യിരെമ്യാവ് 29

29
പ്രവാസിക്കുള്ള കത്ത്
1യിരെമ്യാപ്രവാചകൻ ജെറുശലേമിൽനിന്ന് പ്രവാസികളിൽ ശേഷിച്ചിട്ടുള്ള ഗോത്രത്തലവന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് ബാബേലിലേക്ക് പിടിച്ചുകൊണ്ടുപോയ സകലജനങ്ങൾക്കും കൊടുത്തയച്ച കത്തിലെ വാക്കുകൾ ഇപ്രകാരമായിരുന്നു. 2(യെഹോയാഖീൻരാജാവും#29:2 മൂ.ഭാ. യെഖൊന്യാവ്, യെഹോയാഖീം എന്നതിന്റെ മറ്റൊരുരൂപം. രാജമാതാവും രാജാവിന്റെ ആസ്ഥാന ഉദ്യോഗസ്ഥരും യെഹൂദ്യയിലെയും ജെറുശലേമിലെയും നേതാക്കന്മാരും വിദഗ്ദ്ധരായ ശില്പികളും ലോഹപ്പണിക്കാരും ജെറുശലേമിൽനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെട്ടശേഷമായിരുന്നു ഇതു സംഭവിച്ചത്.) 3യെഹൂദാരാജാവായ സിദെക്കീയാവ് ബാബേലിൽ നെബൂഖദ്നേസരിന്റെ അടുക്കലേക്ക് അയച്ച രണ്ടു ദൂതന്മാരായ ശാഫാന്റെ മകനായ എലെയാശയുടെയും ഹിൽക്കിയാവിന്റെ മകൻ ഗെമര്യാവിന്റെയും പക്കലാണ് ഈ കത്തു കൊടുത്തയച്ചത്. അതിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു:
4ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ജെറുശലേമിൽനിന്ന് ബാബേലിലേക്ക് അയച്ച എല്ലാ പ്രവാസികളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: 5“നിങ്ങൾ വീടുകൾ പണിത് അവയിൽ പാർക്കുക; തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുക. 6ഭാര്യമാരെ സ്വീകരിച്ച് പുത്രീപുത്രന്മാരെ ജനിപ്പിക്കുക. അവിടെ നിങ്ങൾ കുറഞ്ഞുപോകാതെ പെരുകേണ്ടതിനു നിങ്ങളുടെ പുത്രന്മാർക്കു ഭാര്യമാരെ എടുക്കുക. നിങ്ങളുടെ പുത്രിമാർക്കു ഭർത്താക്കന്മാരെ നൽകുവിൻ. അവരും പുത്രീപുത്രന്മാരെ ജനിപ്പിക്കട്ടെ. 7ഞാൻ നിങ്ങളെ പ്രവാസികളായി അയച്ച പട്ടണത്തിന്റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക; കാരണം, അതിന്റെ നന്മയിലൂടെ നിങ്ങൾക്കും നന്മയുണ്ടാകും.” 8ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും ദേവപ്രശ്നംവെക്കുന്നവരും നിങ്ങളെ ചതിക്കാൻ ഇടവരുത്തരുത്. അവർ കാണുന്ന സ്വപ്നങ്ങൾക്കു ചെവികൊടുക്കരുത്. 9അവർ എന്റെ നാമത്തിൽ നിങ്ങളോടു വ്യാജമായി പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
10യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിൽ എഴുപതുവർഷം തികഞ്ഞശേഷം ഞാൻ നിങ്ങളെ സന്ദർശിക്കും നിങ്ങളെ ഈ സ്ഥലത്തേക്കു തിരിച്ചുവരുത്തും എന്നുള്ള എന്റെ വാഗ്ദത്തം നിറവേറ്റും. 11കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12“അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. 13നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. 14നിങ്ങൾ എന്നെ കണ്ടെത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; നിങ്ങളെ എല്ലാ രാഷ്ട്രങ്ങളിൽനിന്നും ഞാൻ നിങ്ങളെ നാടുകടത്തിക്കളഞ്ഞ സകലസ്ഥലങ്ങളിൽനിന്നും ശേഖരിച്ച്, എവിടെനിന്നു ഞാൻ നിങ്ങളെ ബന്ദികളാക്കി കൊണ്ടുപോയോ, ആ സ്ഥലത്തേക്ക് തിരികെവരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.
