യെഹെസ്കേൽ 16
16
ജെറുശലേം—വ്യഭിചാരിണിയായ ഒരു ഭാര്യ
1അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്കു ലഭിച്ചത്: 2“മനുഷ്യപുത്രാ, ജെറുശലേമിനോട് അവളുടെ മ്ലേച്ഛതകൾ വിളിച്ചറിയിച്ചുകൊണ്ട് 3ഇപ്രകാരം പ്രസ്താവിക്കുക: ‘യഹോവയായ കർത്താവ് ജെറുശലേമിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉത്ഭവവും ജനനവും കനാന്യദേശത്തുനിന്നാണ്. നിന്റെ പിതാവ് ഒരു അമോര്യനും മാതാവ് ഒരു ഹിത്യസ്ത്രീയുമത്രേ. 4നിന്റെ ജനനത്തെ സംബന്ധിച്ചാകട്ടെ, നീ ജനിച്ചനാളിൽ നിന്റെ പൊക്കിൾക്കൊടി മുറിച്ചിരുന്നില്ല. നിന്റെ മാലിന്യം നീക്കുന്നതിനു വെള്ളത്തിൽ കുളിപ്പിച്ചതുമില്ല. ഉപ്പുകൊണ്ടു നിന്നെ ശുദ്ധീകരിച്ചില്ല; ശീലകൊണ്ടു പൊതിഞ്ഞതുമില്ല. 5നിനക്കുവേണ്ടി ഈ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യുന്നതിന് സഹതാപം കാണിക്കുകയോ ഒരു കണ്ണും അനുകമ്പയോടെ നിന്നെ നോക്കുകയോ ചെയ്തില്ല. പിന്നെയോ, നീ ജനിച്ചനാളിൽ വെറുക്കപ്പെട്ടവളായിരുന്നതിനാൽ തുറസ്സായസ്ഥലത്തേക്കു നിന്നെ എറിഞ്ഞുകളകയാണ് ഉണ്ടായത്.
6“ ‘ഞാൻ കടന്നുപോകുമ്പോൾ രക്തത്തിൽ കുളിച്ച്, കൈകാലിട്ടടിച്ചുകൊണ്ടിരുന്ന നിന്നെക്കണ്ട്, “ജീവിച്ചുകൊള്ളുക” എന്നു നിന്നോടു പറഞ്ഞു. നീ രക്തത്തിൽ കിടക്കെ “ജീവിച്ചുകൊള്ളുക” എന്നും നിന്നോടു പറഞ്ഞു.#16:6 ചി.കൈ.പ്ര. നീ രക്തത്തിൽ കിടക്കെ “ജീവിക്കുക!” എന്നു ഞാൻ നിന്നോടു പറഞ്ഞു, എന്ന വാക്യഭാഗം ആവർത്തിക്കുന്നു. 7വയലിലെ സസ്യത്തെപ്പോലെ ഞാൻ നിന്നെ വളർത്തി. നീ വളർന്ന് വികസിച്ച് ഋതുമതിയായി. നിന്റെ സ്തനങ്ങൾ വളരുകയും ദീർഘമായ കേശം ഉണ്ടാകുകയും ചെയ്തു; എന്നിട്ടും നീ പൂർണ നഗ്നയായിരുന്നു.
