പുറപ്പാട് 34
34
പുതിയ കൽപ്പലകകൾ
1യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കൽപ്പലകകൾ ചെത്തി ഉണ്ടാക്കുക: നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ കൽപ്പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ അതിൽ എഴുതും. 2നീ രാവിലെ ഒരുങ്ങി, സീനായിപർവതത്തിൽ കയറിവരിക; പർവതാഗ്രത്തിൽ എന്റെമുമ്പിൽ നീ നിൽക്കണം. 3നിന്നോടുകൂടെ ആരും വരരുത്; പർവതത്തിൽ ആരെയും കാണരുത്; പർവതത്തിനുസമീപം ആടുമാടുകൾ മേയുകയുമരുത്.”
4അങ്ങനെ മോശ, ആദ്യത്തേതുപോലെയുള്ള രണ്ടു കൽപ്പലകകൾ ചെത്തിയുണ്ടാക്കി, അതിരാവിലെ എഴുന്നേറ്റ് യഹോവ കൽപ്പിച്ചിരുന്നതുപോലെ സീനായിപർവതത്തിൽ കയറിച്ചെന്നു; രണ്ടു കൽപ്പലകകളും അവൻ കൈയിൽ എടുത്തിരുന്നു. 5അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവന്റെ അടുക്കൽവന്നു; യഹോവ തന്റെ നാമം ഘോഷിച്ചു. 6യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു. 7ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.”
8അപ്പോൾത്തന്നെ മോശ നിലത്തുവീണു നമസ്കരിച്ചു. 9“കർത്താവേ, അങ്ങേക്ക് എന്നോടു കൃപയുണ്ടെങ്കിൽ, കർത്താവു ഞങ്ങളോടുകൂടെ പോരണമേ. ഇതു ദുശ്ശാഠ്യമുള്ള ജനമാകുന്നു, എങ്കിലും ഞങ്ങളുടെ അതിക്രമവും പാപവും ക്ഷമിച്ചു, ഞങ്ങളെ അവിടത്തെ അവകാശം ആക്കണമേ,” എന്നപേക്ഷിച്ചു.
10അപ്പോൾ യഹോവ: “ഞാൻ നിങ്ങളുമായി ഒരു ഉടമ്പടിചെയ്യുന്നു. ലോകത്തിലെങ്ങും ഒരു ജനതയുടെയും മധ്യത്തിൽ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത അത്ഭുതങ്ങൾ ഞാൻ നിന്റെ സകലജനത്തിന്റെയും മുമ്പാകെ ചെയ്യും. യഹോവയായ ഞാൻ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻപോകുന്ന കാര്യങ്ങൾ എത്ര ഭയങ്കരമാണെന്നു നിങ്ങൾക്കുചുറ്റും വസിക്കുന്ന ജനം കാണും. 11ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നത് അനുസരിക്കുക. അമോര്യർ, കനാന്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ ഞാൻ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും. 12നീ ചെല്ലുന്ന ദേശത്തു പാർക്കുന്ന ജനങ്ങളുമായി യാതൊരുവിധ കരാറിലും ഏർപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളണം. അല്ലെങ്കിൽ, അതു നിനക്ക് ഒരു കെണിയായിത്തീരും. 13നിങ്ങൾ അവരുടെ ബലിപീഠങ്ങൾ തകർക്കണം; അവരുടെ ആചാരസ്തൂപങ്ങൾ ഉടച്ചുകളയണം; അവരുടെ അശേരാപ്രതിഷ്ഠകൾ#34:13 അതായത്, തടിയിൽ പണികഴിപ്പിച്ച അശേരാദേവിയുടെ പ്രതീകങ്ങൾ. വെട്ടിക്കളയണം. 14അന്യദേവതകളെ നമസ്കരിക്കരുത്; തീക്ഷ്ണൻ എന്നു പേരുള്ള യഹോവ, തീക്ഷ്ണതയുള്ളവൻതന്നെ.
15“ദേശത്തു പാർക്കുന്ന ജനങ്ങളുമായി യാതൊരുവിധ കരാറിലും ഏർപ്പെടരുത്; അവർ തങ്ങളുടെ ദേവതകളോടു പരസംഗം ചെയ്യുകയും അവർക്കു ബലികഴിക്കുകയും ചെയ്യുമ്പോൾ അവർ നിങ്ങളെ ക്ഷണിക്കാനും നിങ്ങൾ അവരുടെ ബലികൾ ഭക്ഷിക്കാനും ഇടയാകരുത്. 16അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു ഭാര്യമാരായി എടുക്കാനും അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യാനും അവർ നിങ്ങളുടെ പുത്രന്മാരെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കാനും ഇടവരരുത്.
17“നിങ്ങൾക്കായി ദേവന്മാരെ വാർത്തുണ്ടാക്കരുത്.
18“പുളിപ്പില്ലാത്ത അപ്പത്തിന്റ ഉത്സവം ആചരിക്കണം. ഞാൻ നിങ്ങളോടു കൽപ്പിച്ചതുപോലെ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. നീ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ആബീബ് മാസത്തിൽ നിശ്ചിതസമയത്ത് അത് ആചരിക്കണം.
