27
സോരിനെക്കുറിച്ച് ഒരു വിലാപഗാനം
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, സോരിനെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തുക. 3സോരിനോടു പറയുക: സമുദ്രത്തിലേക്കുള്ള കവാടത്തിൽ സ്ഥിതിചെയ്ത്, അനേകം തീരപ്രദേശങ്ങൾക്കു വ്യാപാരിയായിത്തീർന്ന നഗരമേ, കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ “അല്ലയോ സോരേ,
ഞാൻ സൗന്ദര്യസമ്പൂർണ,” എന്നു നീ പറയുന്നല്ലോ.
4നിന്റെ അധികാരസീമ സമുദ്രമധ്യേ ആയിരുന്നല്ലോ;
നിന്റെ നിർമാതാക്കൾ നിന്റെ സൗന്ദര്യത്തിനു പൂർണതവരുത്തി.
5സെനീരിലെ#27:5 അഥവാ, ഹെർമോനിലെ സരളമരംകൊണ്ട്
അവർ നിന്റെ മരപ്പണിയെല്ലാം ചെയ്തു;
നിനക്കൊരു പാമരം പണിയാൻ
അവർ ലെബാനോനിൽനിന്ന് ഒരു ദേവദാരു കൊണ്ടുവന്നു.
6ബാശാനിലെ കരുവേലകംകൊണ്ട്
അവർ നിനക്കു തുഴകൾ നിർമിച്ചു;
കിത്തീം തീരങ്ങളിലെ പുന്നമരംകൊണ്ട്
അവർ നിനക്കു മേൽത്തട്ടുണ്ടാക്കി, അതിൽ ആനക്കൊമ്പു പതിച്ച് അലങ്കരിച്ചു.
7ഈജിപ്റ്റിൽനിന്നുള്ള ചിത്രത്തയ്യലുള്ള നേർമയേറിയ ചണവസ്ത്രത്തിൽ അവർ നിനക്കു കപ്പൽപ്പായുണ്ടാക്കി;
അതു നിനക്കു കൊടിയായിത്തീർന്നു;
എലീശാദ്വീപിന്റെ തീരത്തുനിന്നുള്ള
നീലവസ്ത്രവും ഊതവർണവസ്ത്രവും നിന്റെ വിതാനമായിരുന്നു.
8സീദോനിലെയും അർവാദിലെയും പുരുഷന്മാർ നിന്റെ തുഴകൾ വലിക്കുന്നവരായി;
സോരേ, വിദഗ്ദ്ധരായ കപ്പിത്താന്മാർ നിനക്കുണ്ടായിരുന്നു.
9ഗിബാലിലെ തഴക്കംവന്ന പണിക്കാരും
നിന്റെ പലകകൾചേർത്ത് വിടവ് അടച്ചു.
കടലിലെ എല്ലാ കപ്പലുകളും കപ്പൽക്കാരും
നിന്റെ അടുക്കൽ കച്ചവടത്തിനു വന്നുചേർന്നു.
10“ ‘പാർസിയിലെയും ലുദിയയിലെയും പൂത്തിലെയും പുരുഷന്മാർ
നിന്റെ സൈന്യത്തിൽ ഭടന്മാരായി സേവനമനുഷ്ഠിച്ചു.
അവർ തങ്ങളുടെ പരിചകളും ശിരോകവചങ്ങളും നിന്റെ ചുമരുകളിൽ തൂക്കി,
അതു നിനക്ക് അഴകുവരുത്തി.
11അർവാദിലെയും ഹേലെക്കിലെയും പുരുഷന്മാർ
നിന്റെ മതിലുകളുടെ എല്ലാഭാഗത്തും;
ഗമ്മാദിലെ പുരുഷന്മാർ
നിന്റെ ഗോപുരങ്ങളിലും നിലയുറപ്പിച്ചു.
അവർ തങ്ങളുടെ പരിചകൾ നിന്റെ ചുമരുകളിൽ തൂക്കിയിട്ട്,
നിന്റെ സൗന്ദര്യം പൂർണമാക്കിത്തീർത്തു.
12“ ‘നിന്റെ വിഭവസമൃദ്ധിയാൽ തർശീശ് നീയുമായി വാണിജ്യത്തിലേർപ്പെട്ടു. നിന്റെ വിഭവങ്ങൾക്കുപകരം അവർ വെള്ളിയും ഇരുമ്പും വെളുത്തീയവും കറുത്തീയവും നിനക്കു നൽകി.
