1 ശമുവേൽ 26
26
ദാവീദ് ഒരിക്കൽക്കൂടി ശൗലിന്റെ ജീവൻ വിട്ടുകൊടുക്കുന്നു
1സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുത്തുവന്ന്, “ദാവീദല്ലേ യശിമോന് എതിരേയുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നത്?” എന്നറിയിച്ചു.
2അതുകൊണ്ട് ഇസ്രായേലിൽനിന്ന് തെരഞ്ഞെടുത്ത മൂവായിരം പടയാളികളുമായി ശൗൽ ദാവീദിനെ തെരയുന്നതിനായി സീഫ് മരുഭൂമിയിലേക്കു പോയി. 3യശിമോന് എതിരേയുള്ള ഹഖീലാക്കുന്നിൽ വഴിയരികെ ശൗൽ പാളയമടിച്ചു. എന്നാൽ ദാവീദോ, മരുഭൂമിയിൽത്തന്നെ താമസിച്ചു. ശൗൽ തന്നെ പിൻതുടരുന്നു എന്നുകണ്ടപ്പോൾ 4ദാവീദ് ചാരന്മാരെ അയച്ച് ശൗൽ ഇന്ന സ്ഥലത്തെത്തിയിരിക്കുന്നെന്നു മനസ്സിലാക്കി.
5അതിനെത്തുടർന്ന് ദാവീദ് പുറപ്പെട്ട് ശൗൽ പാളയമടിച്ചിരിക്കുന്ന സ്ഥലത്തെത്തി. ശൗലും നേരിന്റെ മകനായ അദ്ദേഹത്തിന്റെ സേനാധിപതി അബ്നേരും കിടന്നിരുന്ന ഇടം അദ്ദേഹം കണ്ടു. ശൗൽ പാളയത്തിനുള്ളിൽ, തന്റെ ചുറ്റും വലയം തീർത്തിരുന്ന സൈനികരുടെ മധ്യേ കിടന്നുറങ്ങുകയായിരുന്നു.
6അപ്പോൾ ദാവീദ് ഹിത്യനായ അഹീമെലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: “പാളയത്തിൽ ശൗലിന്റെ അടുത്തേക്ക് എന്റെകൂടെ ആർ വരും?” എന്നു ചോദിച്ചു.
“ഞാൻ വരാം,” എന്ന് അബീശായി മറുപടി പറഞ്ഞു.
7അങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ സൈന്യത്തിന്റെ അടുത്തെത്തി. അവിടെ ശൗൽ പാളയത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കുന്തം തലയുടെ അടുത്ത് നിലത്ത് കുത്തി നിർത്തിയിരുന്നു. അബ്നേരും പടയാളികളും അദ്ദേഹത്തിനു ചുറ്റിലുമായി കിടന്നിരുന്നു.
8അബീശായി ദാവീദിനോട്: “ദൈവം അങ്ങയുടെ ശത്രുവിനെ ഇതാ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചുതന്നിരിക്കുന്നു. ഞാനവനെ എന്റെ കുന്തംകൊണ്ട് ഒറ്റക്കുത്തിനു നിലത്തു തറയ്ക്കട്ടെ; രണ്ടാമതൊന്നുകൂടി കുത്തുകയില്ല” എന്നു പറഞ്ഞു.
9എന്നാൽ ദാവീദ് അബീശായിയോട്: “അദ്ദേഹത്തെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെനേരേ കരമുയർത്തിയിട്ട് നിർദോഷിയായിരിക്കാൻ ആർക്കു കഴിയും? 10ജീവനുള്ള യഹോവയാണെ, അവിടന്നുതന്നെ അയാളെ സംഹരിച്ചുകൊള്ളും. ഒന്നുകിൽ സമയമാകുമ്പോൾ അദ്ദേഹം മരിക്കും; അല്ലെങ്കിൽ അദ്ദേഹം യുദ്ധത്തിനുചെന്ന് ഒടുങ്ങിക്കൊള്ളും. 11തന്റെ അഭിഷിക്തന്റെമേൽ ഞാൻ കൈവെക്കുന്നതിന് യഹോവ ഇടവരുത്താതിരിക്കട്ടെ. ഇപ്പോൾ അയാളുടെ തലയ്ക്കൽനിന്ന് ആ കുന്തവും ജലപാത്രവും എടുത്തുകൊള്ളുക, നമുക്കു പോകാം” എന്നു പറഞ്ഞു.
12അങ്ങനെ ശൗലിന്റെ തലയ്ക്കൽനിന്ന് കുന്തവും ജലപാത്രവും ദാവീദെടുത്തു. അവർ പുറപ്പെട്ടുപോന്നു. ഒരുത്തരും കണ്ടില്ല; ആരും അറിഞ്ഞതുമില്ല. ആരും ഉണർന്നതുമില്ല. എല്ലാവരും ഉറങ്ങുകയായിരുന്നു. യഹോവ അവരെ ഗാഢനിദ്രയിലാക്കിയിരുന്നു.
13പിന്നെ ദാവീദ് മറുവശത്തേക്കു കടന്ന് അൽപ്പം ദൂരത്ത് ഒരു കുന്നിൻമുകളിൽ കയറിനിന്നു. അവർക്കിടയിൽ മതിയായ അകലമുണ്ടായിരുന്നു. 14അദ്ദേഹം പട്ടാളക്കാരോടും നേരിന്റെ മകൻ അബ്നേരിനോടുമായി, “അബ്നേരേ, നീ എന്നോട് ഉത്തരം പറയുമോ?” എന്നു വിളിച്ചുചോദിച്ചു.
“രാജസന്നിധിയിൽ കൂകിവിളിക്കുന്ന നീയാര്?” എന്ന് അബ്നേർ ചോദിച്ചു.
15ദാവീദ് പറഞ്ഞു: “നീയൊരു പുരുഷനല്ലേ? ഇസ്രായേലിൽ നിനക്കു തുല്യനായി ആരുണ്ട്? നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാത്തതെന്ത്? നിന്റെ യജമാനനായ രാജാവിനെ കൊലപ്പെടുത്താൻ ഒരുവൻ വന്നിരുന്നല്ലോ! 16നീ ചെയ്തതു നന്നായില്ല. യഹോവയുടെ അഭിഷിക്തനായ, നിന്റെ യജമാനനെ കാത്തുകൊള്ളാത്തതിനാൽ, ജീവനുള്ള യഹോവയാണെ, നീയും നിന്റെ ആളുകളും മരണയോഗ്യർതന്നെ. അദ്ദേഹത്തിന്റെ തലയ്ക്കൽ ഇരുന്ന കുന്തവും ജലപാത്രവും എവിടെയെന്നു നോക്കുക.”
17അപ്പോൾ ശൗൽ ദാവീദിന്റെ സ്വരം തിരിച്ചറിഞ്ഞു. “എന്റെ മകനേ, ദാവീദേ, ഇതു നിന്റെ സ്വരമോ?” എന്ന് അദ്ദേഹം ചോദിച്ചു.
“അതേ! എന്റെ യജമാനനായ രാജാവേ, എന്റെ സ്വരംതന്നെ,” ദാവീദ് മറുപടി പറഞ്ഞു. 18“പ്രഭോ, അങ്ങെന്തിന് ഈ വിധം സ്വന്തംഭൃത്യനെ തേടിനടക്കുന്നു? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കലുള്ള കുറ്റം എന്ത്? 19ഇപ്പോൾ എന്റെ യജമാനനായ രാജാവ് അടിയന്റെ വാക്കുകൾ ശ്രദ്ധിക്കണമേ! യഹോവ ആകുന്നു എനിക്കെതിരായി തിരുമേനിയെ പ്രേരിപ്പിക്കുന്നതെങ്കിൽ, അവിടന്ന് ഒരു വഴിപാടു സ്വീകരിച്ചു പ്രസാദിക്കട്ടെ! അതല്ല, മനുഷ്യരാണ് അപ്രകാരം ചെയ്യുന്നതെങ്കിൽ അവർ യഹോവയുടെമുമ്പാകെ ശപിക്കപ്പെട്ടവരായിത്തീരട്ടെ! അവർ ഇപ്പോൾത്തന്നെ യഹോവയുടെ അവകാശത്തിലെ എന്റെ ഓഹരിയിൽനിന്ന് എന്നെ ഓടിച്ചുകളയുകയും ‘പോയി അന്യദൈവങ്ങളെ സേവിച്ചുകൊള്ളൂ,’ എന്നു പറയുകയും ചെയ്തിരിക്കുകയാണല്ലോ! 20ആകയാൽ എന്റെ രക്തം യഹോവയുടെമുമ്പാകെ നിലത്തുവീഴാതിരിക്കട്ടെ! ഒരുവൻ പർവതങ്ങളിൽ ഒരു തിത്തിരിപ്പക്ഷിയെ വേട്ടയാടുന്നതുപോലെ, ഇസ്രായേൽരാജാവ് ഒരു ചെള്ളിനെത്തേടി ഇറങ്ങിത്തിരിച്ചിരിക്കുകയാണോ?”
21അപ്പോൾ ശൗൽ വിളിച്ചുപറഞ്ഞു: “എന്റെ മകനേ, ദാവീദേ, മടങ്ങിവരിക! ഞാൻ പാപംചെയ്തിരിക്കുന്നു. നീ ഇന്ന് എന്റെ ജീവനെ വിലയേറിയതായി കണക്കാക്കിയിരിക്കുകയാൽ ഞാനിനിയും നിന്നെ ദ്രോഹിക്കാൻ തുനിയുകയില്ല. നിശ്ചയമായും, ഞാനൊരു ഭോഷനെപ്പോലെ പ്രവർത്തിച്ചുപോയി! എനിക്കു വലിയ തെറ്റുപറ്റിപ്പോയിരിക്കുന്നു.”
22ദാവീദ് മറുപടി പറഞ്ഞു: “ഇതാ, രാജാവിന്റെ കുന്തം ഇവിടെയുണ്ട്. അങ്ങയുടെ ഭൃത്യന്മാരിൽ ഒരുവനെ അയച്ച് എടുത്തുകൊണ്ടാലും! 23യഹോവ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും അനുസരിച്ചുള്ള പ്രതിഫലം നൽകുന്നു. യഹോവ ഇന്ന് തിരുമേനിയെ എന്റെ കൈയിൽ ഏൽപ്പിച്ചുതന്നു. എന്നാൽ ഞാൻ യഹോവയുടെ അഭിഷിക്തന്റെനേരേ കൈയുയർത്തുകയില്ല. 24ഞാനിന്ന് അങ്ങയുടെ ജീവൻ വിലയേറിയതായി കരുതിയതുപോലെതന്നെ, യഹോവ എന്റെ ജീവനും വിലയേറിയതായി കരുതി അവിടന്ന് എന്നെ സകലകഷ്ടങ്ങളിൽനിന്നും വിടുവിക്കുമാറാകട്ടെ!”
25അപ്പോൾ ശൗൽ ദാവീദിനോട്: “എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ മഹാകാര്യങ്ങൾ പ്രവർത്തിക്കും; നീ ജയം പ്രാപിക്കും” എന്നു പറഞ്ഞു.
അങ്ങനെ ദാവീദ് തന്റെ വഴിക്കുപോയി, ശൗൽ കൊട്ടാരത്തിലേക്കു മടങ്ങുകയും ചെയ്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ശമുവേൽ 26: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.