യെഹെസ്കേൽ 26

26
സോരിന്ന് എതിരേയുള്ള പ്രവചനം
1പന്ത്രണ്ടാംവർഷം പതിനൊന്നാംമാസം#26:1 ചി.കൈ.പ്ര. പന്ത്രണ്ടാം, മാസം എന്നീ വാക്കുകൾ കാണുന്നില്ല. ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, ജെറുശലേമിനെപ്പറ്റി, ‘ആഹാ! രാഷ്ട്രങ്ങളുടെ കവാടം തകർക്കപ്പെട്ടു, അതിന്റെ വാതിലുകൾ എനിക്കുമുമ്പാകെ മലർക്കെ തുറക്കപ്പെട്ടു; ഇപ്പോൾ അവൾ ശൂന്യയായിരിക്കുകയാൽ എനിക്ക് സമൃദ്ധിയുണ്ടാകും’ എന്ന് സോർ പറയുകയാൽ, 3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു; സമുദ്രം അതിന്റെ തിരകളെ തള്ളിച്ചുകൊണ്ടു വരുന്നതുപോലെ ഞാൻ അനേക രാഷ്ട്രങ്ങളെ നിനക്കെതിരേ വരുത്തും. 4അവർ സോരിന്റെ മതിലുകൾ തകർത്ത് ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അവളുടെ പൊടി അടിച്ചുവാരിക്കളഞ്ഞ് അവളെ ഒരു വെറും പാറയാക്കും. 5കടലിന്റെ സമീപത്ത് വല വിരിക്കുന്ന ഒരു സ്ഥലമായി അവൾ തീരും; ഞാൻ കൽപ്പിച്ചിരിക്കുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. അവൾ രാഷ്ട്രങ്ങൾക്കു കവർച്ചയായിത്തീരും. 6പ്രധാന ഭൂപ്രദേശത്തെ അവളുടെ വാസസ്ഥലങ്ങളിലുള്ളവർ വാളാൽ നശിപ്പിക്കപ്പെടും; ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
7“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വടക്കുനിന്ന് രാജാധിരാജാവും ബാബേലിന്റെ അധിപതിയുമായ നെബൂഖദ്നേസരിനെ#26:7 മൂ.ഭാ. നെബൂഖദരേനേസർ, നെബൂഖദ്നേസർ എന്നതിന്റെ മറ്റൊരുരൂപം. കുതിരകളും രഥങ്ങളും കുതിരച്ചേവകരും വിപുലമായ ഒരു സൈന്യവുമായി ഞാൻ സോരിനെതിരേ കൊണ്ടുവരും. 8പ്രധാന ഭൂപ്രദേശത്തെ നിന്റെ വാസസ്ഥലങ്ങളിലുള്ളവരെ അവൻ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെനേരേ ഉപരോധമതിൽ പണിതു മതിൽപ്പൊക്കത്തോളം ചരിഞ്ഞ പാത പണിതുയർത്തും; പരിചകൾകൊണ്ട് ഒരു മറ തീർക്കുകയും ചെയ്യും. 9അവൻ നിന്റെ മതിലുകൾക്കെതിരേ യന്ത്രമുട്ടികൾവെച്ച് തന്റെ ആയുധങ്ങൾകൊണ്ട് നിന്റെ ഗോപുരങ്ങൾ തകർത്തുകളയും. 10നിന്നെ പൊടിപടലംകൊണ്ടു മറയ്ക്കുമാറ് അവന്റെ കുതിരകൾ അനവധിയായിരിക്കും. മതിൽ ഇടിച്ചുകളഞ്ഞ പട്ടണത്തിലേക്കു ജനക്കൂട്ടം കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽക്കൂടി കടക്കുമ്പോൾ പോർക്കുതിരകളുടെയും വണ്ടികളുടെയും രഥങ്ങളുടെയും ആരവംകൊണ്ട് നിന്റെ മതിലുകൾ വിറകൊള്ളും. 11അവന്റെ കുതിരകളുടെ കുളമ്പടി നിന്റെ എല്ലാ തെരുവീഥികളും മെതിച്ചുകളയും. നിന്റെ ജനത്തെ അവൻ വാളാൽ സംഹരിക്കും; നിന്റെ ശക്തമായ തൂണുകൾ നിലംപൊത്തും. 12അവർ നിന്റെ സമ്പത്തു കവർന്ന് നിന്റെ വിഭവങ്ങൾ കൊള്ളയിട്ട്, നിന്റെ മതിലുകൾ ഇടിച്ചുനിരത്തി, നിന്റെ മനോഹരഭവനങ്ങൾ തകർത്ത്, നിന്റെ കല്ലും മരവും മണ്ണുമെല്ലാം കടലിൽ എറിഞ്ഞുകളയും. 13നിന്റെ സംഗീതഘോഷം ഞാൻ ഇല്ലാതെയാക്കും; നിന്റെ വീണാനാദം ഇനിയൊരിക്കലും കേൾക്കുകയില്ല. 14ഞാൻ നിന്നെ വെറുമൊരു പാറയാക്കും; നീ മീൻവല വിരിക്കാനുള്ള ഒരു സ്ഥലമായിത്തീരും. ഇനിയൊരിക്കലും നീ പുനർനിർമിക്കപ്പെടുകയില്ല. യഹോവയായ ഞാൻ അതു കൽപ്പിച്ചിരിക്കുന്നു എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്.
15“യഹോവയായ കർത്താവ് സോരിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്നിൽ മുറിവേറ്റവർ ഞരങ്ങുമ്പോഴും നിന്റെ നടുവിൽ സംഹാരം നടക്കുമ്പോഴും നിന്റെ പതനത്തിന്റെ ഒച്ചയാൽ തീരദേശം വിറയ്ക്കുകയില്ലേ? 16അപ്പോൾ തീരദേശത്തിലെ സകലപ്രഭുക്കന്മാരും തങ്ങളുടെ സിംഹാസനം വിട്ടിറങ്ങി അങ്കികൾ നീക്കി ചിത്രത്തയ്യലുള്ള തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റും. അവർ നിങ്കൽ സ്തബ്ധരായി ഭീതിപൂണ്ട് ഓരോ നിമിഷവും വിറച്ചുകൊണ്ട് നിലത്തിരിക്കും. 17അപ്പോൾ അവർ നിന്നെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തി ഇപ്രകാരം പറയും:
“ ‘സമുദ്രസഞ്ചാരികൾ നിറഞ്ഞിരുന്ന പ്രശസ്ത നഗരമേ,
നീ നശിച്ചുപോയത് എങ്ങനെ!
നീയും നിന്റെ പൗരന്മാരും
സമുദ്രത്തിലെ ശക്തിയായിരുന്നു.
അവിടെ താമസിച്ചിരുന്ന സകലർക്കും
നീയൊരു ഭീതിവിഷയം ആയിരുന്നു.
18ഇപ്പോഴോ നിന്റെ പതനദിവസത്തിൽ
തീരപ്രദേശങ്ങൾ വിറയ്ക്കുന്നു;
കടലിലെ ദ്വീപുകൾ
നിന്റെ തകർച്ചയിൽ നടുങ്ങിപ്പോകുന്നു.’
19“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിവാസികളില്ലാത്ത നഗരംപോലെ ഞാൻ നിന്നെ ശൂന്യമാക്കുമ്പോൾ, അഗാധസമുദ്രത്തെ ഞാൻ നിന്റെമേൽ വരുത്തി പെരുവെള്ളം നിന്നെ മൂടിക്കളയുമ്പോൾ, 20കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം പുരാതന ജനത്തിന്റെ അടുക്കലേക്കു ഞാൻ നിന്നെ നയിക്കും; പ്രാചീനതയുടെ അവശിഷ്ടങ്ങളെന്നപോലെ ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ കുഴിയിൽ ഇറങ്ങുന്നവരോടൊപ്പംതന്നെ പാർപ്പിക്കും. ജീവനുള്ളവരുടെ ദേശത്തേക്കു നീ മടങ്ങുകയോ അവിടെ നീ നിവസിക്കുകയോ ചെയ്യുകയില്ല. 21ഞാൻ നിനക്കു ഭയാനകമായ ഒരു അന്ത്യംവരുത്തും; നീ ഇല്ലാതെയാകും; ആളുകൾ നിന്നെ അന്വേഷിക്കുമെങ്കിലും ഇനിയൊരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെഹെസ്കേൽ 26: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക