ലേവ്യ 5
5
1“ ‘സാക്ഷിമൊഴി നൽകാൻ പരസ്യപ്പെടുത്തിയ കൽപ്പന കേട്ടിട്ടും താൻ കണ്ടതോ അറിഞ്ഞതോ ആയ സംഗതി അറിയിക്കാതെ ആ വിധത്തിൽ പാപംചെയ്യുന്ന വ്യക്തി തന്റെ കുറ്റം വഹിക്കണം.
2“ ‘ആചാരപരമായി അശുദ്ധമായ#5:2 മൂ.ഭാ. ആചാരപരമായി എന്ന പ്രയോഗം കാണുന്നില്ല. ലേവ്യാപുസ്തകത്തിൽ അശുദ്ധി, ശാരീരികമായ ശുദ്ധിയോ അശുദ്ധിയോ അല്ല വിവക്ഷിക്കുന്നത്. പ്രത്യുത, യെഹൂദാമതപരമായ, അഥവാ, ആചാരപരമായ അശുദ്ധിയാണ് വ്യക്തമാക്കുന്നത്. എന്തെങ്കിലുമോ ശുദ്ധിയില്ലാത്ത കാട്ടുമൃഗം, ശുദ്ധിയില്ലാത്ത കന്നുകാലി, മണ്ണിൽ ഇഴയുന്ന ശുദ്ധിയില്ലാത്ത ഇഴജന്തു എന്നിവയിൽ ഏതിന്റെയെങ്കിലും ശവമോ ആരെങ്കിലും അറിയാതെ സ്പർശിക്കുകയും എന്നാൽ അത് ആ മനുഷ്യൻ തിരിച്ചറിയുകയും ചെയ്താൽ അയാൾ അശുദ്ധനും കുറ്റക്കാരനുമാണ്. 3അല്ലെങ്കിൽ ആരെങ്കിലും ഒരു മനുഷ്യനെ അറിയാതെ സ്പർശിക്കുകയും അങ്ങനെ ആ വ്യക്തി അശുദ്ധമായിത്തീരുകയും ചെയ്താൽ, ആ മനുഷ്യൻ അറിയാതിരുന്നാലും, പിന്നീട് അതിനെക്കുറിച്ച് അറിയുമ്പോൾ അയാൾ കുറ്റക്കാരനാകും. 4അല്ലെങ്കിൽ ഒരാൾ അവിവേകത്തോടെ നന്മയോ തിന്മയോ ആയ എന്തെങ്കിലും കാര്യം ചെയ്യാൻ ശപഥംചെയ്യുകയോ ഏതെങ്കിലും കാര്യത്തിൽ അശ്രദ്ധമായി ആണയിടുകയോ ചെയ്താൽ, ആ മനുഷ്യൻ അതിനെക്കുറിച്ച് അറിയാതിരുന്നാലും, പിന്നീട് അതിനെക്കുറിച്ച് തിരിച്ചറിയുമ്പോൾ അയാൾ കുറ്റക്കാരനാകും. 5ആരെങ്കിലും ഇവയിൽ ഏതിലെങ്കിലും കുറ്റക്കാരാകുന്നെങ്കിൽ, അവർ ഏതിലാണു പാപം ചെയ്തതെന്ന് ഏറ്റുപറയണം. 6താൻ ചെയ്ത പാപംനിമിത്തം യഹോവയ്ക്ക് പ്രായശ്ചിത്തമായി#5:6 മൂ.ഭാ. അകൃത്യയാഗമായി ആട്ടിൻപറ്റത്തിൽനിന്ന് ഒരു പെണ്ണാട്ടിൻകുട്ടിയെയോ പെൺകോലാടിനെയോ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. പുരോഹിതൻ അവരുടെ പാപത്തിന് അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം.
7“ ‘ആ മനുഷ്യന് ഒരു ആട്ടിൻകുട്ടിക്കു വകയില്ലെങ്കിൽ, തന്റെ പാപത്തിന്റെ ശിക്ഷയായി രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നു പാപശുദ്ധീകരണയാഗമായും മറ്റേതു ഹോമയാഗമായും യഹോവയ്ക്ക് അർപ്പിക്കണം. 8ആ വ്യക്തി അവയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ ആദ്യം ഒന്നിനെ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. അതിന്റെ തല കഴുത്തിൽനിന്ന് പൂർണമായി വേർപെട്ടുപോകാതെ പിരിച്ചുമുറിക്കണം. 9പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തം യാഗപീഠത്തിന്റെ വശത്തു തളിക്കണം. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ പിഴിഞ്ഞുകളയണം. ഇതു പാപശുദ്ധീകരണയാഗം. 10പിന്നീടു പുരോഹിതൻ മറ്റേതിനെ നിർദിഷ്ടരീതിയിൽ ഹോമയാഗമായി അർപ്പിക്കണം; ഇങ്ങനെ ആ മനുഷ്യന്റെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യണം; എന്നാൽ അത് അവനോടു ക്ഷമിക്കും.
