ആവർത്തനം 16
16
പെസഹ
1ആബീബുമാസത്തിൽ യഹോവ രാത്രിയിൽ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നതുകൊണ്ട് ആബീബുമാസം ആചരിച്ച് നിന്റെ ദൈവമായ യഹോവയുടെ പെസഹ ആഘോഷിക്കണം. 2യഹോവ തന്റെ നാമം സ്ഥാപിക്കുന്നതിനു തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നിന്റെ ആടുമാടുകളിൽനിന്ന് നിന്റെ ദൈവമായ യഹോവയ്ക്കു പെസഹായാഗം അർപ്പിക്കണം. 3പുളിപ്പുള്ള അപ്പത്തോടുകൂടെ അതു ഭക്ഷിക്കരുത്. എന്നാൽ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം, ഞെരുക്കത്തിന്റെ അപ്പം, ഭക്ഷിക്കണം. നീ ഈജിപ്റ്റിൽനിന്ന് തിടുക്കത്തിൽ ഓടിപ്പോന്നതുകൊണ്ട്, ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ദിവസത്തെ നിന്റെ ജീവിതകാലമെല്ലാം ഓർക്കണം. 4ഏഴുദിവസം നിന്റെ അവകാശദേശത്ത് ഒരിടത്തും പുളിപ്പുള്ള യാതൊന്നും ഉണ്ടായിരിക്കരുത്. ഒന്നാംദിവസം സന്ധ്യക്കു യാഗം അർപ്പിക്കുന്ന മാംസത്തിൽ അൽപ്പംപോലും പ്രഭാതംവരെ ശേഷിപ്പിക്കരുത്.
5-6നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചല്ലാതെ നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ഏതെങ്കിലും നഗരത്തിൽവെച്ചു പെസഹായാഗം അർപ്പിക്കരുത്. സന്ധ്യക്ക്, സൂര്യാസ്തമയത്തിൽ, ഈജിപ്റ്റിൽനിന്ന് നീ പുറപ്പെട്ട സമയത്തുതന്നെ പെസഹായാഗം അർപ്പിക്കണം. 7നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് അതു പാകംചെയ്ത് ഭക്ഷിക്കണം. അതിനുശേഷം പ്രഭാതത്തിൽ നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകണം. 8ആറുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാംദിവസം നിന്റെ ദൈവമായ യഹോവയ്ക്ക് സഭായോഗം കൂടണം. അന്ന് ജോലിയൊന്നും ചെയ്യാൻ പാടില്ല.
ആഴ്ചകളുടെ പെരുന്നാൾ
9വിളവിൽ അരിവാൾവെക്കാൻ ആരംഭിക്കുന്ന സമയംമുതൽ ഏഴ് ആഴ്ച എണ്ണണം. 10നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനനുസൃതമായി നിന്റെ സ്വമേധാദാനത്തോടെ നിന്റെ ദൈവമായ യഹോവയ്ക്ക് നീ ആഴ്ചകളുടെ പെരുന്നാൾ#16:10 അഥവാ, വാരോത്സവം, പുറ. 34:22; ലേവ്യ. 23:15-22 കാണുക. ഇതു പിന്നീട് പെന്തക്കൊസ്ത് ഉത്സവം എന്നു വിളിക്കപ്പെട്ടു. അ.പ്ര. 2:1 കാണുക. ഇന്ന് ഇത് ഷാവുആത് അഥവാ, ഷബുഒത് എന്നപേരിൽ അറിയപ്പെടുന്നു. ആഘോഷിക്കണം. 11നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തു താമസിക്കുന്ന നീയും നിന്റെ പുത്രന്മാരും പുത്രിമാരും നിന്റെ ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും നിന്റെ നടുവിലുള്ള പ്രവാസികളും അനാഥരും വിധവകളും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആനന്ദിക്കണം. 12നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നോർത്ത് ഈ ഉത്തരവുകൾ ശ്രദ്ധയോടെ പാലിക്കണം.
കൂടാരപ്പെരുന്നാൾ
13മെതിനിലത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിഞ്ഞ് നീ ഏഴുദിവസം കൂടാരപ്പെരുന്നാൾ ആഘോഷിക്കണം. 14ഈ പെരുന്നാളിൽ നീയും നിന്റെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും പ്രവാസികളും അനാഥരും വിധവകളും ആനന്ദിക്കണം. 15യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഏഴുദിവസം പെരുന്നാൾ ആഘോഷിക്കണം. നിന്റെ എല്ലാ കൊയ്ത്തിലും നിന്റെ കൈകളുടെ പ്രവൃത്തികളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും എന്നതുകൊണ്ട് നീ പൂർണമായി ആനന്ദിക്കണം.
16പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലും ആഴ്ചകളുടെ പെരുന്നാളിലും കൂടാരപ്പെരുന്നാളിലും ഇപ്രകാരം വർഷത്തിൽ മൂന്നുപ്രാവശ്യം പുരുഷന്മാരെല്ലാം നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് യഹോവയുടെ സന്നിധിയിൽ വരണം. ഒരു മനുഷ്യനും യഹോവയുടെ സന്നിധിയിൽ വെറുംകൈയോടെ വരരുത്. 17നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ അനുഗ്രഹത്തിനു തക്കവണ്ണം നിങ്ങളിൽ ഓരോരുത്തനും ദാനം കൊണ്ടുവരണം.
ന്യായാധിപന്മാരുടെ ചുമതലകൾ
18നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന നഗരങ്ങളിലെല്ലാം ഓരോ ഗോത്രത്തിനും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം. അവർ ജനത്തിനു നീതിയോടെ ന്യായപാലനംചെയ്യും. 19ന്യായം അട്ടിമറിക്കുകയോ മുഖപക്ഷം കാണിക്കുകയോ ചെയ്യരുത്. കൈക്കൂലി വാങ്ങരുത്. കൈക്കൂലി ജ്ഞാനിയുടെ കണ്ണുകളെ കുരുടാക്കുകയും നിഷ്കളങ്കരുടെ വചനം കോട്ടിക്കളയുകയും ചെയ്യുന്നു. 20നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു താമസിച്ച് അത് അവകാശമാക്കുന്നതിന് നീതി, അതേ, നീതിമാത്രം പിൻതുടരുക.
അന്യദൈവങ്ങളെ ആരാധിക്കുന്നത്
21നിന്റെ ദൈവമായ യഹോവയ്ക്കു നീ നിർമിക്കുന്ന യാഗപീഠത്തിനുസമീപം മരംകൊണ്ട് അശേരാബിംബമൊന്നും പ്രതിഷ്ഠിക്കരുത്; 22നിന്റെ ദൈവമായ യഹോവ വെറുക്കുന്നതിനാൽ ഇത്തരം ആചാരസ്തൂപം ഉയർത്തുകയുമരുത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർത്തനം 16: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.