യിരെമ്യാവ് 1
1
1ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഒരുവനായ ഹിൽക്കിയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ. 2യെഹൂദാരാജാവായ ആമോന്റെ മകനായ യോശിയാവിന്റെ ഭരണത്തിന്റെ പതിമ്മൂന്നാംവർഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. 3യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ ഭരണകാലത്തും യെഹൂദാരാജാവായ യോശിയാവിന്റെതന്നെ മറ്റൊരു മകനായ സിദെക്കീയാവിന്റെ വാഴ്ചയുടെ പതിനൊന്നാം വർഷത്തിന്റെ അഞ്ചാംമാസത്തിൽ ജെറുശലേമ്യർ പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെടുന്നതുവരെയും അദ്ദേഹത്തിന് യഹോവയുടെ അരുളപ്പാട് ലഭിച്ചുകൊണ്ടിരുന്നു.
യിരെമ്യാവിന്റെ വിളി
4യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി, അത് ഇപ്രകാരമാണ്:
5“നിന്നെ ഗർഭപാത്രത്തിൽ രൂപപ്പെടുത്തുന്നതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു,#1:5 അഥവാ, തെരഞ്ഞെടുത്തു
നീ ജനിക്കുന്നതിനുമുമ്പേ ഞാൻ നിന്നെ വേർതിരിച്ചു;
രാഷ്ട്രങ്ങൾക്ക് ഒരു പ്രവാചകനായി ഞാൻ നിന്നെ നിയമിച്ചു.”
6അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, എനിക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിഞ്ഞുകൂടാ; ഞാൻ ഒരു ബാലനാണല്ലോ.”
7എന്നാൽ യഹോവ എന്നോട് കൽപ്പിച്ചു: “ ‘ഞാൻ ഒരു ബാലനാണ്,’ എന്നു നീ പറയരുത്. ഞാൻ നിന്നെ അയയ്ക്കുന്ന എല്ലാവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോടു കൽപ്പിക്കുന്നതൊക്കെയും നീ സംസാരിക്കുകയും വേണം. 8നീ അവരെ ഭയപ്പെടരുത്, കാരണം ഞാൻ നിന്നോടുകൂടെയുണ്ട്; ഞാൻ നിന്നെ വിടുവിക്കുകയും ചെയ്യും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
9അതിനുശേഷം യഹോവ അവിടത്തെ കൈനീട്ടി എന്റെ അധരം സ്പർശിച്ചശേഷം എന്നോടു കൽപ്പിച്ചത്: “ഞാൻ എന്റെ വചനങ്ങൾ നിന്റെ വായിൽ തന്നിരിക്കുന്നു. 10ഉന്മൂലനംചെയ്യുന്നതിനും തകർത്തുകളയുന്നതിനും നശിപ്പിക്കുന്നതിനും അട്ടിമറിക്കുന്നതിനും പണിയുന്നതിനും നടുന്നതിനുമായി, ഇതാ, ഇന്നു ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കും രാജ്യങ്ങൾക്കും മീതേ നിയമിച്ചിരിക്കുന്നു.”
11പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി, “യിരെമ്യാവേ, നീ എന്തു കാണുന്നു?”
“ബദാംവൃക്ഷത്തിന്റെ ഒരു കൊമ്പു ഞാൻ കാണുന്നു,” എന്നു ഞാൻ പറഞ്ഞു.
12അപ്പോൾ യഹോവ: “നീ കണ്ടതു ശരിതന്നെ. എന്റെ വചനം നിറവേറ്റപ്പെടുന്നത് ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു”#1:12 നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു, ബദാംവൃക്ഷം എന്നിവയ്ക്കുള്ള എബ്രായവാക്കുകളുടെ ഉച്ചാരണങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ട്. എന്ന് അരുളിച്ചെയ്തു.
13യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി, “യിരെമ്യാവേ, നീ എന്തു കാണുന്നു?”
“ഞാൻ തിളയ്ക്കുന്ന ഒരു കലം കാണുന്നു, അത് ഉത്തരദിക്കിൽനിന്നു നമ്മുടെ വശത്തേക്കു ചരിഞ്ഞിരിക്കുന്നതായി കാണപ്പെടുന്നു,” എന്നു പറഞ്ഞു.
14അപ്പോൾ യഹോവ എന്നോട്, “ഉത്തരദിക്കിൽനിന്നു ദേശത്തിലെ എല്ലാ നിവാസികളുടെയുംമേൽ അനർഥം വരും. 15എന്തെന്നാൽ വടക്കുള്ള രാജ്യങ്ങളിലെ എല്ലാ ജനതകളെയും ഞാൻ വിളിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
“ജെറുശലേമിന്റെ കവാടങ്ങളുടെ പ്രവേശനത്തിൽ
അവരുടെ രാജാക്കന്മാർ വന്ന് തങ്ങളുടെ സിംഹാസനം സ്ഥാപിക്കും;
അവളുടെ ചുറ്റുമുള്ള എല്ലാ മതിലുകൾക്കെതിരേയും
യെഹൂദ്യയിലെ എല്ലാ പട്ടണങ്ങൾക്കെതിരേയും അവർ വരും.
16അവർ തങ്ങളുടെ ദുഷ്ടതനിമിത്തം എന്നെ ഉപേക്ഷിച്ച്,
അന്യദേവതകൾക്കു ധൂപംകാട്ടുകയും
അവരുടെ കൈകളുടെ നിർമിതിയെ ആരാധിക്കുകയും ചെയ്തതുമൂലം
ഞാൻ എന്റെ ജനത്തിന്മേൽ ന്യായവിധി കൽപ്പിക്കും.
17“ഇപ്പോൾ നീ അര കെട്ടി എഴുന്നേൽക്കുക! ഞാൻ നിന്നോടു കൽപ്പിച്ചതെല്ലാം അവരോടു സംസാരിക്കുക. ഞാൻ നിന്നെ അവരുടെമുമ്പിൽ പരിഭ്രാന്തനാക്കാതെയിരിക്കേണ്ടതിന്, നീ അവരെക്കണ്ട് ഭയപ്പെടരുത്. 18ഇതാ, ഞാൻ സകലദേശത്തിനും—യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും അവരുടെ പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിനും മുമ്പിൽ നിന്നെ ഇന്ന് ഉറപ്പുള്ളൊരു പട്ടണവും ഇരുമ്പുതൂണും വെങ്കലമതിലും ആക്കിയിരിക്കുന്നു. 19അവൻ നിന്നോടു യുദ്ധംചെയ്യും, എങ്കിലും നിന്നെ ജയിക്കുകയില്ല. നിന്നെ മോചിപ്പിക്കുന്നതിന് ഞാൻ നിന്നോടുകൂടെയുണ്ട്,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യിരെമ്യാവ് 1: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.