8“ ‘പിന്നീട് നിന്റെ സമീപത്തുകൂടി പോയപ്പോൾ നിന്നെക്കണ്ട് നിനക്കു പ്രേമത്തിനുള്ള പ്രായമായെന്നു ഞാൻ ഗ്രഹിച്ചു. ഞാൻ എന്റെ വസ്ത്രാഗ്രം നിന്റെമേൽ വിരിച്ച് നിന്റെ നഗ്നശരീരം മറച്ചു. ഞാൻ നിന്നോടു ശപഥംചെയ്യുകയും ഒരു ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു; അങ്ങനെ നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
9“ ‘ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു; നിന്റെമേലുള്ള രക്തം കഴുകിക്കളയുകയും തൈലം പുരട്ടുകയും ചെയ്തു. 10ഞാൻ നിന്നെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു; വിശേഷപ്പെട്ട തുകൽച്ചെരിപ്പു നിന്നെ അണിയിച്ചു. നേർമയേറിയ ചണവസ്ത്രം നിന്റെമേൽ ചുറ്റുകയും പട്ട് അണിയിക്കുകയും ചെയ്തു. 11ഞാൻ നിന്നെ ആഭരണമണിയിച്ചു, നിന്റെ കൈകളിൽ വളയും കഴുത്തിൽ മാലയും ഇട്ടു. 12ഞാൻ നിന്റെ മൂക്കിൽ മൂക്കുത്തിയും കാതിൽ കമ്മലും ശിരസ്സിൽ മനോഹരകിരീടവും ധരിപ്പിച്ചു. 13അങ്ങനെ നീ സ്വർണവും വെള്ളിയും അണിഞ്ഞു. നേർമയേറിയ ചണവസ്ത്രവും വിലപിടിപ്പുള്ള തുണിമേൽ ചിത്രത്തയ്യൽചെയ്ത വസ്ത്രവുമായിരുന്നു നിന്റെ ഉടയാട. തേനും ഒലിവെണ്ണയും നേർത്ത മാവും ആയിരുന്നു നിന്റെ ഭക്ഷണം. നീ അത്യന്തം സുന്ദരിയാകുകയും രാജ്ഞിപദത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. 14നിന്റെ സൗന്ദര്യം നിമിത്തം നിന്റെ കീർത്തി രാജ്യങ്ങളിലുടനീളം വ്യാപിച്ചു. ഞാൻ നിന്റെമേൽ അർപ്പിച്ച തേജസ്സുനിമിത്തം അതു പൂർണതയുള്ളതായിത്തീർന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15“ ‘എന്നാൽ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിച്ചു. നിന്റെ കീർത്തി ഉപയോഗിച്ചുകൊണ്ട് നീ ഒരു വേശ്യയായിത്തീർന്നു. വഴിപോക്കരായ എല്ലാവരുടെമേലും നീ നിന്റെ ആനുകൂല്യങ്ങൾ വാരിച്ചൊരിഞ്ഞു. അങ്ങനെ നിന്റെ സൗന്ദര്യം അവരുടേതായിത്തീർന്നു. 16നീ നിന്റെ വസ്ത്രങ്ങളിൽ ചിലതുകൊണ്ട് വർണാഭങ്ങളായ ക്ഷേത്രങ്ങൾ നിർമിച്ചു. അവിടെവെച്ചു നീ വ്യഭിചാരത്തിലേർപ്പെട്ടു. നീ അവരുടെ അടുത്തേക്കുചെന്നു; അവർ നിന്റെ സൗന്ദര്യം കവർന്നെടുത്തു.#16:16 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. 17ഞാൻ നിനക്കുതന്ന മേന്മയേറിയ സ്വർണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങൾ നീ എടുത്ത് നിനക്കു വേശ്യാവൃത്തി ചെയ്യാനുള്ള പുരുഷവിഗ്രഹങ്ങൾ നിർമിച്ചു. 18നിന്റെ ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ നീ എടുത്ത് അവയെ ആവരണംചെയ്തു. എന്റെ തൈലവും സുഗന്ധവർഗവും നീ അവയുടെമുമ്പിൽ അർപ്പിച്ചു. 19ഞാൻ നിനക്കുതന്ന ആഹാരം; നിന്നെ പോഷിപ്പിക്കാൻ തന്ന നേരിയമാവ്, ഒലിവെണ്ണ, തേൻ എന്നിവ നീ അവയുടെമുമ്പിൽ സുഗന്ധധൂപമായി അർപ്പിച്ചു. സംഭവിച്ചത് ഇതാണ് എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
20“ ‘ഇതിനുംപുറമേ, നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ ആ വിഗ്രഹങ്ങൾക്കു ഭോജനമായി അർപ്പിച്ചു. നിന്റെ വേശ്യാവൃത്തി നിനക്കു മതിയായില്ലേ? 21നീ എന്റെ മക്കളെ നിഗ്രഹിച്ച് ആ വിഗ്രഹങ്ങൾക്കു ബലിയായി അർപ്പിച്ചു. 22നിന്റെ എല്ലാ മ്ലേച്ഛതകളിലും വേശ്യാവൃത്തിയിലും നീ നഗ്നയും അനാവൃതയുമായി രക്തത്തിൽ കൈകാലിട്ടടിച്ചു കിടന്നിരുന്ന നിന്റെ യൗവനകാലം നീ ഓർത്തില്ല.
23“ ‘കഷ്ടം! നിനക്കു കഷ്ടം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. നിന്റെ എല്ലാ ദുഷ്ടതയും കൂടാതെ, 24നിന്റെ ഓരോ ചത്വരങ്ങളിലും കുന്നുകൾ ഉയർത്തി അവയിൽ വലിയ ക്ഷേത്രങ്ങൾ പണിതു. 25എല്ലാ തെരുക്കോണുകളിലും നിനക്കായി വലിയ ക്ഷേത്രങ്ങൾ നിർമിച്ച് നിന്റെ സൗന്ദര്യത്തിന് അവമതിപ്പുണ്ടാക്കി. വഴിപോക്കരായ ഏതൊരുവന്റെ മുന്നിലും നീ കാലുകൾ അകറ്റി നിന്റെ വഷളത്തം വർധിപ്പിച്ചു. 26വലിയ ജനനേന്ദ്രിയമുള്ള നിന്റെ അയൽക്കാരായ ഈജിപ്റ്റുനിവാസികളോടും നീ വേശ്യാവൃത്തിയിലേർപ്പെട്ടു. നിന്റെ വഷളത്തംകൊണ്ട് എന്റെ കോപം നീ ജ്വലിപ്പിച്ചു. 27അതുകൊണ്ട് ഞാൻ നിന്റെനേരേ എന്റെ കൈനീട്ടി നിന്റെ ഭൂപ്രദേശം കുറച്ചു; നിന്നെ വെറുക്കുകയും നിന്റെ ദുർമാർഗത്തെക്കുറിച്ചു ലജ്ജിക്കുകയും ചെയ്യുന്ന ഫെലിസ്ത്യപുത്രിമാരുടെ ഇഷ്ടത്തിനു നിന്നെ ഏൽപ്പിച്ചുകൊടുത്തു. 28നിന്റെ ലൈംഗികാസക്തിക്കു ശമനം വരാത്തതിനാൽ അശ്ശൂര്യരുമായും നീ വ്യഭിചരിച്ചു. അവരുമായി പരസംഗംചെയ്തിട്ടും നിനക്കു തൃപ്തിയുണ്ടായില്ല. 29നിന്റെ വഷളത്തം വ്യാപാരികളുടെ ദേശമായ ബാബേൽവരെ#16:29 അഥവാ, കൽദയദേശംവരെയും വിപുലീകരിച്ചിട്ടും, അതുകൊണ്ടൊന്നും നിനക്കു തൃപ്തിവന്നില്ല.
30“ ‘ലജ്ജയറ്റ ഒരു വേശ്യയെപ്പോലെ ഇങ്ങനെയെല്ലാം നീ പ്രവർത്തിക്കുമ്പോൾ, നിനക്കെതിരേ ഞാൻ ക്രോധാകുലനായിരിക്കുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 31ഓരോ വഴിത്തലയ്ക്കലും നീ കുന്നുകൾ പണിത് ഓരോ ചത്വരത്തിലും വലിയ ക്ഷേത്രങ്ങൾ നിർമിക്കുകയുംചെയ്യുമ്പോൾ നിന്ദയുടെ പ്രതിഫലം വെറുക്കുന്നതുകൊണ്ട് നീ ഒരു വേശ്യയിൽനിന്നു വ്യത്യസ്തയായിരിക്കുന്നു.
32“ ‘വ്യഭിചാരിണിയേ! സ്വന്തം ഭർത്താവിനെക്കാളും പരപുരുഷന്മാരോടാണല്ലോ നിനക്കു പ്രിയം! 33പുരുഷന്മാർ എല്ലാ വേശ്യമാർക്കും സമ്മാനങ്ങൾ നൽകുന്നു. നീയോ നിന്റെ കാമുകന്മാർക്ക്, അവർ എല്ലാ സ്ഥലങ്ങളിൽനിന്നും നിന്റെ അടുക്കൽ വരേണ്ടതിനു, ദാനങ്ങൾ നൽകുകയാണ് ചെയ്യുന്നത്. 34നീ ദ്രവ്യം കൊടുക്കുകയും നിനക്കു ദ്രവ്യം നൽകപ്പെടാതിരിക്കുകയും ചെയ്യുന്നതിനാൽ, നീ ചെയ്യുന്നതുപോലെയുള്ള വേശ്യാവൃത്തി മറ്റാരുംതന്നെ ചെയ്യുന്നില്ല. മറ്റു വേശ്യാസ്ത്രീകളിൽനിന്ന് ഇങ്ങനെ നീ വ്യത്യസ്തയായിരിക്കുന്നു.