19“നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കടിഞ്ഞൂലുകൾ ഉൾപ്പെടെ ആദ്യം ജനിക്കുന്നതെല്ലാം എനിക്കുള്ളതാകുന്നു. 20എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളണം. നീ അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതന്മാരെ ഒക്കെയും വീണ്ടുകൊള്ളണം.
“വെറുംകൈയോടെ ആരും എന്റെമുമ്പിൽ വരരുത്.
21“ആറുദിവസം നീ അധ്വാനിക്കണം; ഏഴാംദിവസം സ്വസ്ഥമായിരിക്കണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും നീ വിശ്രമിക്കണം.
22“ഗോതമ്പുകൊയ്ത്തിന്റെ ആദ്യഫലോത്സവത്തോടൊപ്പം ആഴ്ചകളുടെ പെരുന്നാളും#34:22 പുറ. 23:16 കാണുക. വർഷാന്ത്യത്തിൽ#34:22 അതായത്, കൊയ്ത്തുകാലം. കായ്-കനിപ്പെരുന്നാളും#34:22 ലേവ്യ. 23:16-20 കാണുക. നീ ആചരിക്കണം. 23നിങ്ങളുടെ സകലപുരുഷന്മാരും, വർഷത്തിൽ മൂന്നുപ്രാവശ്യം ഇസ്രായേലിന്റെ ദൈവമായ, കർത്താവായ യഹോവയുടെ സന്നിധിയിൽ വരണം. 24ഞാൻ ജനതകളെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളഞ്ഞു, നിന്റെ ദേശത്തെ വിശാലമാക്കും. നിങ്ങൾ വർഷത്തിൽ മൂന്നുപ്രാവശ്യം നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിൽക്കാൻപോകുമ്പോൾ ആരും നിങ്ങളുടെ ദേശം മോഹിക്കുകയില്ല.
25“പുളിപ്പുള്ള യാതൊന്നിനോടുംകൂടെ എനിക്കു യാഗരക്തം അർപ്പിക്കരുത്. പെസഹാപ്പെരുന്നാളിലെ യാഗം പ്രഭാതംവരെ ശേഷിപ്പിക്കരുത്.
26“നിന്റെ നിലത്തിലെ ആദ്യഫലങ്ങളിൽ ഏറ്റം മെച്ചമായവ നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം.
“ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.”
27യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തത്, “ഈ വചനങ്ങൾ എഴുതുക; ഈ വചനങ്ങളനുസരിച്ചു ഞാൻ നിന്നോടും ഇസ്രായേലിനോടും ഒരു ഉടമ്പടി ചെയ്തിരിക്കുന്നു.” 28മോശ, ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാൽപ്പതുരാവും നാൽപ്പതുപകലും യഹോവയുടെകൂടെ ആയിരുന്നു. അവിടന്ന് ആ നിയമത്തിന്റെ വചനങ്ങളെ, പത്തുകൽപ്പനകളെത്തന്നെ, കൽപ്പലകകളിൽ എഴുതിക്കൊടുത്തു.
മോശയുടെ മുഖം പ്രകാശിക്കുന്നു
29മോശ കൈകളിൽ കല്ലിൽ കൊത്തിയ രണ്ട് ഉടമ്പടിയുടെ പലകകളുമായി സീനായിപർവതത്തിൽനിന്ന് ഇറങ്ങിവന്നപ്പോൾ, താൻ യഹോവയോടു സംസാരിച്ചതുകൊണ്ടു തന്റെ മുഖം പ്രകാശിച്ചിരുന്നു എന്ന് അദ്ദേഹം അറിഞ്ഞില്ല. 30മോശയുടെ മുഖം പ്രകാശിക്കുന്നതു കണ്ടിട്ട് അഹരോനും എല്ലാ ഇസ്രായേൽമക്കളും അദ്ദേഹത്തെ സമീപിക്കാൻ ഭയപ്പെട്ടു. 31എന്നാൽ മോശ അവരെ വിളിച്ചു; അഹരോനും സഭയിലെ എല്ലാ നേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു; അദ്ദേഹം അവരോടു സംസാരിച്ചു. 32അതിനുശേഷം സകല ഇസ്രായേൽജനവും മോശയുടെ അടുക്കൽവന്നു; സീനായിപർവതത്തിൽ യഹോവ നൽകിയ എല്ലാ കൽപ്പനകളും മോശ അവരെ അറിയിച്ചു.
33മോശ അവരോടു സംസാരിച്ചുതീർന്നശേഷം തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു. 34എന്നാൽ, യഹോവയോടു സംസാരിക്കാൻ തിരുസന്നിധിയിലേക്കു പോയി, പുറത്തു വരുന്നതുവരെ അദ്ദേഹം മൂടുപടം മാറ്റിയിരുന്നു. തന്നോടു കൽപ്പിച്ചത് മോശ പുറത്തുവന്ന് ഇസ്രായേൽമക്കളോട് അറിയിച്ചിരുന്നു. 35മോശയുടെ മുഖം പ്രകാശിക്കുന്നതായി അവർ കണ്ടു. ഇതിനുശേഷം മോശ യഹോവയോടു സംസാരിക്കാൻ അകത്തു പോകുന്നതുവരെ അദ്ദേഹം മൂടുപടം ഇട്ടിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പുറപ്പാട് 34: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.