമായി അവർ പാടി നൃത്തംചെയ്തത് ഇവനെക്കുറിച്ചല്ലോ?” എന്നു പറഞ്ഞു.
12ദാവീദ് ഈ വാക്കുകളുടെ പൊരുൾ ഗ്രഹിച്ചതിനാൽ അദ്ദേഹം ഗത്തിലെ രാജാവായ ആഖീശിനെ വളരെ ഭയപ്പെട്ടു. 13അതിനാൽ ദാവീദ് അവരുടെമുമ്പിൽ തന്റെ സ്വഭാവം മാറ്റി, അവരുടെ പിടിയിൽ ഇരിക്കെത്തന്നെ, വാതിൽപ്പലകകളിൽ കുത്തിവരച്ചും താടിമീശയിലൂടെ തുപ്പലൊഴുക്കിയുംകൊണ്ട് ഒരു ഭ്രാന്തനായി അഭിനയിച്ചു.
14ഇതുകണ്ട ആഖീശ് തന്റെ സേവകന്മാരോട് ചോദിച്ചു: “ആ മനുഷ്യനെ നോക്കൂ! അയാൾ ഭ്രാന്തനാണ്! നിങ്ങൾ അയാളെ എന്തിന് എന്റെമുമ്പിൽ കൊണ്ടുവന്നു? 15ഈ നാട്ടിലെങ്ങും ഭ്രാന്തമാർ ഇല്ലാഞ്ഞിട്ടോ എന്റെമുമ്പിൽ ഭ്രാന്തുകളിക്കാൻ നിങ്ങൾ ഈ മനുഷ്യനെ ഇങ്ങോട്ടുകൊണ്ടുവന്നത്? ഇത്തരക്കാർ വരേണ്ടത് എന്റെ അരമനയിലോ?”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ശമുവേൽ 21: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.