ആവർത്തനം 18
18
പുരോഹിതന്മാർക്കും ലേവ്യർക്കുമുള്ള ഓഹരി
1ലേവ്യരായ പുരോഹിതന്മാർക്കും വിശേഷാൽ ലേവി ഗോത്രത്തിനു മുഴുവനും ഇസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടായിരിക്കരുത്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങൾകൊണ്ട് അവർ ജീവിക്കണം, കാരണം അതാണ് അവരുടെ ഓഹരി. 2അവരുടെ സഹോദരങ്ങളുടെ ഇടയിൽ അവർക്കൊരു അവകാശവും ഉണ്ടാകാൻ പാടില്ല. യഹോവ അവരോടു വാഗ്ദാനംചെയ്തതുപോലെ അവിടന്നുതന്നെയാണ് അവരുടെ ഓഹരി.
3ജനത്തിൽനിന്ന് ആരെങ്കിലും കാളയെയോ ആടിനെയോ യാഗം അർപ്പിക്കുമ്പോൾ, പുരോഹിതന്മാർക്കുള്ള ഓഹരി ഇവയാണ്: കൈക്കുറകും കവിൾത്തടം രണ്ടും ആന്തരികാവയവങ്ങളും നൽകണം. 4ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവർക്കു നൽകണം. 5യഹോവയുടെ നാമത്തിൽ എപ്പോഴും നിന്നു ശുശ്രൂഷിക്കേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സകലഗോത്രത്തിൽനിന്നും അവരെയും പുത്രന്മാരെയും തെരഞ്ഞെടുത്തിരിക്കുന്നു.
6ഇസ്രായേലിലെ ഏതെങ്കിലും നഗരത്തിൽ പ്രവാസിയായി താമസിച്ചിരുന്ന ഒരു ലേവ്യൻ അവിടെനിന്ന് യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വളരെ താത്പര്യത്തോടെ വന്നാൽ 7അവിടെ യഹോവയുടെ ശുശ്രൂഷചെയ്യാൻ നിൽക്കുന്ന ലേവ്യരായ സഹോദരന്മാരെപ്പോലെ അദ്ദേഹത്തിനും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാവുന്നതാണ്. 8അദ്ദേഹത്തിനു പിതൃസ്വത്തു വിറ്റു കിട്ടിയ പണം ലഭിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹമുൾപ്പെടെ ശുശ്രൂഷചെയ്യുന്ന ലേവ്യരെല്ലാവരും അവരുടെ ആനുകൂല്യങ്ങൾ തുല്യമായി വീതിക്കണം.
ഇതര ജനതകളുടെ മ്ലേച്ഛത അനുകരിക്കരുത്
9നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ പ്രവേശിക്കുമ്പോൾ അവിടെയുള്ള ജനതകളുടെ മ്ലേച്ഛതകൾ അനുകരിക്കാൻ അങ്ങനെയുള്ളവ പഠിക്കരുത്. 10നിങ്ങളുടെ ഇടയിൽ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവരോ ദേവപ്രശ്നംവെക്കുന്നവരോ ആഭിചാരകരോ മൂഹൂർത്തം നോക്കുന്നവരോ ക്ഷുദ്രക്കാരോ 11മന്ത്രവാദിയോ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ പ്രേതസമ്പർക്കമുള്ളവരോ ഉണ്ടായിരിക്കരുത്. 12ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവരോട് യഹോവയ്ക്ക് അറപ്പാണ്. ഇത്തരം മ്ലേച്ഛതമൂലം നിന്റെ ദൈവമായ യഹോവ ആ ജനതകളെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. 13നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കണം.
പ്രവാചകൻ
14നീ നീക്കംചെയ്യാനിരിക്കുന്ന ജനതകൾ മുഹൂർത്തക്കാരുടെയും ദേവപ്രശ്നംവെക്കുന്നവരുടെയും വാക്കു ശ്രദ്ധിച്ചു. എന്നാൽ അങ്ങനെ ചെയ്യാൻ നിന്റെ ദൈവമായ യഹോവ നിന്നെ അനുവദിച്ചിട്ടില്ല. 15നിന്റെ ദൈവമായ യഹോവ നിങ്ങളുടെ സഹയിസ്രായേല്യരുടെ മധ്യത്തിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും. അദ്ദേഹം പറയുന്നതെല്ലാം നിങ്ങൾ കേൾക്കണം. 16“ഞങ്ങളെ ഇനി ദൈവമായ യഹോവയുടെ ശബ്ദം കേൾക്കാനും ഈ മഹാഗ്നി കാണാനും അനുവദിക്കരുതേ! അങ്ങനെയായാൽ ഞങ്ങൾ മരിച്ചുപോകും,” എന്ന് ഹോരേബിൽ മഹാസമ്മേളനം കൂടിയനാളിൽ നിങ്ങളുടെ ദൈവമായ യഹോവയോടു നിങ്ങൾ അപേക്ഷിച്ചല്ലോ.
17യഹോവ എന്നോട് അരുളിച്ചെയ്തു: “അവർ പറഞ്ഞത് ശരിയാണ്. 18ഞാൻ അവർക്കുവേണ്ടി നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹയിസ്രായേല്യരുടെ ഇടയിൽനിന്ന് എഴുന്നേൽപ്പിക്കും. ഞാൻ എന്റെ വചനങ്ങൾ അദ്ദേഹത്തിന്റെ അധരത്തിൽ നൽകും. ഞാൻ കൽപ്പിക്കുന്നതെല്ലാം അദ്ദേഹം അവരോടു പറയും. 19ആ പ്രവാചകൻ എന്റെ നാമത്തിൽ അവരോടു പറയുന്ന വചനങ്ങൾ ആരെങ്കിലും അനുസരിക്കാതിരുന്നാൽ ഞാൻതന്നെ അവരോടു കണക്കുചോദിക്കും. 20എന്നാൽ ഒരു പ്രവാചകൻ, ഞാൻ അവനോടു കൽപ്പിച്ചിട്ടില്ലാത്ത വചനം എന്റെ നാമത്തിൽ പ്രസ്താവിക്കുകയോ അല്ലെങ്കിൽ ഒരു പ്രവാചകൻ അന്യദേവന്മാരുടെ നാമത്തിൽ സംസാരിക്കുകയോ ചെയ്താൽ അവനെ വധിക്കണം.
21“ഒരു സന്ദേശം യഹോവയുടെ നാമത്തിൽ അല്ല പ്രസ്താവിച്ചതെങ്കിൽ ഞങ്ങൾ എങ്ങനെ അറിയും,” എന്നു നിങ്ങൾ സ്വയം പറഞ്ഞാൽ, 22ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ പ്രഖ്യാപനം ചെയ്യുന്നത് സംഭവിക്കാതിരിക്കുകയും സത്യമാകാതെവരികയും ചെയ്താൽ അത് യഹോവ അരുളിച്ചെയ്ത സന്ദേശമല്ല. ആ പ്രവാചകൻ അതു ധിക്കാരത്തോടെ സ്വയംകൃതമായി പറഞ്ഞതാണ്. അവനെ ഭയപ്പെടരുത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർത്തനം 18: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.