15“യഹോവ ഞങ്ങൾക്കു ബാബേലിൽ പ്രവാചകന്മാരെ എഴുന്നേൽപ്പിച്ചിരിക്കുന്നു,” എന്നു നിങ്ങൾ പറയുന്നല്ലോ. 16എന്നാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ ശേഷിക്കുന്നവരും പ്രവാസത്തിലേക്കു പോകാത്ത നിങ്ങളുടെ സഹോദരീസഹോദരന്മാരുമായ സകലജനങ്ങളെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— 17അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെമേൽ വാളും ക്ഷാമവും മഹാമാരിയും അയയ്ക്കും; ഭക്ഷ്യയോഗ്യമല്ലാത്തവിധം ചീത്തയായ അത്തിപ്പഴംപോലെ ഞാൻ അവരെ ആക്കിത്തീർക്കും. 18വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ഞാനവരെ പിൻതുടർന്ന് ഭൂമിയിലെ സകലരാജ്യങ്ങൾക്കും അവരെ ഒരു ഭീതിവിഷയവും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലജനങ്ങളുടെയും ഇടയിൽ ഒരു ശാപവും ഭയഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും. 19ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ വീണ്ടും വീണ്ടും പറഞ്ഞയച്ച വചനങ്ങൾ കേൾക്കാതിരുന്നതിന്റെ ഫലമാണിത്,” എന്ന് യഹോവയുടെ അരുളപ്പാട്. “പ്രവാസത്തിലായിരിക്കുന്ന നിങ്ങളും എന്റെ വാക്കുകൾ കേട്ടില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
20അതിനാൽ ഞാൻ ജെറുശലേമിൽനിന്ന് ബാബേലിലേക്കയച്ചിട്ടുള്ള സകലപ്രവാസികളുമേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുക. 21എന്റെ നാമത്തിൽ നിങ്ങളോടു വ്യാജമായി പ്രവചിക്കുന്ന കോലായാവിന്റെ മകനായ ആഹാബിനെക്കുറിച്ചും മയസേയാവിന്റെ മകനായ സിദെക്കീയാവിനെക്കുറിച്ചും ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിൽ ഏൽപ്പിച്ചിട്ട് അദ്ദേഹം നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ അവരെ കൊന്നുകളയും. 22‘ബാബേൽരാജാവ് തീയിലിട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവിനെപ്പോലെയും ആഹാബിനെപ്പോലെയും നിന്നെ യഹോവ ആക്കട്ടെ,’ എന്ന് ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെപ്പറ്റി പറയാനിടയാകും. 23അവർ ഇസ്രായേലിൽ നീചകൃത്യം പ്രവർത്തിക്കുകയും തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരുമായി വ്യഭിചാരം ചെയ്യുകയും എന്റെ നാമത്തിൽ ഞാൻ അവരോടു കൽപ്പിച്ചിട്ടില്ലാത്ത വ്യാജം പ്രവചിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ അത് അറിയുന്നു; അതിനു സാക്ഷിയും ആകുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
ശെമയ്യാവിനുള്ള സന്ദേശം
24നെഹെലാമ്യനായ ശെമയ്യാവിനോട് നീ ഇപ്രകാരം പറയണം: 25“ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ജെറുശലേമിലുള്ള സകലജനങ്ങൾക്കും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനും മറ്റെല്ലാ പുരോഹിതന്മാർക്കും നിന്റെ പേരുവെച്ചു കത്തയച്ചല്ലോ. നീ സെഫന്യാവിന് എഴുതിയിരുന്നത് ഇപ്രകാരമായിരുന്നു: 26‘യെഹോയാദായ്ക്കുപകരം യഹോവയുടെ ആലയത്തിന്റെ ചുമതലയുള്ള പുരോഹിതനായി യഹോവ നിന്നെ നിയമിച്ചിരിക്കുന്നു; ഒരു പ്രവാചകനെപ്പോലെ അഭിനയിക്കുന്ന ഏതു ഭ്രാന്തനെയും പിടിച്ച് ആമത്തിലും കഴുത്തു-ചങ്ങലയിലും നീ ബന്ധിക്കണം. 27അതിനാൽ ഒരു പ്രവാചകനെന്നു നടിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവിനെ നീ എന്തുകൊണ്ടു ശാസിച്ചില്ല? 28പ്രവാസം ദീർഘിക്കുമെന്നും നിങ്ങൾ വീടുണ്ടാക്കി അതിൽ പാർക്കണമെന്നും തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കണമെന്നും അയാൾ ബാബേലിലേക്ക് ആളയച്ച് ഞങ്ങളോടു പറയിച്ചിരിക്കുന്നു.’ ”
29സെഫന്യാപുരോഹിതൻ ഈ കത്ത് യിരെമ്യാപ്രവാചകനെ വായിച്ചു കേൾപ്പിച്ചിരുന്നു. 30അതിനുശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: 31“നീ സകലപ്രവാസികളുടെയും അടുക്കൽ ആളയച്ച് ഈ സന്ദേശം അറിയിക്കുക: ‘യഹോവ നെഹെലാമ്യനായ ശെമയ്യാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശെമയ്യാവിനെ ഞാൻ അയച്ചിട്ടില്ല എങ്കിലും അയാൾ നിങ്ങളോടു പ്രവചിച്ച് നിങ്ങൾ ഒരു വ്യാജം വിശ്വസിക്കാൻ ഇടവരുത്തിയല്ലോ, 32അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നെഹെലാമ്യനായ ശെമയ്യാവിനെയും അവന്റെ സന്തതിയെയും നിശ്ചയമായും ശിക്ഷിക്കും. ഈ ജനത്തിന്റെ ഇടയിൽ പാർക്കാൻ അവന് ആരും ഉണ്ടാകുകയില്ല. ഞാൻ എന്റെ ജനത്തിനു ചെയ്യാൻപോകുന്ന നന്മ അവൻ കാണുകയുമില്ല; അവൻ യഹോവയെക്കുറിച്ച് ദ്രോഹം സംസാരിച്ചല്ലോ,’ എന്ന് യഹോവയുടെ അരുളപ്പാട്.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യിരെമ്യാവ് 29: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക