1 ശമുവേൽ 3
3
ദൈവം ശമുവേലിനെ വിളിക്കുന്നു
1ഈ സമയം, ബാലനായ ശമുവേൽ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷചെയ്തുവന്നു. അക്കാലത്ത് യഹോവയുടെ അരുളപ്പാട് വിരളമായിരുന്നു; ദർശനവും സർവസാധാരണമല്ലായിരുന്നു.
2ശരിയായി കാണാൻ കഴിയാത്തവിധം ഏലിയുടെ കണ്ണുകൾ മങ്ങിത്തുടങ്ങിയിരുന്ന കാലത്ത്, ഒരു ദിവസം രാത്രിയിൽ അദ്ദേഹം താൻ പതിവായി കിടക്കാറുള്ള സ്ഥലത്തു കിടക്കുകയായിരുന്നു. 3ദൈവത്തിന്റെ വിളക്ക് അപ്പോൾ അണച്ചിട്ടില്ലായിരുന്നു. ആ സമയം ശമുവേൽ യഹോവയുടെ ആലയത്തിൽ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്തിരുന്നിടത്ത് പോയി കിടക്കുകയായിരുന്നു. 4അപ്പോൾ യഹോവ ശമുവേലിനെ വിളിച്ചു.
“അടിയൻ ഇതാ,” എന്നു ശമുവേൽ മറുപടി പറഞ്ഞു. 5ഉടൻതന്നെ ശമുവേൽ ഓടി ഏലിയുടെ അടുത്തുചെന്ന് “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു.
അപ്പോൾ ഏലി, “ഞാൻ വിളിച്ചില്ല; പോയിക്കിടന്നോളൂ” എന്നു പറഞ്ഞു. അതിനാൽ ബാലൻ പോയിക്കിടന്നു.
6യഹോവ വീണ്ടും, “ശമുവേലേ!” എന്നു വിളിച്ചു. ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ഓടിയെത്തി. “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു.
എന്റെ മകനേ, “ഞാൻ വിളിച്ചില്ല, പോയിക്കിടന്നോളൂ” എന്ന് ഏലി വീണ്ടും പറഞ്ഞു.
7യഹോവയുടെ വചനം ശമുവേലിന് അന്നുവരെ വെളിപ്പെട്ടിരുന്നില്ല, അതുകൊണ്ട് ആ ബാലൻ അന്നുവരെ യഹോവയെ അറിഞ്ഞിട്ടുമില്ലായിരുന്നു.
8യഹോവ അവനെ മൂന്നാമതും, “ശമുവേലേ!” എന്നു വിളിച്ചു. ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുത്തേക്ക് ഓടിവന്നു പറഞ്ഞു, “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ!”
യഹോവ ബാലനെ വിളിക്കുകയായിരുന്നു എന്ന് അപ്പോൾ ഏലിക്കു ബോധ്യമായി. 9അതിനാൽ ഏലി ശമുവേലിനോട്, “പോയി കിടന്നുകൊള്ളൂ. ഇനിയും നിന്നെ വിളിക്കുന്ന ശബ്ദംകേട്ടാൽ, ‘യഹോവേ, അരുളിച്ചെയ്താലും! അടിയൻ കേൾക്കുന്നു,’ ” എന്നു പറയണമെന്നു നിർദേശിച്ചു. അതിനാൽ ശമുവേൽ പോയി വീണ്ടും സ്വസ്ഥാനത്തു കിടന്നു.
10അപ്പോൾ യഹോവ വന്ന്, മുമ്പിലത്തേതുപോലെ ബാലന്റെ സമീപത്തുനിന്ന്, “ശമുവേലേ! ശമുവേലേ!” എന്നു വിളിച്ചു.
അപ്പോൾ ശമുവേൽ, “അരുളിച്ചെയ്യണമേ; അടിയൻ കേൾക്കുന്നു” എന്നു മറുപടി പറഞ്ഞു.
11യഹോവ ശമുവേലിനോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ ഇസ്രായേലിൽ ചില കാര്യങ്ങൾചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. അതേപ്പറ്റി കേൾക്കുന്ന ഏവരുടെയും കാതുകൾ തരിച്ചുപോകും. 12അന്നു ഞാൻ ഏലിക്കെതിരായും അവന്റെ ഭവനത്തിനെതിരായും അരുളിച്ചെയ്തതെല്ലാം ആദ്യന്തം നിറവേറ്റും. 13തന്റെ പുത്രന്മാർ ദൈവത്തെ നിന്ദിക്കുന്നത് അറിഞ്ഞിട്ടും അവൻ അവരെ നിയന്ത്രിക്കാത്തതുകൊണ്ട് ഞാനവന്റെ ഭവനത്തിന്മേൽ എന്നേക്കുമായി ന്യായവിധി നടത്തുമെന്നു ഞാൻ അവനോടു കൽപ്പിച്ചിരിക്കുന്നു. 14അതിനാൽ, ‘ഏലിയുടെ ഭവനത്തിന്റെ മഹാപാതകത്തിന്, യാഗത്താലോ വഴിപാടുകളാലോ ഒരുനാളും പരിഹാരം വരികയില്ല എന്നു ഞാനിതാ ഏലിയുടെ ഭവനത്തോടു ശപഥംചെയ്തിരിക്കുന്നു.’ ”
15ശമുവേൽ പ്രഭാതംവരെയും കിടന്നുറങ്ങി; പ്രഭാതത്തിൽ എഴുന്നേറ്റ് യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു. ഈ ദർശനത്തെപ്പറ്റി ഏലിയോടു പറയാൻ ബാലൻ ഭയപ്പെട്ടു. 16എന്നാൽ ഏലി, “എന്റെ മോനേ, ശമുവേലേ” എന്നു വിളിച്ചു.
“അടിയൻ ഇതാ,” എന്നു ബാലൻ മറുപടി പറഞ്ഞു.
17ഏലി ചോദിച്ചു: “യഹോവ നിന്നോട് എന്താണ് അരുളിച്ചെയ്തത്? അതു നീ എന്നിൽനിന്നും ഒളിക്കരുതേ! അവിടന്ന് അരുളിച്ചെയ്തതിൽ എന്തെങ്കിലും നീ എന്നിൽനിന്നും ഒളിച്ചാൽ ദൈവം നിന്നെ കഠിനമായി ശിക്ഷിക്കട്ടെ!” 18അതിനാൽ ഒന്നും മറച്ചുവെക്കാതെ സകലതും ശമുവേൽ ഏലിയോടു തുറന്നുപറഞ്ഞു. അപ്പോൾ ഏലി: “അവിടന്ന് യഹോവയല്ലോ! അവിടത്തെ ഹിതംപോലെ ചെയ്യട്ടെ!” എന്നു പറഞ്ഞു.
19ശമുവേൽ വളർന്നുവന്നു; യഹോവ അദ്ദേഹത്തോടുകൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഒന്നുംതന്നെ വ്യർഥമാകാൻ യഹോവ അനുവദിച്ചില്ല. 20ശമുവേൽ യഹോവയുടെ പ്രവാചകനെന്ന് ദാൻമുതൽ ബേർ-ശേബാവരെയുള്ള എല്ലാ ഇസ്രായേലിലും സ്ഥിരീകരിക്കപ്പെട്ട ഒരു വസ്തുതയായിരുന്നു. 21യഹോവ ശീലോവിൽവെച്ച് തന്റെ വചനത്തിലൂടെ ശമുവേലിന് തന്നെത്തന്നെ വെളിപ്പെടുത്തി. യഹോവ പല ആവൃത്തി ശീലോവിൽവെച്ച് അദ്ദേഹത്തിന് പ്രത്യക്ഷനായി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ശമുവേൽ 3: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.