ന്യായാധിപന്മാർ 3

3
1കനാനിലെ യുദ്ധങ്ങളെക്കുറിച്ച് അനുഭവമില്ലാത്ത ഇസ്രായേലിനെ ഒക്കെയും പരീക്ഷിക്കേണ്ടതിന് യഹോവ ശേഷിപ്പിച്ചിരുന്ന ജനതകൾ ഇവരായിരുന്നു. 2യുദ്ധം അറിഞ്ഞിട്ടില്ലാത്ത ഇസ്രായേൽമക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിന് യഹോവ ഇപ്രകാരം ചെയ്തു. 3-4മോശമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാർക്കു നൽകിയിരുന്ന കൽപ്പനകൾ ഇസ്രായേൽ അനുസരിക്കുമോ എന്നു പരീക്ഷിക്കേണ്ടതിന്, ഫെലിസ്ത്യരുടെ അഞ്ചുഭരണാധിപന്മാരെയും കനാന്യർ എല്ലാവരെയും സീദോന്യരെയും ലെബാനോൻ പർവതത്തിൽ ബാൽ-ഹെർമോൻമുതൽ ലെബോ-ഹമാത്തിലേക്കുള്ള പ്രവേശനംവരെ പാർത്തിരുന്ന ഹിവ്യരെയും യഹോവ അവശേഷിപ്പിച്ചു.
5കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ ഇസ്രായേൽജനം വസിച്ചു. 6അവരുടെ പുത്രിമാരെ തങ്ങൾക്കു ഭാര്യമാരായി എടുക്കുകയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കുകയും അവരുടെ ദേവന്മാരെ സേവിക്കുകയും ചെയ്തു.
ഒത്നിയേൽ
7ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു. 8യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു; അവിടന്ന് അവരെ അരാം-നെഹറയിമിലെ#3:8 അതായത്, മെസൊപ്പൊത്താമിയയുടെ വടക്കുപടിഞ്ഞാറുഭാഗം; രണ്ടു നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന അരാമിന്റെ ഒരുഭാഗം. രാജാവായ കൂശൻ-രിശാഥയീമിനെ ഏൽപ്പിച്ചു; ഇസ്രായേൽജനം കൂശൻ-രിശാഥയീമിന് എട്ട് വർഷം അടിമകളായിരുന്നു. 9എന്നാൽ ഇസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. അപ്പോൾ യഹോവ, കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ അവരുടെ രക്ഷകനായി എഴുന്നേൽപ്പിച്ചു; അദ്ദേഹം അവരെ രക്ഷിച്ചു. 10യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ വന്നു; അദ്ദേഹം ഇസ്രായേലിലെ ന്യായാധിപനായി, യുദ്ധത്തിനു പുറപ്പെട്ടു. യഹോവ അരാമിയയിലെ രാജാവായ കൂശൻ-രിശാഥയീമിനെ ഒത്നിയേലിന്റെ കൈയിൽ ഏൽപ്പിച്ചു; അദ്ദേഹം കൂശൻ-രിശാഥയീമിനെ ജയിച്ചു. 11കെനസിന്റെ മകനായ ഒത്നിയേലിന്റെ മരണംവരെ ദേശത്തിന് നാൽപ്പതുവർഷം സ്വസ്ഥതയുണ്ടായി.
ഏഹൂദ്
12ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു; അവർ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്യുകയാൽ യഹോവ മോവാബ് രാജാവായ എഗ്ലോനെ ഇസ്രായേലിനു വിരോധമായി ബലപ്പെടുത്തി. 13അദ്ദേഹം അമ്മോന്യരെയും അമാലേക്യരെയും ഒരുമിച്ചുകൂട്ടി ഇസ്രായേലിനെ തോൽപ്പിച്ചു, അവർ ഈന്തപ്പനപ്പട്ടണം#3:13 അതായത്, യെരീഹോനഗരം കൈവശമാക്കി. 14അങ്ങനെ ഇസ്രായേൽജനം മോവാബ് രാജാവായ എഗ്ലോനെ പതിനെട്ടുവർഷം സേവിച്ചു.
15ഇസ്രായേൽജനം യഹോവയോടു നിലവിളിച്ചു. യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കൈയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേൽപ്പിച്ചു. ഇസ്രായേൽജനം അദ്ദേഹത്തിന്റെ പക്കൽ മോവാബ് രാജാവായ എഗ്ലോന് കപ്പംകൊടുത്തയച്ചു.#3:15 ചക്രവർത്തിയുടെ ഭരണത്തിൻകീഴേയുള്ള രാജ്യങ്ങളിലെ രാജാക്കന്മാർ വർഷംതോറും ചക്രവർത്തിക്ക് കൊടുത്തുവന്നിരുന്ന നികുതി. 16എന്നാൽ ഏഹൂദ് ഇരുവായ്ത്തലയും ഒരുമുഴം#3:16 ഏക. 45 സെ.മീ. നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അത് വസ്ത്രത്തിന്റെ ഉള്ളിൽ വലതുതുടയിൽ കെട്ടി. 17അദ്ദേഹം മോവാബ് രാജാവായ എഗ്ലോന്റെ അടുക്കൽ കപ്പംകൊണ്ടുചെന്നു; എഗ്ലോൻ വളരെയധികം തടിച്ചുകൊഴുത്ത ശരീരമുള്ളവനായിരുന്നു. 18ഏഹൂദ് കപ്പം രാജസന്നിധിയിൽ സമർപ്പിച്ചുകഴിഞ്ഞശേഷം കപ്പം ചുമന്നുകൊണ്ടുവന്നവരെ മടക്കി അയച്ചു. 19എന്നാൽ ഏഹൂദ് ഗിൽഗാലിനരികെയുള്ള ശിലാവിഗ്രഹങ്ങളുടെ അടുക്കൽ മടങ്ങിച്ചെന്നപ്പോൾ, താൻതന്നെ മടങ്ങിവന്ന്, “രാജാവേ, എനിക്കൊരു രഹസ്യസന്ദേശമുണ്ട്” എന്നു പറഞ്ഞു.
അപ്പോൾ രാജാവ് അംഗരക്ഷകരോട്, “പുറത്തേക്കു പോകുക!” എന്നു കൽപ്പിച്ചു; ഉടനെ അടുക്കൽ നിന്നിരുന്ന എല്ലാവരും വെളിയിൽപോയി.
20ഏഹൂദ് അടുത്തുചെന്നു. എന്നാൽ എഗ്ലോൻ തന്റെ കൊട്ടാരത്തിൽ#3:20 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. മുകളിലത്തെ നിലയിൽ തനിയേ ഇരിക്കുകയായിരുന്നു. “എനിക്കു ദൈവത്തിന്റെ അരുളപ്പാട് അറിയിക്കാനുണ്ട്,” എന്ന് ഏഹൂദ് പറഞ്ഞു. ഉടനെ അദ്ദേഹം ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു. 21ഏഹൂദ് ഇടങ്കൈകൊണ്ട് വലതുതുടയിൽനിന്നു ചുരിക ഊരി രാജാവിന്റെ വയറ്റിൽ കുത്തിക്കടത്തി. 22ചുരികയോടുകൂടെ പിടിയും അകത്തുചെന്നു; അദ്ദേഹത്തിന്റെ വയറ്റിൽനിന്നും ചുരിക അവൻ വലിച്ചെടുക്കായ്കയാൽ കൊഴുപ്പ് അതിനെ മൂടി. 23ഏഹൂദ് പുറത്തിറങ്ങി അദ്ദേഹത്തെ അകത്തിട്ട് കൊട്ടാരത്തിന്റെ മുകളിലത്തെ നിലയുടെ വാതിൽ അടച്ചുപൂട്ടി.
24ഏഹൂദ് പുറത്തിറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു; മുകളിലത്തെ നിലയുടെ വാതിൽ പൂട്ടിയിരിക്കുന്നതുകണ്ടു. “അദ്ദേഹം ഉൾമുറിയിൽ വിസർജനത്തിന് ഇരിക്കുകയായിരിക്കും,” എന്ന് അവർ പറഞ്ഞു. 25അവർ കാത്തിരുന്നു വിഷമിച്ചു; അദ്ദേഹം മുറിയുടെ വാതിൽ തുറക്കാതിരുന്നതിനാൽ അവർ താക്കോൽകൊണ്ടു തുറന്നു; തങ്ങളുടെ പ്രഭു നിലത്തു മരിച്ചുകിടക്കുന്നത് അവർ കണ്ടു.
26എന്നാൽ അവർ കാത്തിരിക്കുന്നതിനിടയിൽ ഏഹൂദ് ഓടിപ്പോയി വിഗ്രഹങ്ങളെക്കടന്ന് സെയീരായിൽ എത്തിച്ചേർന്നു. 27അവിടെ എത്തിയശേഷം അദ്ദേഹം എഫ്രയീംപർവതത്തിൽ കാഹളം ഊതി. അങ്ങനെ ഇസ്രായേൽജനം അദ്ദേഹത്തോടുകൂടെ പർവതത്തിൽനിന്നിറങ്ങി; അദ്ദേഹം അവർക്കു നായകനായി.
28“എന്റെ പിന്നാലെ വരിക; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്ന് ഏഹൂദ് ഇസ്രായേൽജനത്തോടു പറഞ്ഞു; അവർ അദ്ദേഹത്തിന്റെ പിന്നാലെചെന്ന് മോവാബിലേക്കുള്ള യോർദാന്റെ കടവുകൾ കൈവശമാക്കി. അതിലൂടെ കടന്നുപോകാൻ ആരെയും അനുവദിച്ചതുമില്ല. 29അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരംപേരെ വെട്ടിക്കളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു; ആരും രക്ഷപ്പെട്ടില്ല. 30അങ്ങനെ അന്ന് മോവാബ് ഇസ്രായേലിന് കീഴടങ്ങി; ദേശത്തിന് എൺപതുവർഷം സ്വസ്ഥതയുണ്ടായി.
ശംഗർ
31ഏഹൂദിനുശേഷം അനാത്തിന്റെ മകനായ ശംഗർ എഴുന്നേറ്റു. അദ്ദേഹം ഒരു കലപ്പകൊണ്ട് ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അദ്ദേഹവും ഇസ്രായേലിനെ രക്ഷിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ന്യായാധിപന്മാർ 3: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക