യെശയ്യാവ് 48
48
കഠിനഹൃദയരായ ഇസ്രായേൽ
1“യാക്കോബിന്റെ പിൻഗാമികളേ,
ഇസ്രായേൽ എന്നു നാമധേയമുള്ളവരേ,
യെഹൂദാവംശജരേ,
യഹോവയുടെ നാമത്തിൽ ശപഥംചെയ്യുന്നവരേ,
സത്യമോ നീതിയോ ഇല്ലാതെയാണെങ്കിലും
ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ ശപഥംചെയ്യുന്നവരേ,
2നിങ്ങൾ വിശുദ്ധനഗരത്തിലെ പൗരരെന്ന് അഭിമാനിക്കുന്നവരേ,
ഇസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുന്നു എന്ന് അവകാശപ്പെടുന്നവരേ, ഇതു ശ്രദ്ധിക്കുക.
സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
3പൂർവകാര്യങ്ങൾ ഞാൻ പണ്ടുതന്നെ പ്രസ്താവിച്ചു,
അവ എന്റെ വായിൽനിന്ന് പുറപ്പെട്ടു. ഞാൻ അവ അറിയിക്കുകയും ചെയ്തു;
പെട്ടെന്നുതന്നെ ഞാൻ പ്രവർത്തിക്കുകയും അവ സംഭവിക്കുകയും ചെയ്തു.
4കാരണം നിങ്ങൾ എത്ര കഠിനഹൃദയരെന്ന് എനിക്കറിയാം;
നിങ്ങളുടെ കഴുത്തിലെ പേശികൾ ഇരുമ്പായിരുന്നു,
നിങ്ങളുടെ നെറ്റി വെങ്കലനിർമിതവും ആയിരുന്നു.
5അതുകൊണ്ട് ഇക്കാര്യങ്ങൾ പണ്ടുതന്നെ ഞാൻ നിന്നെ അറിയിച്ചു;
അതു സംഭവിക്കുംമുമ്പേ ഞാൻ നിന്നോടു പ്രഖ്യാപിച്ചു.
‘എന്റെ പ്രതിമകൾ അവ സാധ്യമാക്കിയെന്നും
തടികൊണ്ടുള്ള വിഗ്രഹവും സ്വർണബിംബവും അവയ്ക്കുത്തരവിട്ടെന്നും,’
നീ പറയാതിരിക്കേണ്ടതിനുതന്നെ.
6നീ കേട്ടിട്ടുണ്ട്; ഇപ്പോൾ ഇവയെല്ലാം നോക്കിക്കൊൾക.
നീ തന്നെ അതു സമ്മതിക്കുകയില്ലേ?
“ഇപ്പോൾമുതൽ ഞാൻ പുതിയ കാര്യങ്ങളും
നീ അറിഞ്ഞിട്ടില്ലാത്ത നിഗൂഢതകളും നിന്നെ അറിയിക്കുന്നു.
7‘അതേ, ഞാൻ അതറിഞ്ഞിട്ടുണ്ട്,’
എന്നു നീ പറയാതിരിക്കേണ്ടതിന്,
അവ പൂർവകാലത്തല്ല, ഇപ്പോൾത്തന്നെ സൃഷ്ടിക്കപ്പെട്ടവയാണ്;
ഇന്നേദിവസത്തിനുമുമ്പ് നീ അതിനെപ്പറ്റി കേട്ടിട്ടേയില്ല.
8നീ അതു കേട്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല,
പണ്ടുമുതലേ നിന്റെ ചെവി തുറന്നിട്ടുമില്ല.
നീ വഞ്ചനയോടെ പെരുമാറുന്നു എന്നും
ജനനംമുതൽതന്നെ നീ മത്സരിയെന്നു വിളിക്കപ്പെട്ടിരുന്നെന്നും ഞാൻ അറിയുന്നു.
9എന്റെ നാമംനിമിത്തം ഞാൻ എന്റെ ക്രോധം താമസിപ്പിക്കുന്നു;
നീ പരിപൂർണമായും നശിപ്പിക്കപ്പെടാതിരിക്കേണ്ടതിന്
എന്റെ സ്തുതിനിമിത്തം ഞാൻ അത് അടക്കിവെക്കും.
10ഇതാ, ഞാൻ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും;
കഷ്ടതയുടെ തീച്ചൂളയിൽ ഞാൻ നിന്റെ മാറ്റ് ഉരച്ചിരിക്കുന്നു.
11എനിക്കുവേണ്ടി, എനിക്കുവേണ്ടിത്തന്നെ, ഞാൻ അതു ചെയ്യും.
എന്നെ അശുദ്ധമാക്കാൻ ഞാൻ അനുവദിക്കുന്നതെങ്ങനെ?
എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കുകയില്ല.
ഇസ്രായേലിന്റെ വിമോചനം
12“യാക്കോബേ, എന്റെ വാക്കു കേൾക്കുക,
ഞാൻ വിളിച്ചിട്ടുള്ള ഇസ്രായേലേ:
അത് ഞാൻ ആകുന്നു;
ഞാൻ ആകുന്നു ആദ്യനും ഞാൻ ആകുന്നു അന്ത്യനും.
13എന്റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു,
എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു;
ഞാൻ അവയെ വിളിക്കുമ്പോൾ,
അവയെല്ലാം ഒന്നുചേർന്ന് നിവർന്നുനിൽക്കുന്നു.
14“നിങ്ങളെല്ലാവരും ഒരുമിച്ചുകൂടി കേൾക്കുക:
ഏതു വിഗ്രഹമാണ് ഇക്കാര്യങ്ങൾ മുൻകൂട്ടി പ്രസ്താവിച്ചിരുന്നത്?
യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട സഖ്യകക്ഷി
ബാബേലിനെതിരായി തന്റെ ഹിതം നിറവേറ്റും;
അദ്ദേഹത്തിന്റെ ഭുജം ബാബേല്യർക്ക്#48:14 അഥവാ, കൽദയർക്ക് എതിരായിരിക്കും.
15ഞാൻ, ഞാൻതന്നെ സംസാരിച്ചിരിക്കുന്നു;
അതേ, ഞാൻ അവനെ വിളിച്ചു.
ഞാൻ അവനെ കൊണ്ടുവരും,
അവൻ തന്റെ വഴിയിൽ മുന്നേറും.
16“എന്റെ അടുത്തുവന്ന് ഇതു കേൾക്കുക:
“ആദ്യത്തെ അറിയിപ്പുമുതൽ ഞാൻ സംസാരിച്ചതൊന്നും രഹസ്യത്തിലല്ല;
എന്തും സംഭവിക്കുന്നതിനുമുമ്പേതന്നെ ഞാൻ അവിടെ സന്നിഹിതനാണ്.”#48:16 മൂ.ഭാ. ഈ വാക്യഭാഗത്തിന്റെ അർഥം വ്യക്തമല്ല.
ഇപ്പോൾ യഹോവയായ കർത്താവ് എന്നെയും
അവിടത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.
17നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ,
ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിനക്കു നന്മയായുള്ളത് നിന്നെ പഠിപ്പിക്കുകയും
നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നയിക്കുകയും ചെയ്യുന്ന
നിന്റെ ദൈവമായ യഹോവ ആകുന്നു ഞാൻ.
18അയ്യോ! നീ എന്റെ കൽപ്പനകൾ കേട്ട് അനുസരിച്ചിരുന്നെങ്കിൽ,
നിന്റെ സമാധാനം ഒരു നദിപോലെയും
നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും ആകുമായിരുന്നു!
19നിന്റെ പിൻഗാമികൾ മണൽപോലെയും
നിന്റെ മക്കൾ എണ്ണമറ്റ ധാന്യമണികൾപോലെയും ആകുമായിരുന്നു;
അവരുടെ നാമം എന്റെ മുമ്പിൽനിന്ന് ഒരിക്കലും മായിക്കപ്പെടുകയോ
നശിച്ചുപോകുകയോ ചെയ്യുമായിരുന്നില്ല.”
20ബാബേലിനെ ഉപേക്ഷിക്കുക,
ബാബേല്യരിൽനിന്ന് ഓടിപ്പോകുക!
ഉല്ലാസഘോഷത്തോടെ ഇതു പ്രസ്താവിക്കുകയും
പ്രഖ്യാപിക്കുകയും ചെയ്യുക.
ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുക,
“യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു” എന്നു പറയുക.
21അവിടന്ന് അവരെ മരുഭൂമിയിൽക്കൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല;
അവിടന്ന് അവർക്കുവേണ്ടി പാറയിൽനിന്ന് ജലം ഒഴുക്കി;
അവിടന്നു പാറയെ പിളർന്നു
അങ്ങനെ വെള്ളം പൊട്ടിപ്പുറപ്പെട്ടു.
22“എന്നാൽ ദുഷ്ടർക്കു സമാധാനമില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശയ്യാവ് 48: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.