വിലാപങ്ങൾ 5
5
1യഹോവേ, ഞങ്ങൾക്ക് എന്തു സംഭവിച്ചു എന്നു നോക്കണമേ;
നോക്കൂ, ഞങ്ങളുടെ നിന്ദ കാണണമേ.
2ഞങ്ങളുടെ ഓഹരി അപരിചിതർക്കും
ഞങ്ങളുടെ ഭവനങ്ങൾ വിദേശികൾക്കും ആയിപ്പോയി.
3ഞങ്ങൾ അനാഥരും പിതാവില്ലാത്തവരും ആയി,
ഞങ്ങളുടെ മാതാക്കൾ വിധവമാരെപ്പോലെ ആയി.
4ഞങ്ങൾക്കുള്ള വെള്ളം ഞങ്ങൾ വിലകൊടുത്തു വാങ്ങണം;
വിലകൊടുത്താൽമാത്രമേ ഞങ്ങൾക്കു വിറകു ലഭിക്കുകയുള്ളൂ;
5ഞങ്ങളെ പിൻതുടരുന്നവർ ഞങ്ങളുടെ കുതികാലുകളിൽ എത്തി;
ഞങ്ങൾ ക്ഷീണിച്ചു, വിശ്രമം കണ്ടെത്തുന്നതുമില്ല.
6മതിയാവോളം അപ്പം കിട്ടേണ്ടതിന്
ഞങ്ങൾ ഈജിപ്റ്റിനും അശ്ശൂരിനും കീഴടങ്ങി.
7ഞങ്ങളുടെ പിതാക്കന്മാർ പാപംചെയ്ത് കടന്നുപോയി
ഞങ്ങളോ അവർക്കുള്ള ശിക്ഷ അനുഭവിക്കുന്നു.
8അടിമകൾ ഞങ്ങളെ ഭരിക്കുന്നു
അവരുടെ കൈകളിൽനിന്ന് ഞങ്ങളെ വിടുവിക്കാൻ ആരുമില്ല.
9മരുഭൂമിയിലെ വാൾനിമിത്തം
ജീവൻ പണയംവെച്ച് ഞങ്ങൾ അപ്പം തേടുന്നു.
10വിശപ്പിന്റെ താപത്താൽ
ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ നീറുന്നു.
11സ്ത്രീകൾ സീയോനിലും
കന്യകമാർ യെഹൂദാപട്ടണങ്ങളിലും ബലാൽക്കാരംചെയ്യപ്പെട്ടു.
12പ്രഭുക്കന്മാർ അവരുടെ കരങ്ങളാൽ തൂക്കിലിടപ്പെട്ടു;
ഗോത്രത്തലവന്മാരോട് യാതൊരു ആദരവും കാട്ടിയതുമില്ല.
13യുവാക്കൾ തിരികല്ലിൽ പണിയുന്നു,
ബാലന്മാർ വിറകുകെട്ടെടുത്ത് ഇടറുന്നു
14ഗോത്രത്തലവന്മാർ നഗരകവാടത്തിൽനിന്ന് പൊയ്പ്പോയി,
യുവാക്കൾ അവരുടെ സംഗീതാലാപനം അവസാനിപ്പിച്ചു.
15ഞങ്ങളുടെ ഹൃദയത്തിൽനിന്ന് ആനന്ദം പോയിരിക്കുന്നു;
ഞങ്ങളുടെ നൃത്തം വിലാപമായി മാറി.
16ഞങ്ങളുടെ ശിരസ്സിൽനിന്ന് കിരീടം വീണിരിക്കുന്നു,
ഞങ്ങൾക്ക് അയ്യോ കഷ്ടം, കാരണം ഞങ്ങൾ പാപംചെയ്തിരിക്കുന്നു!
17അതിനാൽ ഞങ്ങളുടെ ഹൃദയം തളർന്നിരിക്കുന്നു
അതിനാൽ ഞങ്ങളുടെ കണ്ണുകൾ മങ്ങിപ്പോയി.
18പതുങ്ങി നടക്കുന്ന കുറുക്കന്മാരെക്കൊണ്ട്
സീയോൻപർവതം ശൂന്യമായി കിടക്കുന്നു.
19യഹോവേ, അവിടന്ന് ശാശ്വതമായി വാഴണമേ;
അങ്ങയുടെ സിംഹാസനം തലമുറതലമുറയായി നിലനിൽക്കുന്നു.
20എന്തുകൊണ്ട് അവിടന്ന് എപ്പോഴും ഞങ്ങളെ മറക്കുന്നു?
എന്തിന് ഞങ്ങളെ ഇത്രത്തോളം ഉപേക്ഷിക്കുന്നു?
21-22അങ്ങ് ഞങ്ങളെ നിശ്ശേഷം തള്ളിക്കളഞ്ഞിട്ടില്ലായെങ്കിൽ,
അളവില്ലാത്തവിധം ഞങ്ങളോട് കോപിച്ചിട്ടില്ലായെങ്കിൽ.
യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിനു ഞങ്ങളെ അവിടത്തേക്കായി പുനരുദ്ധരിക്കണമേ,
പണ്ടത്തെപ്പോലെ ഞങ്ങളുടെ നാളുകൾ പുതുക്കണമേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
വിലാപങ്ങൾ 5: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.