11“ ‘എന്നാൽ, ആ മനുഷ്യനു രണ്ടു കുറുപ്രാവിനോ രണ്ടു പ്രാവിൻകുഞ്ഞിനോ വകയില്ലെങ്കിൽ, തന്റെ പാപത്തിനുവേണ്ടി വഴിപാടായി ഒരു ഓമെർ നേരിയമാവ്#5:11 ഏക. 1.6 കി.ഗ്രാം. പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. അത് ഒരു പാപശുദ്ധീകരണയാഗമായതുകൊണ്ട് അവൻ അതിൽ ഒലിവെണ്ണയോ കുന്തിരിക്കമോ ചേർക്കരുത്. 12അയാൾ അതിനെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അതിൽനിന്ന് ഒരുപിടി സ്മാരകഭാഗമായി എടുത്തു യാഗപീഠത്തിൽ യഹോവയ്ക്ക് അർപ്പിച്ച ദഹനയാഗമെന്നപോലെ ദഹിപ്പിക്കണം. ഇതു പാപശുദ്ധീകരണയാഗം. 13ആ മനുഷ്യൻ ചെയ്ത പാപത്തിനു പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം ചെയ്യണം; എന്നാൽ അവനോടു ക്ഷമിക്കും. ബാക്കിയുള്ളതു ഭോജനയാഗത്തിലെന്നപോലെ പുരോഹിതനുള്ളതായിരിക്കും.’ ”
അകൃത്യയാഗം
14യഹോവ മോശയോട് അരുളിച്ചെയ്തു: 15“ഒരാൾ യഹോവയുടെ വിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് മനഃപൂർവമല്ലാതെ പിഴവുപറ്റി പാപംചെയ്താൽ, ഊനമില്ലാത്തതും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിർദിഷ്ട ശേക്കേൽ വെള്ളി#5:15 ഏക. 12 ഗ്രാം. വിലയുള്ളതുമായ ഒരു ആണാടിനെ ആട്ടിൻപറ്റത്തിൽനിന്ന് പ്രായശ്ചിത്തമായി യഹോവയ്ക്ക് അർപ്പിക്കണം. ഇത് അകൃത്യയാഗം. 16ഇതിനോടൊപ്പം വിശുദ്ധകാര്യങ്ങളെക്കുറിച്ചു തനിക്കു പിഴവുപറ്റിയതും അതിന്റെ അഞ്ചിലൊന്നും നഷ്ടപരിഹാരമായി#5:16 നഷ്ടപരിഹാരം പണമായിട്ടാണോ സാധനമായിട്ടാണോ നൽകേണ്ടതെന്ന് എബ്രായഭാഷയിൽനിന്ന് വ്യക്തമല്ല. ആ മനുഷ്യൻ പുരോഹിതനെ ഏൽപ്പിക്കണം. പുരോഹിതൻ അകൃത്യയാഗത്തിന്റെ ആണാടിനെ അർപ്പിച്ച് അവനുവേണ്ടി പ്രായശ്ചിത്തംചെയ്യും; എന്നാൽ അത് അവനോടു ക്ഷമിക്കും.
17“ആരെങ്കിലും പാപംചെയ്തു യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും ലംഘിച്ചാൽ, ആ വ്യക്തിക്ക് അത് അറിഞ്ഞുകൂടെങ്കിലും അയാൾ കുറ്റക്കാരനാണ്; അതിന്റെ കുറ്റം അയാൾ വഹിക്കണം. 18ആ മനുഷ്യൻ ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്തതും ന്യായമായ വിലയുള്ളതുമായ ഒരു ആണാടിനെ അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. ഈ വിധം പുരോഹിതൻ, അയാൾ അറിയാതെ ചെയ്ത തെറ്റിന്, അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവനോടു ക്ഷമിക്കും. 19ഇത് അകൃത്യയാഗം; ആ മനുഷ്യൻ യഹോവയ്ക്കു വിരോധമായി തെറ്റുചെയ്ത കുറ്റക്കാരനായിരുന്നല്ലോ.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലേവ്യ 5: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
![None](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fml.png&w=128&q=75)
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.