യിരെമ്യാവ് 35
35
രേഖാബ്യരുടെ വിശ്വസ്തത
1യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ വാഴ്ചക്കാലത്ത് യഹോവയിൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട്: 2“നീ രേഖാബ്യരുടെ ഭവനത്തിൽചെന്ന് അവരെ യഹോവയുടെ ആലയത്തിന്റെ വശത്തോടു ചേർന്നുള്ള ഒരു മുറിയിലേക്കു വരുന്നതിനു ക്ഷണിക്കുക, അതിനുശേഷം അവർക്കു വീഞ്ഞു കുടിക്കാൻ കൊടുക്കുക.”
3അങ്ങനെ ഞാൻ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകൻ യയസന്യാവിനെയും അദ്ദേഹത്തിന്റെ സഹോദരന്മാരെയും അദ്ദേഹത്തിന്റെ സകലപുത്രന്മാരെയും—രേഖാബ്യഗൃഹത്തെ മുഴുവനും കൂട്ടിക്കൊണ്ടുവരുന്നതിനു പോയി. 4ഞാൻ അവരെ യഹോവയുടെ ആലയത്തിൽ ദൈവപുരുഷനായ ഇഗ്ദല്യാവിന്റെ മകനായ ഹാനാന്റെ പുത്രന്മാരുടെ മുറിയിലേക്കു കൊണ്ടുവന്നു. വാതിൽക്കാവൽക്കാരനായ ശല്ലൂമിന്റെ മകൻ മയസേയാവിന്റെ മുറിക്കുമീതേ പ്രഭുക്കന്മാരുടെ മുറിയുടെ സമീപത്ത് ആയിരുന്നു ആ മുറി. 5പിന്നീട് ഞാൻ രേഖാബ്യഗൃഹത്തിലെ ആ പുരുഷന്മാരുടെമുമ്പിൽ വീഞ്ഞുനിറച്ച പാത്രങ്ങളും പാനപാത്രങ്ങളുംവെച്ച്, “അല്പം വീഞ്ഞു കുടിക്കുക” എന്ന് അവരോടു പറഞ്ഞു.
6എന്നാൽ അവർ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ വീഞ്ഞു കുടിക്കുകയില്ല; കാരണം രേഖാബിന്റെ മകനും ഞങ്ങളുടെ പൂർവപിതാവുമായ യോനാദാബ്:#35:6 യെഹോനാദാബ്, യോനാദാബ് എന്നതിന്റെ മറ്റൊരുരൂപം. ‘നിങ്ങളും നിങ്ങളുടെ പുത്രന്മാരും ഒരിക്കലും വീഞ്ഞു കുടിക്കരുത്’ എന്നു കൽപ്പിച്ചിട്ടുണ്ട്. 7‘മാത്രമല്ല, നിങ്ങൾ വീടുകൾ പണിയുകയോ വിത്തു വിതയ്ക്കുകയോ മുന്തിരിത്തോപ്പ് നട്ടുപിടിപ്പിക്കുകയോ ചെയ്യരുത്; ഇവയൊന്നും നിങ്ങൾക്ക് ഒരിക്കലും ഉണ്ടാകാൻ പാടില്ല, എന്നാൽ നിങ്ങൾ എപ്പോഴും കൂടാരങ്ങളിൽത്തന്നെ പാർക്കണം. അങ്ങനെയായാൽ നിങ്ങൾ ദേശാന്തരികളായി പാർക്കുന്ന ദേശത്ത് ദീർഘകാലം വസിക്കും, എന്നും അദ്ദേഹം കൽപ്പിച്ചു.’ 8അങ്ങനെ ഞങ്ങൾ രേഖാബിന്റെ പുത്രനും ഞങ്ങളുടെ പൂർവപിതാവുമായ യോനാദാബ് ഞങ്ങളോടു കൽപ്പിച്ചതെല്ലാം അനുസരിച്ചിരിക്കുന്നു. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഒരിക്കലും വീഞ്ഞു കുടിക്കാതെയും 9താമസിക്കാൻ വീടുകൾ നിർമിക്കാതെയും മുന്തിരിത്തോട്ടമോ വയലോ വിത്തോ ഇല്ലാതെയും ജീവിച്ചുപോരുന്നു. 10ഞങ്ങൾ കൂടാരങ്ങളിൽമാത്രം താമസിച്ചും ഞങ്ങളുടെ പൂർവപിതാവായ യോനാദാബ് ഞങ്ങളോടു കൽപ്പിച്ചതെല്ലാം പൂർണമായും അനുസരിച്ചും പോരുന്നു. 11എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസർ ഈ ദേശത്തെ ആക്രമിച്ചപ്പോൾ, ഞങ്ങൾ, ‘വരിക, ബാബേല്യരുടെയും#35:11 അഥവാ, കൽദയരുടെയും അരാമ്യരുടെയും സൈന്യത്തിന്റെ മുമ്പിൽനിന്ന് രക്ഷപ്പെടുന്നതിനു നമുക്കു ജെറുശലേമിലേക്കു പോകണം’ എന്നു പറഞ്ഞു. അതുകൊണ്ടാണ് ഞങ്ങൾ ജെറുശലേമിൽ താമസിക്കുന്നത്.”
