ഉൽപ്പത്തി 32
32
യാക്കോബ് ഏശാവിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്നു
1യാക്കോബ് യാത്രതുടർന്നു; ദൈവദൂതന്മാർ അദ്ദേഹത്തെ എതിരേറ്റു. 2യാക്കോബ് അവരെ കണ്ടപ്പോൾ അദ്ദേഹം, “ഇതു ദൈവത്തിന്റെ സേന” എന്നു പറഞ്ഞ് ആ സ്ഥലത്തിനു മഹനയീം#32:2 രണ്ടു പാളയങ്ങൾ എന്നർഥം. എന്നു പേരിട്ടു.
3ഏദോം രാജ്യത്ത്, സേയീർദേശത്ത് തന്റെ സഹോദരനായ ഏശാവിന്റെ അടുത്തേക്കു യാക്കോബ് തനിക്കുമുമ്പേ സന്ദേശവാഹകരെ അയച്ചു. 4അദ്ദേഹം അവർക്ക് ഈ വിധം നിർദേശംനൽകി: “നിങ്ങൾ എന്റെ യജമാനനായ ഏശാവിനോട് പറയേണ്ടത് ഇതാണ്: ‘ഞാൻ ലാബാന്റെകൂടെ താമസിക്കുകയായിരുന്നു; ഈ സമയംവരെയും അവിടെ താമസിച്ചു. 5എനിക്കു കന്നുകാലികളും കഴുതകളും ചെമ്മരിയാടുകളും കോലാടുകളും ദാസീദാസന്മാരും ഉണ്ട്. അങ്ങേക്ക് എന്നോടു കൃപയുണ്ടാകണം, അതിനുവേണ്ടിയാണ് ഞാൻ ഇപ്പോൾ ഈ സന്ദേശം അയയ്ക്കുന്നത് എന്ന് അങ്ങയുടെ ദാസനായ യാക്കോബ് അറിയിക്കുന്നു.’ ”
6സന്ദേശവാഹകന്മാർ യാക്കോബിന്റെ അടുക്കൽ തിരിച്ചെത്തി അദ്ദേഹത്തോട്: “ഞങ്ങൾ അങ്ങയുടെ സഹോദരനായ ഏശാവിന്റെ അടുക്കൽ ചെന്നു, അദ്ദേഹം ഇതാ അങ്ങയെ എതിരേൽക്കാൻ വരുന്നു; നാനൂറ് ആളുകളും അദ്ദേഹത്തോടൊപ്പമുണ്ട്” എന്നു പറഞ്ഞു.
7യാക്കോബിന് മഹാഭയവും സംഭ്രമവും ഉണ്ടായി. യാക്കോബ് തന്നോടുകൂടെയുണ്ടായിരുന്ന ആളുകളെയും ആടുമാടുകളെയും ഒട്ടകങ്ങളെയും രണ്ടു സംഘങ്ങളായി വിഭജിച്ചു. 8“ഏശാവു വന്ന് ഒരു സംഘത്തെ ആക്രമിച്ചാൽ മറ്റേ സംഘത്തിനു രക്ഷപ്പെടാമല്ലോ” എന്ന് അദ്ദേഹം ചിന്തിച്ചു.
9പിന്നെ യാക്കോബ് പ്രാർഥിച്ചു: “എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവമേ, എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവമേ, യഹോവേ, അവിടന്ന് എന്നോട്, ‘നിന്റെ നാട്ടിലേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നെ വർധിപ്പിക്കും’ എന്ന് അരുളിച്ചെയ്തല്ലോ! 10അവിടത്തെ ദാസനോട് അവിടന്നു കാണിച്ച ദയയ്ക്കും വിശ്വസ്തതയ്ക്കും ഈയുള്ളവൻ അയോഗ്യനാണ്. ഒരു വടിയോടുകൂടിമാത്രമല്ലോ ഞാൻ ഈ യോർദാൻ കടന്നത്, എന്നാൽ ഇപ്പോൾ ഇതാ ഞാൻ രണ്ടു സംഘങ്ങളായി വർധിച്ചിരിക്കുന്നു. 11എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അദ്ദേഹം വന്ന് മക്കളോടുകൂടെ അമ്മയെയും നശിപ്പിക്കുമെന്നു ഞാൻ ഭയപ്പെടുന്നു. 12എങ്കിലും ‘ഞാൻ നിന്നെ നിശ്ചയമായും വർധിപ്പിക്കയും നിന്റെ സന്തതികളെ കടൽക്കരയിലെ എണ്ണിക്കൂടാത്ത മണൽപോലെ ആക്കിത്തീർക്കുകയും ചെയ്യും’ എന്ന് അവിടന്ന് അരുളിച്ചെയ്തല്ലോ.”
13യാക്കോബ് ആ രാത്രി അവിടെ ചെലവഴിച്ചു; സഹോദരനായ ഏശാവിനുവേണ്ടി, തനിക്കുള്ളതിൽനിന്ന് ഒരു സമ്മാനം തെരഞ്ഞെടുത്തു: 14ഇരുനൂറു പെൺകോലാടുകൾ, ഇരുപതു കോലാട്ടുകൊറ്റന്മാർ, ഇരുനൂറ് ചെമ്മരിയാടുകൾ, ഇരുപത് ചെമ്മരിയാട്ടുകൊറ്റന്മാർ. 15കറവയുള്ള മുപ്പതു പെൺഒട്ടകങ്ങളും അവയുടെ കുട്ടികളും, നാൽപ്പതു പശുക്കളും പത്തു കാളകളും, ഇരുപതു പെൺകഴുതകളും പത്ത് ആൺകഴുതകളും—ഇത്രയുമായിരുന്നു സമ്മാനമായി തെരഞ്ഞെടുത്തത്. 16അദ്ദേഹം അവയെ ഓരോ കൂട്ടമായിത്തിരിച്ച് ഓരോകൂട്ടത്തിന്റെയും ചുമതല ഓരോ ദാസന്മാരെ ഏൽപ്പിച്ചു. ഇതിനുശേഷം യാക്കോബ് അവരോട്: “നിങ്ങൾ എനിക്കുമുമ്പായി പൊയ്ക്കൊള്ളൂ, കൂട്ടങ്ങൾക്കു മധ്യേ അകലം ഇടണം” എന്നു നിർദേശിച്ചു.
17ഏറ്റവും മുന്നിൽ പോകുന്നവന് അയാൾ നിർദേശം കൊടുത്തു: “എന്റെ സഹോദരനായ ഏശാവ് നിന്നെ കാണുകയും നിന്നോട്: ‘നീ ആരുടെ ദാസൻ? നീ എവിടേക്കു പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഈ മൃഗങ്ങൾ ആരുടെ വക?’ എന്നു ചോദിക്കുകയും ചെയ്യുമ്പോൾ, 18‘ഇവയെല്ലാം അങ്ങയുടെ ദാസനായ യാക്കോബിന്റെ വകയാണ്. ഇവ യജമാനനായ ഏശാവിനുവേണ്ടി അയച്ചിരിക്കുന്ന സമ്മാനം: അതാ, അദ്ദേഹം ഞങ്ങളുടെ പിന്നാലെ വരുന്നു’ എന്നു നീ പറയണം.”
19രണ്ടാമനും മൂന്നാമനും കന്നുകാലിക്കൂട്ടങ്ങളെ പിൻതുടർന്നിരുന്ന മറ്റെല്ലാവർക്കും അദ്ദേഹം നിർദേശം കൊടുത്തു: “ഏശാവിനെ കാണുമ്പോൾ നിങ്ങൾ എല്ലാവരും ഇതുതന്നെ പറയണം. 20‘അങ്ങയുടെ ദാസനായ യാക്കോബ് ഞങ്ങളുടെ പിന്നാലെ വരുന്നുണ്ട്’ എന്നു നിങ്ങൾ നിശ്ചയമായും പറയണം. ‘ഞാൻ മുമ്പേ അയയ്ക്കുന്ന ഈ സമ്മാനങ്ങൾകൊണ്ട് അദ്ദേഹത്തെ സാമാധാനപ്പെടുത്തും; പിന്നീട്, എന്നെ കാണുമ്പോൾ ഒരുപക്ഷേ അദ്ദേഹം സ്വീകരിക്കും’ ” എന്ന് യാക്കോബ് ചിന്തിച്ചു. 21അങ്ങനെ യാക്കോബിന്റെ സമ്മാനങ്ങൾ അദ്ദേഹത്തിനു മുമ്പായി നീങ്ങി. എന്നാൽ യാക്കോബ് പാളയത്തിൽത്തന്നെ രാത്രി ചെലവഴിച്ചു.
യാക്കോബ് ദൈവത്തോടു മല്ലയുദ്ധം നടത്തുന്നു
22ആ രാത്രിയിൽ യാക്കോബ് എഴുന്നേറ്റ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടിക്കൊണ്ട് യാബ്ബോക്കുകടവു കടന്നു. 23അവരെ നദിക്കക്കരെ എത്തിച്ചതിനുശേഷം തനിക്കുള്ള സകലതും അക്കരെയെത്തിച്ചു. 24പിന്നീട് യാക്കോബ് തനിയേ ശേഷിച്ചു. ഒരു പുരുഷൻ പുലർച്ചയാകുന്നതുവരെ അദ്ദേഹത്തോടു മൽപ്പിടിത്തം നടത്തി. 25യാക്കോബിനെ തോൽപ്പിക്കാൻ തനിക്കു സാധിക്കുന്നില്ല എന്നു കണ്ടിട്ട് ആ പുരുഷൻ അദ്ദേഹത്തിന്റെ അരക്കെട്ടിന്റെ തട്ടം തൊട്ടു. അങ്ങനെ മൽപ്പിടിത്തത്തിനിടയിൽ യാക്കോബിന്റെ അരക്കെട്ടിന്റെ തട്ടം ഉളുക്കിപ്പോയി. 26അപ്പോൾ ആ പുരുഷൻ, “എന്നെ പോകാൻ അനുവദിക്കൂ, നേരം പുലരുന്നു” എന്നു പറഞ്ഞു.
അതിന് യാക്കോബ്, “അങ്ങ് എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ അങ്ങയെ വിടുകയില്ല” എന്നു പറഞ്ഞു.
27ആ പുരുഷൻ അദ്ദേഹത്തോട്, “നിന്റെ പേര് എന്ത്?” എന്നു ചോദിച്ചു.
“യാക്കോബ്” അദ്ദേഹം ഉത്തരം പറഞ്ഞു.
28അപ്പോൾ ആ പുരുഷൻ, “ഇന്നുമുതൽ നിന്റെ പേര് യാക്കോബ് എന്നല്ല, ഇസ്രായേൽ#32:28 ദൈവത്തോടു പൊരുതുന്നവൻ എന്നർഥം. എന്നായിരിക്കും; എന്തുകൊണ്ടെന്നാൽ നീ ദൈവത്തോടും മനുഷ്യരോടും പൊരുതി ജയിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
29“ദയവുചെയ്ത് അങ്ങയുടെ പേര് എന്നോടു പറഞ്ഞാലും” യാക്കോബ് അപേക്ഷിച്ചു.
“നീ എന്തിനാണ് എന്റെ പേരു ചോദിക്കുന്നത്?” അദ്ദേഹം ചോദിച്ചു. പിന്നെ ആ പുരുഷൻ അവിടെവെച്ച് യാക്കോബിനെ അനുഗ്രഹിച്ചു.
30“ഞാൻ ദൈവത്തെ അഭിമുഖമായി കണ്ടു; എന്നിട്ടും എന്റെ ജീവൻ നഷ്ടപ്പെടാതിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനു പെനീയേൽ#32:30 ദൈവത്തിന്റെ മുഖം എന്നർഥം. എന്നു പേരിട്ടു.
31യാക്കോബ് പെനീയേൽ#32:31 മൂ.ഭാ. പെനുവേൽ, പെനീയേൽ എന്നതിന്റെ മറ്റൊരുരൂപം. കടന്നപ്പോൾ സൂര്യൻ ഉദിച്ചുകഴിഞ്ഞിരുന്നു; ഇടുപ്പിന്റെ ഉളുക്കു നിമിത്തം അദ്ദേഹം മുടന്തിയാണു നടന്നത്. 32യാക്കോബിന്റെ ഇടുപ്പിലെ തട്ടം അദ്ദേഹം സ്പർശിച്ചതുകൊണ്ട് ഇസ്രായേല്യർ ഇന്നുവരെയും ഇടുപ്പിനോടു ചേർന്നുള്ള സ്നായു ഭക്ഷിക്കാറില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഉൽപ്പത്തി 32: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.