2 ശമുവേൽ 5
5
ദാവീദ് ഇസ്രായേലിനെല്ലാം രാജാവായിത്തീരുന്നു
1ഇസ്രായേലിന്റെ ഗോത്രങ്ങളെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുത്തെത്തി അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെതന്നെ മാംസവും രക്തവുമാണല്ലോ! 2മുമ്പ് ശൗൽ ഞങ്ങൾക്കു രാജാവായിരുന്നപ്പോഴും ഇസ്രായേലിനെ സൈനികരംഗങ്ങളിൽ നയിച്ചിരുന്നത് അങ്ങുതന്നെയായിരുന്നല്ലോ! ‘നീ എന്റെ ജനമായ ഇസ്രായേലിനു രാജാവായിരുന്ന് അവരെ മേയിച്ചുനടത്തും’ എന്ന് യഹോവ അങ്ങയോടു കൽപ്പിച്ചിട്ടുമുണ്ടല്ലോ!”
3ഇങ്ങനെ പറഞ്ഞ് ഇസ്രായേലിലെ ഗോത്രത്തലവന്മാരെല്ലാംകൂടി ഹെബ്രോനിൽ ദാവീദുരാജാവിന്റെ അടുത്തുവന്നു. അപ്പോൾ രാജാവ് അവരുമായി ഹെബ്രോനിൽവെച്ച് യഹോവയുടെമുമ്പാകെ ഒരു ഉടമ്പടിചെയ്തു. അതിനുശേഷം അവർ ദാവീദിനെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു.
4രാജാവാകുമ്പോൾ ദാവീദിനു മുപ്പതുവയസ്സായിരുന്നു. അദ്ദേഹം നാൽപ്പതുവർഷം രാജാവായി വാണു. 5ഹെബ്രോനിൽ അദ്ദേഹം യെഹൂദയ്ക്കു രാജാവായി ഏഴുവർഷവും ആറുമാസവും വാണു. ജെറുശലേമിൽ അദ്ദേഹം സകല ഇസ്രായേലിനും യെഹൂദയ്ക്കും രാജാവായി മുപ്പത്തിമൂന്നു വർഷവും വാണു.
ദാവീദ് ജെറുശലേം പിടിച്ചടക്കുന്നു
6അങ്ങനെയിരിക്കെ, ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ ആക്രമിക്കാനായി രാജാവും പടജനങ്ങളും അണിയണിയായി നീങ്ങി. “നീ ഇവിടെ ഈ നഗരത്തിനുള്ളിൽ കടക്കുകയില്ല. അന്ധർക്കും മുടന്തർക്കുംപോലും നിന്നെ തടയാൻ കഴിയും,” എന്ന് അവിടെ താമസിച്ചിരുന്ന യെബൂസ്യർ ദാവീദിനോടു പറഞ്ഞു. ദാവീദിന് തങ്ങളുടെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കാൻ കഴിയുകയില്ല എന്ന് അവർ വിചാരിച്ചിരുന്നു. 7എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചടക്കി. അതുതന്നെ ദാവീദിന്റെ നഗരം.
8അന്നു ദാവീദ് പറഞ്ഞു: “ആരെങ്കിലും ദാവീദ് വെറുക്കുന്ന#5:8 അഥവാ, ശത്രുതയുള്ള ‘അന്ധരും മുടന്തരുമായ’ യെബൂസ്യരെ പിടിച്ചടക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അവർ അവിടെ ചെന്നെത്തുന്നത് വെള്ളം കൊണ്ടുവരുന്നതിനായി നിർമിച്ച തുരങ്കംവഴിയായിരിക്കണം” എന്നു പറഞ്ഞു. “ ‘അന്ധരും മുടന്തരും’ കൊട്ടാരത്തിൽ പ്രവേശിക്കരുത്,” എന്ന ചൊല്ലുണ്ടാകാനുള്ള കാരണം ഇതാണ്.
9അതിനുശേഷം ദാവീദ് ആ കോട്ടയിൽ താമസമുറപ്പിച്ചു; അതിന് ദാവീദിന്റെ നഗരമെന്നു പേരുവിളിക്കുകയും ചെയ്തു. അദ്ദേഹം അതിന്റെ ചുറ്റുമുള്ള സ്ഥലം മുകൾത്തട്ടുമുതൽ#5:9 മൂ.ഭാ. മില്ലോ ഉള്ളിലേക്കു പണിതുയർത്തി. 10സൈന്യങ്ങളുടെ ദൈവമായ യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേൽക്കുമേൽ പ്രബലനായിത്തീർന്നു.
11അങ്ങനെയിരിക്കെ, സോരിലെ രാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്കു സ്ഥാനപതികളെ അയച്ചു. അവരോടൊപ്പം അദ്ദേഹം ദേവദാരുത്തടികളും അതു പണിയുന്നതിനുള്ള ആശാരിമാർ, കൽപ്പണിക്കാർ എന്നിവരെയുംകൂടി അയച്ചിരുന്നു. അവർ ദാവീദിനുവേണ്ടി ഒരു അരമന പണിതു. 12തന്നെ ഇസ്രായേലിനു രാജാവായി യഹോവ സ്ഥിരപ്പെടുത്തിയെന്നും സ്വന്തജനമായ ഇസ്രായേലിനുവേണ്ടി തന്റെ രാജത്വത്തെ സമുന്നതമാക്കിയെന്നും ദാവീദ് മനസ്സിലാക്കി.
13ഹെബ്രോൻ വിട്ടുപോന്നതിനുശേഷം, ജെറുശലേമിൽവെച്ച് ദാവീദ് കൂടുതൽ വെപ്പാട്ടികളെയും ഭാര്യമാരെയും സ്വീകരിച്ചു. അദ്ദേഹത്തിനു കൂടുതൽ പുത്രന്മാരും പുത്രിമാരും ജനിച്ചു. 14അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കളുടെ പേരുകൾ ഇവയാണ്: ശമ്മൂവാ, ശോബാബ്, നാഥാൻ, ശലോമോൻ, 15യിബ്ഹാർ, എലീശൂവ, നേഫെഗ്, യാഫിയ, 16എലീശാമ, എല്യാദാ, എലീഫേലെത്ത്.
ദാവീദ് ഫെലിസ്ത്യരെ പരാജയപ്പെടുത്തുന്നു
17ഇസ്രായേലിനു രാജാവായി ദാവീദ് അഭിഷിക്തനായി എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ അവർ സർവസന്നാഹങ്ങളുമായി അദ്ദേഹത്തെ പിടിക്കാൻ വന്നു. എന്നാൽ ഈ വിവരം അറിഞ്ഞ ദാവീദ് കോട്ടയ്ക്കുള്ളിലേക്കുപോയി. 18ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ നിരന്നു. 19അതിനാൽ ദാവീദ് യഹോവയോട് ചോദിച്ചു: “ഞാൻ ചെന്ന് ആ ഫെലിസ്ത്യരെ ആക്രമിക്കണമോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?”
യഹോവ ദാവീദിന് ഉത്തരമരുളി: “പോകുക, നിശ്ചയമായും ഞാൻ ഫെലിസ്ത്യരെ നിന്റെ കൈകളിൽ ഏൽപ്പിച്ചുതരും.”
20അതിനാൽ ദാവീദ് ബാൽ-പെരാസീമിലേക്കു മുന്നേറി. അവിടെവെച്ച് അദ്ദേഹം ഫെലിസ്ത്യരെ തോൽപ്പിച്ചു. അപ്പോൾ ദാവീദ് പറഞ്ഞു: “യഹോവ വെള്ളച്ചാട്ടംപോലെ എന്റെമുമ്പിൽ എന്റെ ശത്രുക്കളുടെനേരേ ഇരച്ചുകയറി അവരെ തകർത്തുകളഞ്ഞല്ലോ!” അതിനാൽ ആ സ്ഥലത്തിന് ബാൽ-പെരാസീം#5:20 ഇരച്ചുകയറുന്ന കർത്താവ് എന്നർഥം. എന്നു പേരായി. 21ഫെലിസ്ത്യർ തങ്ങളുടെ വിഗ്രഹങ്ങൾ അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. ദാവീദും അദ്ദേഹത്തിന്റെ ആളുകളും അവയെല്ലാം എടുത്തുകൊണ്ടുപോയി.#5:21 1 ദിന. 14:12 കാണുക.
22ഒരു പ്രാവശ്യംകൂടി ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ നിരന്നു. 23ദാവീദ് യഹോവയോട് അരുളപ്പാടു ചോദിച്ചു. അപ്പോൾ യഹോവ: “നീ നേരേ ചെല്ലാതെ പിൻഭാഗത്തുകൂടി അവരെ ചുറ്റുംവളഞ്ഞ് ബാഖാവൃക്ഷങ്ങൾക്കുമുമ്പിൽവെച്ച്#5:23 വളരെ കൃത്യതയോടെ, ഇത് ഏതുതരം വൃക്ഷമാണ് എന്നു പറയുക സാധ്യമല്ല. അവരെ ആക്രമിക്കുക! 24ബാഖാവൃക്ഷങ്ങൾക്കുമുകളിൽ സൈനികനീക്കത്തിന്റെ ശബ്ദം കേട്ടാലുടൻ വേഗം പുറപ്പെടണം; ഫെലിസ്ത്യസൈന്യത്തെ സംഹരിക്കാൻ യഹോവ നിങ്ങൾക്കുമുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നാണ് ആ ശബ്ദത്തിന്റെ അർഥം” എന്ന് അരുളിച്ചെയ്തു. 25അങ്ങനെ, യഹോവ കൽപ്പിച്ചതുപോലെതന്നെ ദാവീദ് ചെയ്തു. ഗിബെയോൻമുതൽ#5:25 മൂ.ഭാ. ഗേബാമുതൽ 1 ദിന. 14:16 ഗേസെർവരെ, വഴിയിലുടനീളം അദ്ദേഹം ഫെലിസ്ത്യരെ സംഹരിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ശമുവേൽ 5: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
![None](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fml.png&w=128&q=75)
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.