12അപ്പോൾ യിരെമ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി: 13“ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ പോയി യെഹൂദാജനത്തോടും ജെറുശലേംനിവാസികളോടും ഇപ്രകാരം പറയുക, ‘നിങ്ങൾ ഒരു പാഠം പഠിച്ച് എന്റെ വാക്കുകൾ അനുസരിക്കുകയില്ലേ?’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. 14‘രേഖാബിന്റെ പുത്രനായ യോനാദാബ് തന്റെ മക്കളോടു വീഞ്ഞു കുടിക്കരുത്, എന്നു കൽപ്പിച്ചത് പാലിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവർ ഇന്നുവരെയും തങ്ങളുടെ പൂർവപിതാവിന്റെ കൽപ്പന അനുസരിച്ചു വീഞ്ഞു കുടിക്കാതെയിരിക്കുന്നു. എന്നാൽ ഞാൻ നിങ്ങളോട് വീണ്ടും വീണ്ടും സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല. 15“നിങ്ങൾ ഓരോരുത്തനും നിങ്ങളുടെ ദുർമാർഗം വിട്ടുതിരിഞ്ഞ്, നിങ്ങളുടെ പ്രവൃത്തികൾ പുനരുദ്ധരിക്കുക; അന്യദേവതകളെ സേവിക്കുന്നതിന് അവയുടെ പിന്നാലെ പോകരുത്; അങ്ങനെയെങ്കിൽ ഞാൻ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും നൽകിയ ദേശത്തു നിങ്ങൾ പാർക്കും,” എന്നിങ്ങനെ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെ വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കലേക്കയച്ചു പറയിച്ചിട്ടും നിങ്ങൾ ചെവിതരികയോ എന്റെ വാക്ക് അനുസരിക്കുകയോ ചെയ്തിട്ടില്ല. 16രേഖാബിന്റെ മകനായ യോനാദാബിന്റെ മക്കൾ സത്യമായും തങ്ങളുടെ പൂർവപിതാവ് തങ്ങളോടു കൽപ്പിച്ച വചനം അനുസരിച്ചിരിക്കുന്നു; എന്നാൽ ഈ ജനം എന്റെ വാക്കു കേട്ടനുസരിച്ചിട്ടില്ല.’
17“അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, ഞാൻ അവരോടു സംസാരിച്ചിട്ടും അവർ ശ്രദ്ധിക്കാതെയും ഞാൻ അവരെ വിളിച്ചിട്ടും അവർ ഉത്തരം പറയാതെയും ഇരിക്കുകയാൽ ഞാൻ യെഹൂദയുടെമേലും എല്ലാ ജെറുശലേംനിവാസികളുടെമേലും വരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള എല്ലാ അനർഥങ്ങളും അവരുടെമേൽ വരുത്തും.’ ”
18അതിനുശേഷം യിരെമ്യാവ് രേഖാബ്യഗൃഹത്തോട് ഇപ്രകാരം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ നിങ്ങളുടെ പൂർവപിതാവായ യോനാദാബിന്റെ കൽപ്പന അനുസരിച്ച് അവന്റെ എല്ലാ ആജ്ഞകളും പാലിക്കുകയും അവൻ നിങ്ങളോടു കൽപ്പിച്ചതെല്ലാം അനുഷ്ഠിക്കുകയും ചെയ്യുകനിമിത്തം 19രേഖാബിന്റെ മകനായ യോനാദാബിന് എന്റെമുമ്പാകെ നിൽക്കാൻ ഒരു പുരുഷൻ ഒരിക്കലും ഇല്ലാതെ വരികയില്ല,’ എന്ന് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യിരെമ്യാവ് 35: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.