യിരെമ്യാവ് 11
11
തകർന്ന ഉടമ്പടി
1യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്: 2“നീ ഈ ഉടമ്പടിയുടെ നിബന്ധനകൾ കേട്ട് യെഹൂദാജനങ്ങളോടും ജെറുശലേംനിവാസികളോടും അത് അറിയിക്കുക. 3അവരോട് ഇപ്രകാരം പറയുക, ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ ഉടമ്പടിയുടെ നിബന്ധനകൾ അനുസരിക്കാത്ത മനുഷ്യൻ ശപിക്കപ്പെട്ടവൻ. 4ഇരുമ്പുചൂളയായ ഈജിപ്റ്റുദേശത്തുനിന്ന് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കൊണ്ടുവന്ന നാളിൽ ഇവയെ ഞാൻ അവരോടറിയിച്ചു. ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന പ്രകാരത്തിലെല്ലാം നിങ്ങൾ എന്റെ വചനം കേട്ട് അനുസരിക്കുക; എന്നാൽ നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങൾക്ക് ദൈവവുമായിരിക്കും,’ എന്ന് അരുളിച്ചെയ്തു. 5‘ഇന്നു നിങ്ങൾ അവകാശമാക്കിയിരിക്കുന്നതുപോലെ പാലും തേനും ഒഴുകുന്നതായ ദേശം അവർക്കു നൽകുമെന്നു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ ചെയ്തിട്ടുള്ള ശപഥം നിറവേറ്റുന്നതിനുതന്നെ.’ ”
അപ്പോൾ ഞാൻ “ആമേൻ, യഹോവേ,” എന്ന് ഉത്തരം പറഞ്ഞു.
6അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “നീ ഈ വചനങ്ങളെല്ലാം യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ വീഥികളിലും വിളിച്ചുപറയുക, ‘ഈ ഉടമ്പടിയുടെ നിബന്ധനകൾ നിങ്ങൾ കേട്ട് അനുസരിക്കുക. 7നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും “എന്റെ വചനം അനുസരിക്കുക,” എന്ന് അവർക്ക് വീണ്ടും വീണ്ടും മുന്നറിയിപ്പു നൽകിയിരിക്കുന്നു. 8എന്നിട്ടും അവർ എന്നെ അനുസരിക്കുകയും എനിക്കു ചെവിതരികയും ചെയ്യാതെ ഓരോരുത്തനും തങ്ങളുടെ ദുഷ്ടഹൃദയത്തിലെ ആഗ്രഹമനുസരിച്ചു നടന്നിരിക്കുന്നു. അതിനാൽ ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ള ഉടമ്പടിയുടെ നിബന്ധനകൾപോലെ ഞാൻ അവരോടു ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അവയെ പ്രമാണിച്ചില്ല.’ ”
9യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത്: “യെഹൂദാജനങ്ങളുടെ ഇടയിലും ജെറുശലേംനിവാസികളുടെ മധ്യത്തിലും ഒരു ഗൂഢാലോചന ഉണ്ടായിരിക്കുന്നു. 10എന്റെ വാക്കുകൾ നിരസിച്ചുകളഞ്ഞ തങ്ങളുടെ പൂർവികരുടെ പാപങ്ങളിലേക്ക് അവർ വീണ്ടും കടന്നിരിക്കുന്നു. അന്യദേവതകളെ സേവിക്കേണ്ടതിന് അവരുടെ അടുക്കലേക്ക് അവർ തിരിഞ്ഞിരിക്കുന്നു. യെഹൂദാഗൃഹവും ഇസ്രായേൽഗൃഹവും അവരുടെ പിതാക്കന്മാരോടു ഞാൻ ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചിരിക്കുന്നു. 11അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ അവർക്കു രക്ഷപ്പെടാൻ കഴിയാത്ത ഒരു അനർഥം ഞാൻ അവർക്കു വരുത്തും; അവർ എന്നെ നോക്കി നിലവിളിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല. 12അപ്പോൾ യെഹൂദാനഗരങ്ങളും ജെറുശലേംനിവാസികളും അവർ ധൂപം കാട്ടുന്ന ദേവതകളുടെ അടുക്കൽപോയി അവരോടു നിലവിളിക്കും; എങ്കിലും അവരുടെ കഷ്ടതയിൽ ദേവതകൾ അവരെ രക്ഷിക്കുകയില്ല. 13അല്ലയോ, യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളംതന്നെ നിനക്കു ദേവതകളുണ്ട്. ജെറുശലേമിലെ വീഥികളുടെ എണ്ണത്തോളം ബാൽ എന്ന മ്ലേച്ഛദേവനു ധൂപം കാട്ടാൻ ബലിപീഠങ്ങൾ നിങ്ങൾ നിർമിച്ചിരിക്കുന്നു.’
14“അതിനാൽ നീ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്; അവർക്കുവേണ്ടി പ്രാർഥനയുടെ ഒരു നിലവിളി ഉയർത്തരുത്. തങ്ങളുടെ അനർഥം നിമിത്തം അവർ എന്നോടു നിലവിളിക്കുമ്പോൾ അവരുടെ നിലവിളി ഞാൻ കേൾക്കുകയില്ല.
15“പലരോടുംചേർന്ന് നിരവധി ദുഷ്കർമങ്ങൾ ചെയ്യുന്നവളായ
എന്റെ കാന്തയ്ക്ക് എന്റെ ആലയത്തിൽ എന്തുകാര്യമാണുള്ളത്?
വിശുദ്ധമാംസത്തിനു#11:15 അഥവാ, അർപ്പിച്ച യാഗങ്ങൾക്കു നിന്റെ ശിക്ഷ ഒഴിവാക്കാൻ കഴിയുമോ?
ദുഷ്ടതയിൽ വ്യാപൃതയാകുമ്പോൾ
നീ സന്തോഷിക്കുന്നു.#11:15 അഥവാ, കഴിയുമോ? എന്നാൽ നീ സന്തോഷിക്കുമായിരുന്നു.”
16ആകർഷകമായ ഫലങ്ങൾനിറഞ്ഞ സൗന്ദര്യത്തോടെ തഴച്ചുവളരുന്ന ഒലിവുവൃക്ഷം
എന്ന് യഹോവ നിനക്കു പേരു വിളിച്ചിരുന്നു.
എന്നാൽ കൊടുംകാറ്റിന്റെ ഗർജനത്തോടെ
അവിടന്ന് അതിനു തീവെക്കും
അതിന്റെ ശാഖകൾ ഒടിഞ്ഞുപോകും.
17ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും ബാലിനു ധൂപംകാട്ടി ദുഷ്കർമം ചെയ്തുകൊണ്ട് എന്നിലെ ക്രോധമുണർത്തിയതിനാൽ നിന്നെ നട്ടവനായ സൈന്യങ്ങളുടെ യഹോവയായ ഞാൻ നിനക്ക് അനർഥം വിധിച്ചിരിക്കുന്നു.
യിരെമ്യാവിനെതിരേ ഗൂഢാലോചന
18യഹോവ അവരുടെ ഗൂഢാലോചനയെക്കുറിച്ച് എനിക്ക് അറിവു തന്നു, അങ്ങനെ ഞാൻ അത് അറിഞ്ഞു. അപ്പോൾ അവരുടെ പ്രവൃത്തികൾ അങ്ങ് എനിക്കു കാണിച്ചുതന്നു. 19എന്നാൽ ഞാൻ കൊലയ്ക്കായി കൊണ്ടുവരപ്പെട്ട സൗമ്യതയുള്ള ഒരു കുഞ്ഞാടുപോലെ ആയിരുന്നു,
“നമുക്കു വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചുകളയാം;
അവന്റെ പേര് ഇനി ആരും ഓർക്കരുത്,
ജീവനുള്ളവരുടെ ദേശത്തുനിന്ന് നമുക്കവനെ ഛേദിച്ചുകളയാം,”
എന്നു പറഞ്ഞുകൊണ്ട് അവർ എനിക്കെതിരേ ഗൂഢാലോചന നടത്തിയത് ഞാൻ അറിഞ്ഞതുമില്ല.
20എന്നാൽ, നീതിയോടെ വിധിക്കുകയും
ഹൃദയവിചാരങ്ങളെ അറിയുകയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ,
അങ്ങ് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണട്ടെ,
ഞാൻ എന്റെ വ്യവഹാരം അങ്ങയോടല്ലോ ബോധിപ്പിച്ചത്.
21അതിനാൽ “ഞങ്ങളുടെ കൈകളാൽ നീ മരിക്കാതിരിക്കേണ്ടതിന് യഹോവയുടെ നാമത്തിൽ പ്രവചിക്കരുത്,” എന്നു പറഞ്ഞുകൊണ്ടു നിന്റെ ജീവൻ അപഹരിക്കാൻ ശ്രമിക്കുന്ന അനാഥോത്തുജനതയെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— 22“ഞാൻ അവരെ ശിക്ഷിക്കും. അവരുടെ യുവാക്കൾ വാളിനാൽ വീഴും, അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമത്താൽ മരിക്കും. 23ഞാൻ അവരെ ശിക്ഷിക്കുന്ന വർഷത്തിൽ, അനാഥോത്തിലെ ജനങ്ങൾക്കു ഞാൻ വിനാശം വരുത്തുകയാൽ, അവരിൽ ആരുംതന്നെ ശേഷിക്കുകയില്ല,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യിരെമ്യാവ് 11: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.