35“ ‘അതുകൊണ്ട്, ഹേ വേശ്യയായവളേ, യഹോവയുടെ വചനം കേൾക്കുക! 36യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കാമുകന്മാരുമൊത്തുള്ള നിന്റെ വഷളത്തത്തിൽ നിന്റെ ആസക്തി കോരിച്ചൊരിയുകയും നിന്റെ നഗ്നത അനാവൃതമാക്കുകയും ചെയ്യുകയാൽ, നിന്റെ എല്ലാ മ്ലേച്ഛവിഗ്രഹങ്ങൾ നിമിത്തവും നീ അവർക്കു നിവേദിച്ച നിന്റെ മക്കളുടെ രക്തംനിമിത്തവും 37നീ രമിച്ച എല്ലാ ജാരന്മാരെയും നീ സ്നേഹിച്ച എല്ലാവരെയും നീ പകച്ച എല്ലാവരെയും ഞാൻ ഒരുമിച്ചുകൂട്ടും. നിനക്കെതിരായി അവരെയെല്ലാം ഞാൻ ഒരുമിച്ചുവരുത്തി, അവർ പൂർണമായും കാണത്തക്കവണ്ണം അവരുടെമുമ്പിൽ നിന്റെ നഗ്നത അനാവൃതമാക്കും. 38വ്യഭിചാരം ചെയ്യുകയും രക്തം ചൊരിയുകയും ചെയ്യുന്ന സ്ത്രീകൾക്കുള്ള ന്യായവിധി ഞാൻ നിനക്കു നൽകി, ക്രോധത്തിന്റെയും അവിശ്വസ്തതയുടെയും പ്രതികാരമായി നിന്റെ രക്തവും ഞാൻ ചൊരിയും. 39നിന്റെ കാമുകന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും; അവർ നിന്റെ കുന്നുകൾ ഇടിച്ച് വലിയ ക്ഷേത്രങ്ങൾ തകർത്തുകളയും. നിന്റെ വസ്ത്രങ്ങൾ ഉരിയുകയും നിന്റെ മനോഹരങ്ങളായ ആഭരണങ്ങൾ നീക്കിക്കളയുകയും നിന്നെ പൂർണനഗ്നയായി ഉപേക്ഷിക്കുകയും ചെയ്യും. 40അവർ ഒരു ജനസമൂഹത്തെ നിന്റെനേരേ ഇളക്കിവിടും; അവർ നിന്നെ കല്ലെറിയുകയും തങ്ങളുടെ വാളുകളാൽ വെട്ടിനുറുക്കിക്കളയുകയും ചെയ്യും. 41നിന്റെ വീടുകൾ അവർ തീവെച്ച് ചുട്ടുകളയും, അനേകം സ്ത്രീകളുടെമുമ്പിൽവെച്ച് നിന്റെനേരേയുള്ള ന്യായവിധി നടപ്പാക്കും. അപ്പോൾ ഞാൻ നിന്റെ വേശ്യാവൃത്തി നിർത്തലാക്കും. ഇനിയൊരിക്കലും നീ നിന്റെ കാമുകന്മാർക്കു ദ്രവ്യം കൊടുക്കുകയില്ല. 42അങ്ങനെ നിനക്കെതിരേയുള്ള എന്റെ ക്രോധം ശാന്തമാകും; എന്റെ തീക്ഷ്ണത നിന്നെ വിട്ടുമാറും. ഞാൻ ശാന്തനാകും; ഇനിയൊരിക്കലും കോപിക്കുകയുമില്ല.
43“ ‘നിന്റെ യൗവനകാലം നീ ഓർക്കാതെ ഈ എല്ലാ കാര്യങ്ങൾകൊണ്ടും എന്നെ പ്രകോപിപ്പിച്ചിരിക്കുകയാൽ, ഇതാ, നിന്റെ പ്രവൃത്തി ഞാൻ നിന്റെ തലമേൽത്തന്നെ വരുത്തും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. നിന്റെ മറ്റെല്ലാ മ്ലേച്ഛതകളോടുംകൂടെ ഇത്തരം വിഷയലമ്പടത്തവും നീ കൂട്ടിച്ചേർത്തില്ലേ?
44“ ‘പഴഞ്ചൊല്ലുകൾ ഉദ്ധരിക്കുന്നവരെല്ലാം നിനക്കെതിരേ, “യഥാമാതാ തഥാസുതാ” എന്ന പഴഞ്ചൊല്ല് ഉദ്ധരിക്കും. 45സ്വന്തം ഭർത്താവിനെയും മക്കളെയും വെറുത്ത നിന്റെ മാതാവിന്റെ പുത്രിതന്നെയാണു നീ. തങ്ങളുടെ ഭർത്താക്കന്മാരെയും മക്കളെയും നിന്ദിച്ച നിന്റെ സഹോദരിമാരുടെ സഹോദരിയാണു നീ. നിന്റെ മാതാവ് ഒരു ഹിത്യസ്ത്രീയും പിതാവ് ഒരു അമോര്യനുമത്രേ. 46നിന്റെ ജ്യേഷ്ഠസഹോദരി തന്റെ പുത്രിമാരോടൊപ്പം വടക്കുഭാഗത്തു താമസിക്കുന്ന ശമര്യയത്രേ; നിന്റെ ഇളയ സഹോദരി സ്വന്തം പുത്രിമാരോടൊത്ത് തെക്കുഭാഗത്തു വസിക്കുന്ന സൊദോം ആകുന്നു. 47നീ അവരുടെ വഴികളിൽ നടക്കുകയും അവരുടെ മ്ലേച്ഛതകൾക്കനുസരിച്ചുമാത്രം പ്രവർത്തിക്കുകയുംമാത്രമല്ല ചെയ്തിരിക്കുന്നത്. പിന്നെയോ, നിന്റെ എല്ലാ നടപ്പുകളിലും അവരെക്കാൾ അത്യന്തം ദുഷിച്ചവിധത്തിൽ ജീവിക്കുകയാണ് ചെയ്തത്. 48ജീവനുള്ള ഞാൻ ശപഥംചെയ്തു പറയുന്നു: നീയും നിന്റെ പുത്രിമാരും ചെയ്തതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
49“ ‘നിന്റെ സഹോദരിയായ സൊദോമിന്റെ കുറ്റം ഇതായിരുന്നു: അവളും പുത്രിമാരും നിഗളികളായിരുന്നു, ഭക്ഷിച്ചുതിമിർത്ത് അനവധാനതയോടെ ആയിരുന്നു അവർ ജീവിച്ചത്; ദരിദ്രരെയും അനാഥരെയും അവർ സഹായിച്ചതുമില്ല. 50അവർ അഹങ്കരിച്ച് എന്റെമുമ്പാകെ മ്ലേച്ഛതകൾ പ്രവർത്തിച്ചു; അതുകണ്ടിട്ട് ഞാൻ അവരെ ഇല്ലാതാക്കിക്കളഞ്ഞു. 51മാത്രമല്ല, നിന്റെ സഹോദരിയായ ശമര്യ നീ ചെയ്തതിന്റെ പകുതി പാപംപോലും പ്രവർത്തിച്ചിട്ടില്ല. അവരെക്കാൾ അധികമായി നീ നിന്റെ മ്ലേച്ഛതകളെ വർധിപ്പിച്ചു. അങ്ങനെ നീ ചെയ്ത എല്ലാ മ്ലേച്ഛതകളുംനിമിത്തം നിന്റെ സഹോദരിമാർ നീതിയുള്ളവരെന്നു തോന്നിക്കാൻ നീ ഇടയാക്കുകയാണു ചെയ്തത്. 52നീ അവരെക്കാൾ മ്ലേച്ഛതയോടെ പാപം ചെയ്യുകമൂലം അവർ നിന്നെക്കാൾ നീതിയുള്ളവരായി കാണപ്പെടുന്നു. അതിനാൽ നിന്റെ സഹോദരിമാർക്കു കൂടുതൽ അനുകൂലമായ ന്യായവിധി നീ നേടിക്കൊടുത്തു. അതേ, നിന്റെ സഹോദരിമാരെ കൂടുതൽ നീതിയുള്ളവരാക്കി പ്രദർശിപ്പിച്ചതിൽ ലജ്ജിതയായി നീ നിന്റെ അപമാനഭാരം വഹിച്ചുകൊൾക.