13“ ‘ഗ്രീസും#27:13 മൂ.ഭാ. യവന തൂബാലും മേശെക്കും, നീയുമായി വ്യാപാരം നടത്തി; നിന്റെ പാത്രങ്ങൾക്കു പകരം അവർ അടിമകളെയും വെങ്കലംകൊണ്ടുള്ള ഉപകരണങ്ങളും നിനക്കു നൽകി.
14“ ‘ബെത്ത്-തോഗർമക്കാർ നിന്റെ കച്ചവടസാധനങ്ങൾക്കുപകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും നൽകി.
15“ ‘ദേദാന്യർ#27:15 അഥവാ, രൊദോസ്യർ നിന്റെ വ്യാപാരികളും നിരവധി തീരപ്രദേശങ്ങൾ നിനക്കു ഉപഭോക്താക്കളുമായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു വിലയായിത്തന്നു.
16“ ‘നിന്റെ വിഭവസമൃദ്ധമായ ഉൽപന്നങ്ങൾനിമിത്തം അരാമ്യർ#27:16 ചി.കൈ.പ്ര. ഏദോം നിന്നോടു വാണിജ്യത്തിലേർപ്പെട്ടു. നിന്റെ കച്ചവടച്ചരക്കുകൾക്കുപകരം അവർ മാണിക്യവും ധൂമ്രവസ്ത്രവും ചിത്രത്തയ്യലുള്ള വസ്ത്രവും മൃദുലചണനൂൽവസ്ത്രവും പവിഴവും മാണിക്യവും നിനക്കു തന്നു.
17“ ‘യെഹൂദയും ഇസ്രായേലും നിന്നോടു കച്ചവടത്തിലേർപ്പെട്ടു, നിന്റെ വിഭവങ്ങൾക്കുപകരം അവർ മിന്നീത്തിലെ ഗോതമ്പും#27:17 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. പലഹാരങ്ങളും തേനും ഒലിവെണ്ണയും പരിമളതൈലവും നൽകി.
18“ ‘നിന്റെ പലതരം ഉൽപന്നങ്ങളും കച്ചവടച്ചരക്കിന്റെ സമൃദ്ധിയും നിമിത്തം ദമസ്കോസ് നീയുമായി വ്യാപാരം നടത്തി. ഹെൽബോനിലെ വീഞ്ഞും സഹാരിലെ വെളുത്ത കമ്പിളിയും 19ഊസാലിലെ വീഞ്ഞുവീപ്പകളും നിന്റെ ചരക്കുകളായ പച്ചിരുമ്പും വഴനത്തോലും വയമ്പും അവർ പകരം നൽകി.
20“ ‘ദേദാൻ, കുതിരപ്പുറത്തു വിരിക്കുന്ന വിശേഷവസ്ത്രംകൊണ്ട് നിന്നോടു വ്യാപാരം നടത്തി.
21“ ‘അറേബ്യരും കേദാരിലെ പ്രഭുക്കന്മാരും നിന്റെ ഉപഭോക്താക്കളായി; അവർ കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ട് നീയുമായി വാണിജ്യത്തിലേർപ്പെട്ടു.
22“ ‘ശേബയിലെയും രാമായിലെയും വ്യാപാരികൾ നീയുമായി വ്യാപാരം ചെയ്തു. ഏറ്റവും വിശിഷ്ടമായ പരിമളതൈലവും രത്നങ്ങളും സ്വർണവും അവർ നിനക്കു വിലയ്ക്കു തന്നു.
23“ ‘ഹാരാനും കാനെഹും ഏദനും ശേബായിലുള്ള വ്യാപാരികളും അശ്ശൂരും കിൽമാദും നിന്നോടു കച്ചവടം നടത്തി. 24നിന്റെ വിപണികളിൽ അവർ വിശേഷവസ്ത്രങ്ങളും നീലവസ്ത്രങ്ങളും ചരടുകൾ പിരിച്ചു ബലവത്തായി കെട്ടിയിട്ടുള്ള വർണശബളവുമായ ചിത്രത്തയ്യലുള്ള പരവതാനികളും വിൽപ്പന നടത്തി.
25“ ‘തർശീശ് കപ്പലുകൾ
നിന്റെ വിഭവം കൊണ്ടുപോകുന്ന വാഹനങ്ങളായി.
