സഭാപ്രസംഗി 8
8
1ജ്ഞാനിയെപ്പോലെ ആരാണുള്ളത്?
വസ്തുതകളെ അവലോകനം ചെയ്യാൻ ആർക്കാണു കഴിയുക?
ജ്ഞാനം മനുഷ്യന്റെ മുഖത്തെ ദീപ്തമാക്കുകയും
അതിന്റെ കാഠിന്യത്തെ മാറ്റുകയും ചെയ്യുന്നു.
രാജാവിനെ അനുസരിക്കുക
2നീ ദൈവമുമ്പാകെ ഒരു ശപഥം ചെയ്തിട്ടുള്ളതുകൊണ്ട് രാജാവിന്റെ കൽപ്പന അനുസരിക്കാൻ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. 3രാജസന്നിധിയിൽനിന്ന് പോകാൻ തിടുക്കം കാട്ടരുത്. അദ്ദേഹം തനിക്കിഷ്ടമുള്ളത് ചെയ്യുമെന്നതുകൊണ്ട് ഒരു നീചകാര്യത്തിനുംവേണ്ടി നിലകൊള്ളരുത്. 4രാജശാസന അന്തിമം ആയിരിക്കുന്നിടത്തോളം, “അങ്ങ് എന്താണു ചെയ്യുന്നത്?” എന്ന് അദ്ദേഹത്തോട് ചോദിക്കാൻ ആർക്കു കഴിയും?
5രാജകൽപ്പന അനുസരിക്കുന്നവർക്ക് യാതൊരുദോഷവും ഭവിക്കുകയില്ല,
ജ്ഞാനഹൃദയം യുക്തസമയവും നടപടിക്രമങ്ങളും അറിയുന്നു.
6മനുഷ്യന്റെ ദുരിതങ്ങൾ അസഹനീയമാണെങ്കിലും,
എല്ലാറ്റിനും യുക്തസമയവും നടപടിക്രമങ്ങളും ഉണ്ടല്ലോ.
7ഭാവിയെക്കുറിച്ച് ആർക്കും ഒന്നും അറിയാത്തതുകൊണ്ട്
എന്തു സംഭവിക്കുമെന്ന് ആർക്കാണ് മറ്റൊരാളോടു പറയാൻ കഴിയുക?
8തന്റെ ആത്മാവിനെ തടഞ്ഞുനിർത്താൻ, ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല;
ആയതിനാൽ തങ്ങളുടെ മരണദിനത്തിന്മേൽ അധികാരമുള്ള ആരുംതന്നെയില്ല.
യുദ്ധകാലത്ത് സേനയിൽനിന്ന് ആരെയും പിരിച്ചുവിടുകയില്ല,
അതുപോലെ ദുഷ്‌പ്രവൃത്തി അതു പ്രവർത്തിക്കുന്നവരെയും വിട്ടുപോകുകയില്ല.
9സൂര്യനുകീഴിൽ സംഭവിക്കുന്ന സകലവസ്തുതകളും നിരീക്ഷിച്ചപ്പോൾ ഇവയെല്ലാം ഞാൻ കണ്ടു: ഒരു മനുഷ്യൻ വേറൊരുവ്യക്തിയുടെമേൽ അയാളുടെ ദോഷത്തിനായി അധികാരം നടത്തുന്ന ഒരു കാലമുണ്ട്. 10വിശുദ്ധസ്ഥലത്തു മുടങ്ങാതെ വന്നുപോകുകയും അവർ അധികാരം നടത്തിയ നഗരത്തിൽനിന്ന് പുകഴ്ച കവർന്നെടുക്കുകയും#8:10 ചി.കൈ.പ്ര. വിസ്മരിക്കപ്പെടുകയും ചെയ്ത ദുഷ്ടർ ബഹുമതികളോടെ അടക്കപ്പെടുന്നതും ഞാൻ കണ്ടു. ഇതും അർഥശൂന്യം!
11കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വേഗം നടപ്പിലാക്കാതിരിക്കുമ്പോൾ, തെറ്റു ചെയ്യുന്നതിനുള്ള ആലോചനകൾകൊണ്ടു മനുഷ്യരുടെ ഹൃദയം നിറയും. 12നൂറു കുറ്റം ചെയ്ത ദുഷ്ടർ ദീർഘകാലം ജീവിച്ചിരിക്കുമെങ്കിലും ദൈവസന്നിധിയിൽ ഭക്തിപൂർവം ദൈവത്തെ ഭയപ്പെടുന്ന മനുഷ്യർ അവരിലും ശ്രേഷ്ഠരായിത്തീരുമെന്ന് എനിക്കറിയാം. 13ദുഷ്ടർ ദൈവത്തെ ഭയപ്പെടാത്തതുകൊണ്ട് അവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല, വൈകുന്നേരങ്ങളിലെ നിഴൽപോലെ അവരുടെ നാളുകൾ ദീർഘമാകുകയുമില്ല.
14അർഥശൂന്യമായ മറ്റുചിലതും ഭൂമിയിൽ നടക്കുന്നുണ്ട്: ദുഷ്ടർക്ക് അർഹതപ്പെട്ടതു നീതിനിഷ്ഠർക്കു ലഭിക്കുന്നു, നീതിനിഷ്ഠർക്ക് അർഹതപ്പെട്ടതു ദുഷ്ടർക്കും ലഭിക്കുന്നു. ഇതും അർഥശൂന്യമെന്നു ഞാൻ പറയുന്നു. 15അതുകൊണ്ട് ജീവിതം ആസ്വദിക്കുക അതാണ് എന്റെ നിർദേശം; ഭക്ഷിക്കുക, പാനംചെയ്യുക, ആനന്ദിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമായ മറ്റൊന്നും സൂര്യനുകീഴിൽ മനുഷ്യന് ഇല്ലല്ലോ. അപ്പോൾ സൂര്യനുകീഴിൽ ദൈവം മനുഷ്യനു നൽകിയിരിക്കുന്ന ജീവിതനാളുകളിലെല്ലാം അയാളുടെ കഠിനാധ്വാനത്തിൽ ഈ ആത്മസംതൃപ്തി അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
16ജ്ഞാനം അറിയുന്നതിനും ഭൂമിയിലെ മനുഷ്യരുടെ പ്രയത്നം നിരീക്ഷിക്കുന്നതിനുമായി ഞാൻ മനസ്സുവെച്ചപ്പോൾ—മനുഷ്യന്റെ കണ്ണുകൾ രാത്രിയും പകലും ഉറക്കമറിയുന്നില്ല— 17ദൈവം ചെയ്ത സകലപ്രവൃത്തികളും ഞാൻ കണ്ടു. സൂര്യനുകീഴേ നടക്കുന്നതു പൂർണമായി ഗ്രഹിക്കാൻ ആർക്കും കഴിയുകയില്ല. എല്ലാം കണ്ടെത്താൻ മനുഷ്യർ യത്നിക്കുന്നുണ്ടെങ്കിലും അവർക്ക് അതിന്റെ അർഥം കണ്ടെത്താൻ കഴിയുന്നില്ല. ജ്ഞാനി തനിക്കെല്ലാമറിയാം എന്ന് അവകാശപ്പെട്ടാലും, അവർക്കത് യഥാർഥത്തിൽ ഗ്രഹിക്കാൻ കഴിയുകയില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സഭാപ്രസംഗി 8: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.