53-54“ ‘നീ അവർക്ക് ആശ്വാസദായകയായി തീർന്നതിലുള്ള നിന്റെ അപമാനം വഹിച്ച് ലജ്ജിതയായി തീരേണ്ടതിനുവേണ്ടി, ഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും പ്രവാസത്തിൽനിന്ന് അവരെ തിരികെവരുത്തും. അതോടൊപ്പം ഞാൻ നിന്റെ പ്രവാസികളെയും പുനരുദ്ധരിക്കും. 55സൊദോമും അവളുടെ പുത്രിമാരും ശമര്യയും അവരുടെ പുത്രിമാരുമായ നിന്റെ സഹോദരിമാരും അവരുടെ പൂർവാവസ്ഥയിലേക്കു മടങ്ങിവരും. നീയും നിന്റെ പുത്രിമാരോടൊപ്പം നിന്റെ പൂർവസ്ഥിതിയിലേക്കു മടങ്ങിവരും. 56നീ അഭിമാനിച്ചിരുന്ന ദിവസങ്ങളിൽ, നിന്റെ ദുഷ്ടത വെളിപ്പെടുന്നതിനുമുമ്പേ, നിന്റെ സഹോദരിയായ സൊദോമിന്റെ പേര് നീ ഉച്ചരിക്കുകപോലും ചെയ്തിട്ടില്ല. 57അതുപോലെ ഇപ്പോൾ നിന്റെ സഹോദരിയായ ഏദോമിന്റെയും#16:57 ചി.കൈ.പ്ര. അരാം അവൾക്കുചുറ്റുമുള്ള ഫെലിസ്ത്യപുത്രിമാരുടെയും നിന്നെ നിന്ദിക്കുന്ന എല്ലാവരുടെയും മുമ്പിൽ നീയും നിന്ദാപാത്രമായിത്തീർന്നിരിക്കുന്നു, 58നിന്റെ വിഷയലമ്പടത്തത്തിന്റെയും മ്ലേച്ഛതകളുടെയും ശിക്ഷാഭാരം നീ ഏറ്റുവാങ്ങും എന്ന് യഹോവ അരുളിച്ചെയ്യുന്നു.
59“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഉടമ്പടിലംഘനംമൂലം ഞാൻ നിന്നോടുചെയ്ത ശപഥത്തിനു നീ അപമാനം വരുത്തിയതുപോലെതന്നെ ഞാൻ നിന്നോടും ചെയ്യും. 60എങ്കിലും നിന്റെ യൗവനകാലത്ത് ഞാൻ നിന്നോടുചെയ്ത ഉടമ്പടി ഞാൻ ഓർക്കും; നീയുമായി ഞാൻ ഒരു ശാശ്വതമായ ഉടമ്പടി സ്ഥാപിക്കും. 61നിന്റെ ജ്യേഷ്ഠസഹോദരിയെയും ഇളയ സഹോദരിയെയും നീ കണ്ടുമുട്ടുമ്പോൾ, നീ നിന്റെ വഴികൾ ഓർത്ത് ലജ്ജിതയായിത്തീരും. ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; ഞാൻ നിന്നോടുചെയ്ത ഉടമ്പടിപ്രകാരം അല്ലതാനും. 62അങ്ങനെ ഞാൻ നിന്നോടുള്ള എന്റെ ഉടമ്പടി പുനഃസ്ഥാപിക്കും, ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും. 63നീ ചെയ്തതിനൊക്കെയും ഞാൻ പരിഹാരം വരുത്തുമ്പോൾ, നീ എല്ലാ കാര്യങ്ങളും ഓർത്ത് ലജ്ജിതയാകുകയും നിന്റെ അപമാനംനിമിത്തം ഇനിയൊരിക്കലും വായ് തുറക്കാതിരിക്കുകയും ചെയ്യും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെസ്കേൽ 16: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.