സമുദ്രമധ്യത്തിലൂടെ
നിറയെ ചരക്കുകളുമായി നീ സഞ്ചരിച്ചു.
26നിന്റെ തുഴകൾവലിക്കുന്നവർ
പുറം കടലുകളിലേക്കു നിന്നെ നയിക്കും;
എന്നാൽ നടുക്കടലിൽവെച്ച്
കിഴക്കൻകാറ്റു നിന്നെ തകർത്തുകളയും.
27നിന്റെ കപ്പൽച്ചേതനാളിൽ
നിന്റെ സമ്പത്തും കച്ചവടസാധനങ്ങളും വിഭവങ്ങളും
കപ്പൽക്കാരും കപ്പിത്താന്മാരും പലകകൾചേർത്തു വിടവടയ്ക്കുന്നവരും
നിന്റെ കച്ചവടക്കാരും സൈനികർ എല്ലാവരും
കപ്പലിലുള്ള മറ്റെല്ലാവരുംതന്നെ
സമുദ്രമധ്യേ താണുപോകും.
28നിന്റെ കപ്പൽയാത്രികരുടെ നിലവിളികേട്ട്
തീരദേശങ്ങൾ നടുങ്ങിപ്പോകും.
29തുഴകൾവലിക്കുന്നവർ എല്ലാവരും
തങ്ങളുടെ കപ്പലുകൾ ഉപേക്ഷിക്കും;
കപ്പൽക്കാരും കപ്പിത്താന്മാരും
കരയിൽ നിലയുറപ്പിക്കും.
30അവർ ശബ്ദമുയർത്തി
നിങ്ങളെപ്രതി അതിദാരുണമായി വിലപിക്കും;
അവർ തലയിൽ പൊടിവാരിയിട്ട്
ചാരത്തിൽ കിടന്ന് ഉരുളും.
31നീ നിമിത്തം അവർ തല മൊട്ടയടിച്ച്,
ചാക്കുശീല ഉടുക്കും;
അതിവേദനയോടെ അവർ നിന്നെപ്പറ്റി കരയുകയും
കയ്പോടെ വിലപിക്കുകയും ചെയ്യും.
32നിന്നെയോർത്തു ദുഃഖിച്ചുകൊണ്ട്
അവർ നിന്നെപ്പറ്റി ഇങ്ങനെയൊരു വിലാപഗാനം ആലപിക്കും:
“സമുദ്രത്താൽ ചുറ്റപ്പെട്ട സോരിനെപ്പോലെ നിശ്ശബ്ദമാക്കപ്പെട്ട
വേറെ ഏതു നഗരമാണുള്ളത്?”
33നിന്റെ വാണിജ്യവിഭവങ്ങൾ കടലിലൂടെ കടന്നുപോയപ്പോൾ
ഒട്ടനേകം രാഷ്ട്രങ്ങളെ നീ സംതൃപ്തരാക്കി;
നിന്റെ വലിയ സമ്പത്തും വസ്തുവകകളുംകൊണ്ട്
ഭൂമിയിലെ രാജാക്കന്മാരെ നീ സമ്പന്നരാക്കി.
34ഇപ്പോഴോ, കടൽ നിന്നെ തകർത്തുകളഞ്ഞു,
നീ ആഴിയുടെ ആഴത്തിലേക്ക് ആഴ്ന്നുപോയി;
നിന്റെ വിഭവങ്ങളും നിന്റെ എല്ലാ പങ്കുകാരും
നിന്നോടൊപ്പം പോയിമറഞ്ഞു.
35തീരദേശങ്ങളിൽ വസിക്കുന്നവരെല്ലാം
നിന്റെ വിനാശത്തിൽ സ്തബ്ധരായി;
അവരുടെ രാജാക്കന്മാർ ഭീതിയാൽ നടുങ്ങുന്നു,
ഭയംകൊണ്ട് അവരുടെ മുഖം വാടിയിരിക്കുന്നു.
36വിവിധ രാഷ്ട്രങ്ങളിലെ വ്യാപാരികൾ നിന്റെനേരേ പരിഹസിക്കുന്നു;
ഭയാനകമായ ഒരു അന്ത്യമാണല്ലോ നിനക്കുണ്ടായത്,
നീ എന്നേക്കുമായി ഇല്ലാതെയായിരിക്കുന്നു.’ ”