ആവർത്തനം 31
31
യോശുവ മോശയുടെ പിൻഗാമി
1അതിനുശേഷം മോശ ചെന്ന് ഈ വചനങ്ങൾ എല്ലാ ഇസ്രായേലിനോടും പറഞ്ഞു: 2“എനിക്ക് ഇപ്പോൾ നൂറ്റിയിരുപത് വയസ്സായി. ഇനിയും നിങ്ങളെ നയിക്കാൻ എനിക്കു സാധിക്കുകയില്ല. ‘നീ യോർദാൻ കടക്കുകയില്ല’ എന്ന് യഹോവ എന്നോടു കൽപ്പിച്ചിട്ടുണ്ട്. 3നിന്റെ ദൈവമായ യഹോവതന്നെ നിനക്കുമുമ്പായി കടന്നുചെല്ലും. അവിടന്ന് ഈ ജനതകളെ നിന്റെ മുമ്പിൽനിന്ന് നശിപ്പിക്കുകയും നീ അവരുടെ ദേശം അവകാശമാക്കുകയും ചെയ്യും. യഹോവ കൽപ്പിച്ചിട്ടുള്ളതുപോലെ യോശുവയും നിങ്ങൾക്കുമുമ്പേ കടന്നുചെല്ലും. 4യഹോവ അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശവാസികളോടൊപ്പം നശിപ്പിച്ചതുപോലെ ഇവരോടും ചെയ്യും. 5യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും, ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതുപോലെയെല്ലാം നിങ്ങൾ അവരോടു ചെയ്യണം. 6ബലവും ധൈര്യവും ഉള്ളവരായിരിക്കുക. അവർനിമിത്തം നിങ്ങൾ ഭയപ്പെടുകയോ പേടിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു നിങ്ങളോടുകൂടെ പോകുന്നത്. അവിടന്നു നിങ്ങളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല.”
7അതിനുശേഷം മോശ യോശുവയെ വിളിച്ചുവരുത്തി എല്ലാ ഇസ്രായേലിന്റെയും സാന്നിധ്യത്തിൽ അവനോടു പറഞ്ഞു: “ബലവും ധൈര്യവും ഉള്ളവനായിരിക്കുക. അവരുടെ പിതാക്കന്മാർക്കു നൽകുമെന്ന് യഹോവ ശപഥംചെയ്ത ദേശത്തേക്ക് നീ ഈ ജനത്തോടുകൂടെ പോകണം; അവരുടെ അവകാശമായി അവർക്ക് അതു വിഭാഗിച്ചു നൽകണം. 8യഹോവതന്നെ നിനക്കുമുമ്പായി പുറപ്പെടും, അവിടന്ന് നിന്നോടുകൂടെ ഇരിക്കും. അവിടന്ന് നിന്നെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല. ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്.”
ന്യായപ്രമാണം പരസ്യമായി വായിക്കുക
9അങ്ങനെ മോശ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമക്കുന്ന ലേവിയുടെ മക്കളായ പുരോഹിതന്മാർക്കും ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാർക്കും നൽകി. 10അതിനുശേഷം മോശ അവരോട് ഇങ്ങനെ കൽപ്പിച്ചു: “ഏഴുവർഷം കൂടുമ്പോഴുള്ള വിമോചനവർഷത്തിലെ കൂടാരപ്പെരുന്നാളിൽ, 11നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത്, അവിടത്തെ സന്നിധിയിൽ എല്ലാ ഇസ്രായേലും കൂടിവരുമ്പോൾ അവർ കേൾക്കേണ്ടതിന് നിങ്ങൾ ഈ ന്യായപ്രമാണം വായിച്ചു കേൾപ്പിക്കണം. 12പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ നഗരത്തിലുള്ള പ്രവാസികളും ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ സൂക്ഷ്മതയോടെ അനുസരിക്കേണ്ടതിന് അതു കേൾക്കുകയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുകയുംചെയ്യേണ്ടതിന് അവരെ ഒരുമിച്ചുകൂട്ടിവരുത്തണം. 13ഈ ന്യായപ്രമാണം അറിയാത്തവരായ അവരുടെ മക്കൾ യോർദാൻ കടന്ന് അവകാശമാക്കുന്ന ദേശത്തു ജീവിക്കുന്ന കാലത്തോളം നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കേണ്ടതിന് ഈ നിയമം തീർച്ചയായും ശ്രദ്ധിച്ചു കേൾക്കണം.”
ഇസ്രായേലിന്റെ മത്സരം പ്രവചിക്കുന്നു
14യഹോവ മോശയോടു കൽപ്പിച്ചു: “നിന്റെ മരണദിനം സമീപിച്ചിരിക്കുന്നു. ഞാൻ യോശുവയെ അധികാരപ്പെടുത്തേണ്ടതിനു നീയും യോശുവയും സമാഗമകൂടാരത്തിൽ സന്നിഹിതരാകുക.” അങ്ങനെ മോശയും യോശുവയും സമാഗമകൂടാരത്തിൽ സന്നിഹിതരായി.
15അതിനുശേഷം യഹോവ കൂടാരത്തിൽ മേഘസ്തംഭത്തിൽ പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നിലകൊണ്ടു. 16യഹോവ മോശയോടു കൽപ്പിച്ചു: “നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കാൻപോകുന്നു. ഈ ജനത വേഗത്തിൽ അവർ പ്രവേശിക്കുന്ന ദേശത്ത് അന്യദേവന്മാരുമായി പരസംഗം ചെയ്യും. അവർ എന്നെ ഉപേക്ഷിക്കുകയും ഞാൻ അവരോടു ചെയ്ത ഉടമ്പടി ലംഘിക്കുകയും ചെയ്യും. 17അന്ന് ഞാൻ അവരോടു കോപിച്ച് അവരെ ഉപേക്ഷിച്ചുകളയും. ഞാൻ എന്റെ മുഖം അവരിൽനിന്നും മറയ്ക്കും, അവർ നശിച്ചുപോകും. അനവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരും. ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടല്ലേ ഈ അത്യാഹിതം നമുക്കു വന്നത്?’ എന്ന് ആ ദിവസം അവർ ചോദിക്കും. 18അവർ അന്യദേവന്മാരിലേക്കു പിന്തിരിഞ്ഞ് ചെയ്ത സകലദുഷ്ടതകളുംനിമിത്തം ആ ദിവസം ഞാൻ എന്റെ മുഖം അവരിൽനിന്നും നിശ്ചയമായും മറയ്ക്കും.
19“ഇപ്പോൾ നീ തന്നെ ഈ ഗീതം എഴുതി ഇസ്രായേൽമക്കളെ പഠിപ്പിക്കുക. ഇസ്രായേൽജനം ഈ ഗീതം ആലപിക്കട്ടെ. അങ്ങനെ ഈ ഗീതം ഇസ്രായേൽമക്കൾക്കെതിരേ എനിക്കുള്ള ഒരു സാക്ഷ്യമായിരിക്കും. 20ഞാൻ അവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ശപഥത്താൽ വാഗ്ദാനംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ ഭക്ഷിച്ചു തൃപ്തരായി ചീർത്തിരിക്കുമ്പോൾ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവയെ ആരാധിക്കുകയും എന്നോടുള്ള ഉടമ്പടി ലംഘിച്ച് എന്നെ ഉപേക്ഷിക്കുകയും ചെയ്യും. 21നിരവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരുമ്പോൾ ഈ ഗീതം അവർക്കെതിരേ സാക്ഷ്യമായിരിക്കും. കാരണം അവരുടെ സന്തതികൾ ഇതു മറന്നുപോകുകയില്ല. ഞാൻ അവർക്കു നൽകുമെന്ന് ശപഥംചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവരുന്നതിനു മുമ്പുതന്നെ അവർ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കാര്യങ്ങൾ ഞാൻ അറിഞ്ഞിരിക്കുന്നു.” 22അങ്ങനെ മോശ ആ ദിവസംതന്നെ ഈ ഗീതം എഴുതി ഇസ്രായേല്യരെ പഠിപ്പിച്ചു.
23യഹോവ നൂന്റെ മകനായ യോശുവയ്ക്ക് ഈ കൽപ്പന നൽകി: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക. ഞാൻ ഇസ്രായേൽജനത്തോട്, അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും. ഞാൻ നിന്നോടുകൂടെ ഇരിക്കും.”
24മോശ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങൾ ആദ്യവസാനം ഒരു പുസ്തകത്തിൽ എഴുതിത്തീർന്നശേഷം 25യഹോവയുടെ ഉടമ്പടിയുടെ പേടകം വഹിക്കുന്ന ലേവ്യരോട് മോശെ ഇങ്ങനെ കൽപ്പിച്ചു: 26“ഈ ന്യായപ്രമാണഗ്രന്ഥം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനു സമീപം വെക്കുക. അത് അവിടെ നിനക്കെതിരേ സാക്ഷ്യമായിരിക്കും. 27നിങ്ങൾ എത്ര മൽസരികളും ദുശ്ശാഠ്യമുള്ളവരും ആണെന്ന് എനിക്കറിയാം. ഞാൻ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോൾത്തന്നെ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നെങ്കിൽ എന്റെ മരണശേഷം അത് എത്ര അധികം! 28നിങ്ങളുടെ സകലഗോത്രങ്ങളിലെയും നേതാക്കന്മാരെയും ഉദ്യോഗസ്ഥരെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുക. ഞാൻ ഈ വചനങ്ങൾ അവർ കേൾക്കേണ്ടതിനു പ്രസ്താവിക്കും, അവർക്കുനേരേ സാക്ഷിയായി ആകാശത്തെയും ഭൂമിയെയും വിളിക്കും. 29എന്റെ മരണശേഷം, നിങ്ങൾ ഉറപ്പായും വഷളത്തം പ്രവർത്തിക്കുകയും ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ള വഴി വിട്ടുമാറുകയും ചെയ്യുമെന്ന് എനിക്കറിയാം. നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് അവിടത്തെ കോപിപ്പിക്കുന്നതുകൊണ്ട് ഭാവിയിൽ അത്യാഹിതം നിങ്ങളുടെമേൽ വരും.”
മോശയുടെ ഗീതം
30ആദിയോടന്തം മോശ ഈ ഗാനത്തിലെ വചനങ്ങൾ ഇസ്രായേലിന്റെ സകലസഭയും കേൾക്കത്തക്കവിധം ചൊല്ലിക്കേൾപ്പിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർത്തനം 31: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.